

ബഹ്റൈനില്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കോടതി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മിഡില്‍ ഈസ്റ്റ് മേഖലയില്‍ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി സ്ഥാപിക്കുന്ന ആദ്യ രാജ്യമായി ബഹ്‌റൈന്‍ മാറും.
രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കുമിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന അന്താരാഷ്ട്ര നീതിന്യായ സ്ഥാപനമായ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്റെ കേന്ദ്രമാണ് ബഹറൈനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച കരാരില്‍ അധികൃതര്‍ ഉടന്‍ ഒപ്പുവക്കും. നിലവില്‍ മറ്റു രാജ്യങ്ങളില്‍ പ്രവൃത്തിക്കുന്ന കമ്പനി തര്‍ക്കങ്ങളും കേസുകളും പരിഹരിക്കാന്‍ കൂടുതല്‍ നടപടി ക്രമങ്ങളും സമയവും ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ ആര്‍ബിട്രേഷന്‍ കോടതി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത്തരം കേസുകള്‍ വളരെ വേഗം തീര്‍പ്പാക്കാനാകും.
ആര്‍ബിട്രേഷന്‍ കോടതി സ്ഥാപിക്കുന്നതിനായുള്ള പ്രാരംഭ നടപടിക്ക് ശൂറാ കൗണ്‍സിലിന്റെ വിദേശകാര്യ, പ്രതിരോധ സമിതി ഇതിനകം അംഗീകാരം നല്‍കിക്കഴിഞ്ഞു. ശൂറാ കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന്മേല്‍ വോട്ടെടുപ്പ് നടക്കും. കോടതിക്ക് ആവശ്യമായ സൗകര്യങ്ങളും നിയമപരിരക്ഷയും ഭരണപരമായ പിന്തുണയും ഭരണകൂടം ലഭ്യമാക്കും. കോടതിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനായി ആര്‍ബിട്രേറ്റര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക നിയമപരിരക്ഷ ഉറപ്പാക്കും.
കേസുകളില്‍ ഉള്‍പ്പെടുന്ന അഭിഭാഷകര്‍, സാക്ഷികള്‍ എന്നിവര്‍ക്കും ഈ സംരക്ഷണം ബാധകമായിരിക്കും. നീതി സംബന്ധമായ പിന്തുണയ്ക്കാണ് ഈ സംരക്ഷണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കോടതിയുമായി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് വിസ നടപടികളില്‍ പ്രത്യേക ഇളവുകളും ലഭ്യമാക്കും. എന്നാല്‍ കോടതിയുടെ തീരുമാനങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ ബഹ്‌റൈന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും തീര്‍ത്തും സ്വതന്ത്രമായിട്ടായിരിക്കും ഇത് പ്രവര്‍ത്തികയെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Bahrain has launched its International Arbitration Court, marking a significant step in handling international legal disputes. The court has started its initial proceedings, offering a platform for resolving global commercial and legal conflicts within the region