

ഗായിക അഭയ ഹിരൺമയി മലയാളികൾക്ക് സുപരിചിതയാണ്. സിനിമാ പിന്നണി ഗാനരംഗത്ത് മാത്രമല്ല സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തയാണ് അഭയ. എന്നാൽ അടുത്തിടെ ഒരു സ്റ്റേജ് ഷോയിലെ അഭയയയുടെ പെർഫോമൻസിന് നേരെ വലിയ ട്രോളുകൾ ഉയർന്നിരുന്നു.
സ്‌റ്റേജ് ഷോയ്ക്കിടെ ഡാൻസ് ചെയ്ത രീതിയെ വിമർശിച്ചും അധിക്ഷേപിച്ചുമായിരുന്നു അധികം കമന്റുകളും. ഇത് തന്നെ ഏറെ അസ്വസ്ഥതപ്പെടുത്തിയെന്ന് പ്രതികരിച്ചിരിക്കുകയാണ് അഭയ. മറ്റെല്ലാം മറന്ന്, മുൻപിലിരിക്കുന്ന കാണികളെ എന്റർടെയ്ൻ ചെയ്യിക്കാനായി താൻ ഡാൻസ് ചെയ്തതിനെ അധിക്ഷേപിക്കുന്ന കമന്റുകളായിരുന്നു പരിപാടിയുടെ വീഡിയോക്ക് താഴെ വന്നതെന്ന് അഭയ പറഞ്ഞു. ഒരു പരിപാടിയിൽ വെച്ച് സംസാരിക്കുകയായിരുന്നു അവർ.
'ഞാൻ ഈ അടുത്ത് ചെയ്ത ഒരു ഷോയിൽ പാട്ടിനൊപ്പം ഡാൻസ് ചെയ്തിരുന്നു. അതിന്റെ വീഡിയോ പുറത്തു വന്നപ്പോൾ വളരെ മോശം കമന്റുകളായിരുന്നു വന്നത്. കോട്ടയം ലുലുവിൽ വെച്ചായിരുന്നു ആ ഷോ. ഞാൻ ഒരു പച്ച ഡ്രസ്സായിരുന്നു ഇട്ടത്. അന്ന് ആ സ്റ്റേജിൽ ഞാൻ എല്ലാം മറന്ന് നൃത്തം ചെയ്യുകയായിരുന്നു.

ഞാനൊരു ആർട്ടിസ്റ്റാണ്. എപ്പോഴും എന്റെ വർക്കിനെ കുറിച്ച് ഞാൻ ചിന്തിക്കും. ഇപ്പോൾ നിങ്ങളോട് സംസാരിക്കുമ്പോൾ പോലും ഞാൻ പാട്ടുകളെയും എന്റെ മ്യൂസിക്കിനെയും കുറിച്ച് ചിന്തിക്കുന്നുണ്ട്.
പക്ഷെ സ്റ്റേജിൽ കയറുമ്പോൾ മാത്രമാണ് ഞാൻ എന്റെ മറ്റെല്ലാ വർക്കിനെ കുറിച്ചും മറക്കുന്നത്.
എന്റെ മുൻപിലിരിക്കുന്ന ജനങ്ങൾക്ക് എന്റർടെയ്ൻ ചെയ്യുക എന്നതാണ് അവിടെ എന്റെ കടമ. അതിന് ഞാൻ സ്വയം ആ നിമിഷത്തിൽ ആസ്വദിച്ചാലേ എനിക്ക് കാണികളെയും എന്റർടെയ്ൻ ചെയ്യിക്കാൻ കഴിയൂ. അവിടെ വെച്ച് ഞാൻ എന്റെ രീതിയ്ക്ക് ഡാൻസ് ചെയ്തു, പാട്ട് പാടി. ഞാൻ അങ്ങനെ സ്‌റ്റേജിൽ ഡാൻസ് ചെയ്തതിനെ കുറിച്ച് വളരെ മോശം കമന്റുകളാണ് വീഡിയോകളിൽ വന്നത്. വിചിത്രമായ കമന്റുകളെന്ന് പറയാം. അത്രയും മോശമായിരുന്നു അത്,' അഭയ ഹിരൺമയി പറഞ്ഞു.

അഭയയെ പിന്തുണച്ചും ഇപ്പോൾ നിരവധി പേർ എത്തുന്നുണ്ട്. സ്റ്റേജിൽ ആടിപ്പാടുന്നതിനെ കുറിച്ച് മോശമായ കമന്റുകൾ വരുമ്പോൾ അത് കലാകാരെ ബാധിക്കുമെന്നും അവരുടെ ആത്മവിശ്വാസത്തെ തകർക്കുമെന്നും സോഷ്യൽ മീഡിയയിൽ ചിലർ കുറിച്ചു. വിമർശനങ്ങൾ ആവശ്യമാണെന്നും, എന്നാൽ അധിക്ഷേപിക്കുകയും ക്രൂരമായി കളിയാക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നതിനെ ഒരിക്കലും പിന്തുണക്കാനാകില്ലെന്നും ഇവർ പറഞ്ഞു.
Content Highlights: Singer Abhaya Hiranmayi about recent stage show dancing video and troll comments