
ഒടുവില് നാം വിജയം കണ്ടിരിക്കുന്നു. ദിവസങ്ങളോളം തുരങ്കത്തില്പ്പെട്ട 41 ജീവനുകളെ സുരക്ഷിതമായി പുറത്തെത്തിച്ചിരിക്കുന്നു. രാജ്യം കണ്ടതില് വെച്ച് ഏറ്റവും സാഹസികവും ദുഷ്കരവുമായ രക്ഷാദൗത്യത്തിനാണ് ഉത്തരകാശിയില് നാം സാക്ഷ്യം വഹിച്ചത്. ജീവിതത്തിലേക്കുള്ള വെളിച്ചം കാത്ത് 41 തൊഴിലാളികളാണ് ഒരു തുരങ്കത്തിനടിയില് കുടുങ്ങി 17 ദിവസത്തോളം, പ്രതീക്ഷയോടെ, ക്ഷമാപൂര്വ്വം കാത്തിരുന്നത്.
ഒരു പക്ഷേ ലോകത്ത് തന്നെ അപൂര്വ്വങ്ങളില് അപൂര്വമായൊരു സംഭവമാകാം ഇത്രയും ദിവസങ്ങള് നീണ്ടുനിന്ന ഒരു രക്ഷാ ദൗത്യം. ഉത്തരകാശിയിലെ സില്ക്യാരി തുരങ്കത്തിലാണ് നിര്മാണത്തിലിരിക്കവേ ഈ നിര്ഭാഗ്യകരമായ സംഭവം ഉണ്ടായത്. കേന്ദ്ര സര്ക്കാരിന്റെ അഭിമാന പദ്ധതിയായ ചാര്ധാം പ്രൊജക്ടിന്റെ ഭാഗമായാണ് 4.5 കിലോമീറ്റര് നീളം വരുന്ന തുരങ്ക നിര്മാണം നടന്നിരുന്നത്.
ഇക്കഴിഞ്ഞ നവംബര് 12ന് പുലര്ച്ചെ മണ്ണിടിച്ചിലിനെ തുടര്ന്ന് 41 തൊഴിലാളികള് തുരങ്കത്തിനുള്ളില് കുടുങ്ങി. അന്ന് തുടങ്ങിയ രാപ്പകല് നീണ്ടു നിന്ന രക്ഷാ പ്രവര്ത്തനം. ദേശീയ ദുരന്ത നിവാരണ സേനയിലേയും ദേശീയ പാത വികസന കോര്പ്പറേഷനിലേയും 200 ഓളം വിദഗ്ധരാണ് രക്ഷാ പ്രവര്ത്തനത്തിനായി എത്തിയത്. എഡിആർഎഫ്, എസ്ഡിആർ എഫ്, ബിആർഒ, ഐടിബിപി എന്നിവരുൾപ്പെടെ അനേകം ഏജന്സികളാണ് രക്ഷാപ്രവര്ത്തനത്തില് പങ്കാളികളായത്. കൂടാതെ അന്താരാഷ്ട്ര ടണലിംഗ് വിദഗ്ധ സംഘവും പ്രതിരോധ ഗവേഷണ സ്ഥാപനവുമായ ഡിആർഡിഒയുടെ റോബോട്ടിക് സംഘവും വിദേശങ്ങളില് നിന്നുള്ള വിദഗ്ധ സംഘങ്ങളുമെല്ലാം ഈ ദൗത്യത്തിന്റെ ഭാഗമായിരുന്നു.
തുരങ്കത്തിനുള്ളിൽ അകപ്പെട്ട പ്രിയപ്പെട്ടവരെയോര്ത്ത് ദിവസങ്ങളോളം പുറത്തു കഴിഞ്ഞവർക്കും ആശ്വാസം. ദുഷ്കരവും കഠിനകരവുമായ ഈ രക്ഷാ ദൗത്യത്തിന് കടമ്പകള് ഏറെയായിരുന്നു. ഐതിഹാസികമായ ഈ രക്ഷാ പ്രവര്ത്തനകത്തിന്റെ നാള്വഴികള് എന്താണെന്ന് നോക്കാം.
ദുരന്തം ഉണ്ടായത് നവംബര് 11 പുലര്ച്ചെ 5.30 ഓടെ
ഉത്തരകാശിയിലെ സില്ക്യാരിയെ ദന്ദല്ഗാവുമായി ബന്ധിപ്പിക്കുന്ന 4.5 കിലോമീറ്റര് ദൂരമുള്ള തുരങ്കത്തിന്റെ കവാടമാണ് ശക്തമായ മണ്ണിടിച്ചിലില് തകര്ന്നത്. ഇതോടെ തൊഴിലാളികള് മണ്ണിനടിയില് തുരങ്കത്തിനകത്ത് അകപ്പെട്ടു. വാര്ത്ത പുറത്തറിഞ്ഞതിന് പിന്നാലെ ദുരന്ത നിവാരണ സേനയും പൊലീസും സ്ഥലത്തെത്തി. തൊഴിലാളികള്ക്ക് ഭക്ഷണവും മരുന്നും ഓക്സിജനും എത്തിക്കാനുള്ള ശ്രമം വിജയിച്ചു. തുരങ്ക നിര്മ്മാണത്തിലിരിക്കുമ്പോള് തന്നെ സജ്ജമാക്കിയ ചെറു പൈപ്പിലൂടെയാണ് ഇവര്ക്ക് ഭക്ഷണവും വെള്ളവും വായുവും എത്തിച്ചത്.
വോക്കി ടോക്കി ഉപയോഗിച്ച് തൊഴിലാളികളുമായി ബന്ധപ്പെട്ടു
എൻഡോസ്കോപി ക്യാമറയിലൂടെയാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്ത് വരികയും എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തത്. ഒരു മലയാളിയും ഈ രക്ഷാ ദൗത്യത്തിന്റെ ഭാഗമായി. തകര്ന്ന ഭാഗത്തെ മണ്ണ് നീക്കാനുളള പ്രവര്ത്തനങ്ങള്ക്ക് ദുരന്ത നിവാരണ സേന തുടക്കം കുറിച്ചു. എസ്കവേറ്റര് ഉപയോഗിച്ച് മണ്ണ് മാറ്റാനുള്ള ആദ്യ ശ്രമങ്ങള് പരാജയപ്പെട്ടപ്പോൾ പിന്നാലെ ഡ്രില്ലിംഗ് നടത്താനുള്ള തീരുമാനത്തിലേക്കെത്തി. വേണ്ടത്ര ശക്തി ഇല്ലാത്തതിനാല് അമേരിക്കന് നിര്മ്മിത ഓഗര് മെഷീന് പരീക്ഷിച്ചു.
ഡ്രില്ലിങിലൂടെ അവശിഷ്ടങ്ങള് തുരന്ന് സ്റ്റീല് പൈപ്പിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനായിരുന്നു ശ്രമം. തുടര്ന്ന് 60 മീറ്റര് നീളവും 900 മില്ലി മീറ്റര് വ്യാസവുമുള്ള സ്റ്റീല് പൈപ്പുകള് തയ്യാറാക്കാനുള്ള ശ്രമത്തിലായി. ഇതിനായി ആറ് മീറ്റര് നീളം വരുന്ന പത്തോളം പൈപ്പുകള് വെല്ഡ് ചെയ്ത് തയ്യാറാക്കി.
എന്നാല്, ഡ്രില്ലിംഗിനിടെ വീണ്ടും മണ്ണിടിച്ചിലുകള് സംഭവിച്ചത്, പ്രതിസന്ധികള് സൃഷ്ടിച്ചു. ലോഹ പാളികള്ക്കിടയില് തട്ടി, ഡ്രില്ലിങ് മെഷീനിന് സംഭവിച്ച കേടുപാടുകളും ദൗത്യം തടസ്സപ്പെടുന്നതിന് കാരണമായി. രക്ഷാ പ്രവര്ത്തനം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴും ലോഹപാളികള് തടസ്സമായി തന്നെ നിന്നു. ഗ്യാസ് കട്ടര് ഉപയോഗിച്ച് ലോഹപാളി നീക്കാനുള്ള ശ്രമങ്ങള്, മണിക്കൂറുകള്ക്ക് ശേഷം വിജയം കണ്ടു. ഇതിനിടയില് മലമുകളിലൂടെ 120 മീറ്റര് കുഴിച്ച് തൊഴിലാളികളിലേക്ക് എത്താനുളള പദ്ധതിയും ആരംഭിച്ചു കഴിഞ്ഞിരുന്നു. എന്നാല് മണ്ണിടിയാനുള്ള കൂടുതല് സാധ്യത കണക്കിലെടുത്ത് ദൗത്യസംഘം പിന്വാങ്ങി.
വീണ്ടും ഡ്രില്ലിങ് മെഷീന് ഉപയോഗിച്ച് അവശിഷ്ടങ്ങള് മാറ്റാനുള്ള ശ്രമം തുടര്ന്നു. അവസാന ഘട്ടത്തിലാണ് ഓഗർ മെഷീൻ പരാജയപ്പെട്ടത്. ഇതോടെ ബദൽ മാർഗങ്ങൾ ആലോചിച്ചു. അങ്ങനെയാണ് 'റാറ്റ് മൈനിങ്' എന്നതിലേക്ക് കടന്നത്. രണ്ട് ദിവസം കൊണ്ടുതന്നെ വേഗത്തിൽ റാറ്റ് മൈനിങ് പൂർത്തീകരിക്കാനും കഴിഞ്ഞു. ഓരോ ദിവസവും ഓരോ വെല്ലുവിളികളെ മറികടന്ന് 17 ദിവസം ഇരുട്ടിൽ കഴിഞ്ഞവർ വെളിച്ചത്തിലേക്ക് ചുവടുവെച്ചു.
'ഓപ്പറേഷന് സുരംഗ്' എന്ന് പേരിട്ട രക്ഷാ ദൗത്യം ഇന്ന് രാജ്യത്തിന്റെ ചരിത്രത്തില് തന്നെ ഇടം നേടുകയാണ്. തൊഴിലാളികള് പുറത്തെത്തുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ മെഡിക്കല് സംഘവും ആംബുലന്സും ഹെലികോപറ്ററുമെല്ലാം പുറത്ത് സജ്ജമായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ അതിസങ്കീര്ണമായ ദിവസങ്ങളെ ആത്മധൈര്യത്തോടെയും ക്ഷമയോടെയും നേരിട്ട തൊഴിലാളികളുടെ കരുത്ത് ചെറുതല്ല.
തുരങ്കത്തിന് പുറത്ത് തങ്ങളോട് ബന്ധപ്പെട്ടിരുന്ന ഉറ്റവരോടും ആരോഗ്യ വിദഗ്ധരോടും അവർ പറഞ്ഞതിങ്ങനെ, ''ധൈര്യമായിരിക്കുക, സമയം എത്ര വേണമെങ്കിലും എടുത്തോളൂ, ഞങ്ങളിവിടെ സുരക്ഷിതരാണ്.'' ആ വാക്കുകള് നല്കിയ ആത്മവിശ്വാസവും ദൗത്യസംഘത്തിന് ഊർജ്ജം നൽകിയിട്ടുണ്ട്. രാജ്യത്തിനിത് അഭിമാന നിമിഷമാണ്. കഠിനാധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും പ്രതീക്ഷയുടെയും അഭിമാന നിമിഷം...