
ബഹ്റൈനില്‍ തപാല്‍ സേവനങ്ങള്‍ ഇനി മുതല്‍ മൈഗവ് ആപ്ലിക്കേഷന്‍ വഴി മാത്രമാകും ലഭ്യമാകുക. സര്‍ക്കാര്‍ ഇ-സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഡിജിറ്റല്‍ പ്രക്രിയയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഈ മാറ്റം സഹായിക്കുമെന്ന് ഗതാഗത-ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വ്യക്തമാക്കി.
ഈ മാസം 28 മുതലാണ് ബഹ്‌റൈന്‍ പോസ്റ്റിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൂര്‍ണമായും മൈഗവ് ആപ്ലിക്കേഷനിലേക്ക് മാറ്റുന്നത്. തപാലുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും മൈഗവ് ആപ്ലിക്കേഷനിലൂടെ നടത്തണമെന്ന് ഗതാഗത-ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എല്ലാവര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ഗതാഗത-ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം പുതിയ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിക്കാൻ ഇത് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ തന്നെ എല്ലാ സേവനങ്ങളും ലഭ്യമാക്കാനാകും.
പോസ്റ്റ് ഓഫീസ് പുതുക്കല്‍, ബഹ്റൈനിലും പുറത്തേക്കുമുള്ള കത്തുകളുടെയും പാഴ്‌സലുകളുടെയും ട്രാക്കിംഗ്, ഷിപ്പിങ് സംബന്ധമായ വിവരങ്ങള്‍, പി.ഒ ബോക്‌സുകളും പോസ്റ്റ് ഓഫിസുകളും തിരിച്ചറിയല്‍, തപാല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ എന്നിവയെല്ലാം ആപ്പില്‍ ലഭ്യമാക്കും. ആപ്ലിക്കേഷനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ സേവനവും ഗതാഗത-ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 'തവാസുല്‍' ആപ് വഴിയും വിവരങ്ങള്‍ ലഭ്യമാക്കും.
Content Highlights: Bahrain post e-services to be integrated into MyGov app