വിദ്യാഭ്യാസ യോഗ്യത നേരത്തെ പരിശോധിക്കണം; പ്രവാസികളുടെ വിസ നടപടികളിൽ മാറ്റത്തിന് നിർദ്ദേശവുമായി ബഹ്റൈൻ

പുതിയ നീക്കത്തെ ട്രേഡ് യൂണിയനുകൾ സ്വാഗതം ചെയ്തു

വിദ്യാഭ്യാസ യോഗ്യത നേരത്തെ പരിശോധിക്കണം; പ്രവാസികളുടെ വിസ നടപടികളിൽ മാറ്റത്തിന് നിർദ്ദേശവുമായി ബഹ്റൈൻ
dot image

ബഹ്‌റൈനിൽ പ്രവാസികളുടെ വിസ നടപടികളിൽ മാറ്റം വേണമെന്ന ആവശ്യവുമായി പാർലമെൻ്റ് അംഗങ്ങൾ. ജോലി തേടിയെത്തുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് മുൻപ് തന്നെ കർശനമായി പരിശോധിക്കണമെന്ന് ആവശ്യം. ഈ നിർദ്ദേശം അടുത്ത ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും.

വ്യാജ രേഖകൾ തടയുന്നതിനും തൊഴിൽ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങളാണ് പാർലമെൻ്റ് അംഗങ്ങൾ മുന്നോട്ടുവച്ചിട്ടുള്ളത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്ന ഔദ്യോഗിക സ്ഥാപനങ്ങളും ഏകോപിച്ച് പ്രവർത്തിക്കണമെന്നാണ് ഇതിലെ പ്രധാന ആവശ്യം.

വിദേശ തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, തന്ത്രപ്രധാനമായ തസ്തികകളിൽ വ്യാജ സർട്ടിഫിക്കറ്റുകളുമായി ആരും എത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് എംപി ജലാൽ കാദിം വ്യക്തമാക്കി. എല്ലാ പ്രൊഫഷണൽ മേഖലകളിലും ഇത്തരം സൂക്ഷ്മമായ പരിശോധനകൾ വേണമെന്നാണ് സർവീസസ് കമ്മിറ്റിയുടെയും വിലയിരുത്തൽ.

പുതിയ നീക്കത്തെ ട്രേഡ് യൂണിയനുകൾ സ്വാഗതം ചെയ്തു. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്നത് വഴി തൊഴിലുടമകൾ വഞ്ചിക്കപ്പെടുന്നത് ഒഴിവാക്കാനും യോഗ്യരായ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാനും ഇത് സഹായിക്കുമെന്ന് യൂണിയനുകൾ അഭിപ്രായപ്പെട്ടു.

പ്രൊഫഷണൽ തസ്തികകളിൽ നിലവിൽ കൃത്യമായ പരിശോധന നടക്കുന്നുണ്ടെന്നും പുതിയ മാറ്റങ്ങൾ നിയമന നടപടികളിൽ അനാവശ്യ കാലതാമസം ഉണ്ടാക്കുമെന്നും ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ചൂണ്ടിക്കാട്ടി. എങ്കിലും പൊതുതാൽപ്പര്യം മുൻനിർത്തി ഈ നിയമഭേദഗതിയുമായി മുന്നോട്ട് പോകാനാണ് സർവീസ് കമ്മിറ്റിയുടെ തീരുമാനം.

Content Highlights: Bahrain Parliament demand changes to visa procedures for expatriates

dot image
To advertise here,contact us
dot image