

ബഹ്റൈനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലിമെന്റ് ചര്‍ച്ച ചെയ്യും. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന ഔദ്യോഗിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് എ.പിമാര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്.
ബഹ്റൈനില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പ്രവാസികള്‍ ജോലി നേടുന്നത് തടയുന്നതിന്റെ ഭാഗമായാണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്നതടക്കമുളള നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട പ്രമേയം എംപിമാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പൊതു-സ്വകാര്യ മേഖലകളില്‍ ജോലിക്ക് പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് നിശ്ചിത യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസി തൊഴിലാളികളുടെ വര്‍ദ്ധിച്ച് വരുന്ന എണ്ണവും പ്രധാന തസ്തികകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയും പരിഗണിച്ച് പൊതുതാല്‍പര്യാര്‍ത്ഥം ഈ ഭേദഗതി അംഗീകരിക്കണമെന്നാണ് ആവശ്യം. കൃത്യമായ യോഗ്യതയുളള പ്രവാസികളെ മാത്രം നിയമിക്കുന്നതിലൂടെ സ്വദേശി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ഠിക്കാന്‍ കാരണമാകുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ജനറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്‌റൈനും ട്രേഡ് യൂണിയനുകളും ഈ നീക്കത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ സ്‌പെഷലിസ്റ്റ് തസ്തികകളില്‍ പ്രഫഷനല്‍ ലൈസന്‍സിങ് ബോഡികള്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ടെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതൊറിറ്റി വ്യക്തമാക്കി. മറ്റുജോലികളിലെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് തങ്ങളുടെ നിയമപരമായ പരിധിയില്‍ വരുന്നതല്ലെന്നാണ് അതോറിറ്റിയുടെ നിലപാട്.
നിലവിലുള്ള പരിശോധന സംവിധാനങ്ങള്‍ മതിയെന്നും പുതിയ മാറ്റം ബിസിനസ് നടപടികള്‍ സങ്കീര്‍ണമാക്കുമെന്നും ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും വ്യക്തമാക്കിയിരുന്നു. അതിനിടെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന ഔദ്യോഗിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് എംപിമാരുടെ ആവശ്യം. ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ജലാല്‍ കാസിമിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച നിര്‍ദേശം സര്‍വിസസ് കമ്മിറ്റി ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പാര്‍മെന്റില്‍ നടക്കുന്ന വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
Content Highlights: Bahrain To Discuss New Law On Verification Of Expatriate Workers' Certificates On Tuesday