

രൺവീർ സിംഗ് ചിത്രം ധുരന്ദറിനെ വിമർശിച്ച് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി. വളരെ മികച്ച രീതിയില്‍ ചിത്രീകരിച്ച ഒരു പ്രൊപ്പഗാണ്ട സിനിമയാണ് ധുരന്ദർ എന്നും ഒരു സിനിമ എത്ര നന്നായി നിർമ്മിച്ചാലും അത് എപ്പോഴും ‘പ്രൊപ്പഗാണ്ട’ മാത്രമാണെന്നും ധ്രുവ് തന്റെ വീഡിയോയിലൂടെ പറഞ്ഞു. ദി താജ് സ്റ്റോറി, ദി ബംഗാൾ ഫയല്‍സ് പോലുള്ള സിനിമകളേക്കാൾ അപകടകരമായ സിനിമയാണ് ധുരന്ദർ എന്ന് ധ്രുവ് വീഡിയോയിൽ കൂട്ടിച്ചേർത്തു.
'നന്നായി നിർമിച്ച ഒരു പ്രൊപ്പഗാണ്ട സിനിമ വളരെ അപകടകരമാണ്. ദി താജ് സ്റ്റോറി, ദി ബംഗാൾ ഫയല്‍സ് പോലുള്ള സിനിമകൾ മോശം സിനിമകളായതിനാൽ അപകടകരമായിരുന്നില്ല, പക്ഷേ ധുരന്ദർ വളരെ നന്നായി ചിത്രീകരിച്ച സിനിമയാണ്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ധുരന്ദർ നിർമിച്ചത് എന്ന് ആവർത്തിച്ച് കാണിക്കുന്നത് എന്നതാണ് പ്രശ്നം'.
കൊലയും കൊള്ളയും നടത്തുന്ന, ലഹരിമരുന്ന് ഉപയോഗിക്കുന്ന അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന റഹ്മാൻ ദകൈത് എന്ന കുറ്റവാളിയെ സിനിമ ആഘോഷിക്കുന്നുവെന്ന് ധ്രുവ് പറയുന്നു. ‘അമ്മയെ പോലും കൊന്ന അയാള്‍ക്ക് സ്റ്റൈലിഷ് ലുക്കുകൾ, വൈറൽ നൃത്തച്ചുവടുകൾ. അക്രമികളെ ഈ രീതിയിൽ സ്റ്റൈലൈസ് ചെയ്യുന്നത് ഉചിതമാണോ?’ ധ്രുവ് ചോദിച്ചു. ധുരന്ദറിലെ കഥപറച്ചിലിനെ അംഗീകരിച്ചെങ്കിലും അതിന്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച നടൻ ഹൃത്വിക് റോഷന്റെ അഭിപ്രായങ്ങളെയും ധ്രുവ് വിമര്‍ശിക്കുന്നുണ്ട്.
‘സിനിമയുടെ രാഷ്ട്രീയത്തോട് താൻ യോജിക്കുന്നില്ലെങ്കിലും കഥപറച്ചിൽ വളരെ മികച്ചതായിരുന്നുവെന്ന് ഹൃത്വിക് റോഷൻ പറഞ്ഞു. അദ്ദേഹം ഉദ്ദേശിക്കുന്നത് പ്രൊപ്പഗാണ്ടയാണെങ്കില്‍ പോലും സിനിമ നന്നായി നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നാണ്. പക്ഷേ, ഒരു സിനിമ എത്ര നന്നായി നിർമ്മിച്ചാലും അത് എപ്പോഴും ‘പ്രൊപ്പഗാണ്ട’ മാത്രമാണെന്ന് ഞാന്‍ പറയും’ ധ്രുവ് റാഠിയുടെ വാക്കുകൾ.

ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 500 കോടി പിന്നിട്ടുകഴിഞ്ഞു. റിലീസായ ആദ്യ ദിനങ്ങളിൽ തണുപ്പൻ സ്വീകാര്യത ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ ഇന്ന് കഥയാകെ മാറിമറിയുകയാണ്. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാർച്ചിൽ റിലീസ് ചെയ്യും.
Content Highlights: Dhurandhar is more dangerous than The Taj Story, Bengal Files says Dhruv Rathee