
വര്ണാഭമായ പരസ്യങ്ങള് കൊണ്ട് അലങ്കരിച്ച ബുച്ചര് സ്ട്രീറ്റിലെ ബ്യൂട്ടി പാര്ലറുകള് ഇന്ന് അടഞ്ഞു കിടക്കുകയാണ്. അഫ്ഗാനിലെ സ്ത്രീകള് സുന്ദരികളായി സന്തോഷം കണ്ടെത്തിയിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. 23 കാരിയായ സര്മിന വേദനയോടെ പറഞ്ഞു തുടങ്ങി.
ഒരു ബ്യൂട്ടി സലൂണില് ഇരുന്ന് മുടിക്ക് തവിട്ട് ചായം പൂശുമ്പോഴാണ് അഫ്ഗാനിലെ എല്ലാ ബ്യൂട്ടി പാര്ലറുകളും അടച്ചുപൂട്ടണമെന്ന വാര്ത്ത വരുന്നത്. ആ വാര്ത്ത കേട്ട് കട ഉടമ ഞെട്ടി. അവര് കരയാന് തുടങ്ങി. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു രണ്ട് കുട്ടികളുടെ അമ്മയായ ബ്യൂട്ടി പാര്ലര് ഉടമ. എന്റെ പുരികം ഭംഗിയാക്കുമ്പോള് വിഷമം കാരണം കണ്ണാടിയിലേക്ക് നോക്കാന് പോലും എനിക്ക് കഴിഞ്ഞില്ല. അവിടെയുള്ള എല്ലാവരും കരയുകയായിരുന്നു, സര്മിനയുടെ വാക്കുകള്.
അഫ്ഗാനിലെ ബ്യൂട്ടി പാര്ലറുകള് അടച്ചുപൂട്ടിയത് വഴി ഏകദേശം 60,000 തൊഴിലവസരങ്ങള് നഷ്ടപ്പെടും. 2021 ല് താലിബാന് അധികാരം തിരിച്ചുപിടിച്ചതിന് ശേഷം അഫ്ഗാനിലെ സ്ത്രീകള് പൂര്ണ്ണമായും വിലക്കപ്പെട്ടവരായി മാറി. ക്ലാസ് മുറികളിലും ജിമ്മുകളിലും പാര്ക്കുകളിലും പ്രവേശിക്കുന്നതില് നിന്ന് സ്ത്രീകളെ വിലക്കിയതിന് പിന്നാലെയാണ് താലിബാന് രാജ്യത്തെ ബ്യൂട്ടിപാര്ലറുകള്ക്ക് മേലും ചങ്ങലയിട്ടത്.
ബ്യൂട്ടി പാര്ലറുകള് രാജ്യത്തെ നിരവധി കുടുംബങ്ങളുടെ ഏക വരുമാന സ്രോതസ്സായിരുന്നു, നിരവധി സ്ത്രീകള്ക്ക് വീട്ടില് നിന്ന് മാറി നില്ക്കാനുള്ള ചുരുക്കം ചില അവസരങ്ങളുമായിരുന്നു.
താലിബാന്റെ യാഥാസ്ഥിതിക കോട്ടയായ തെക്കന് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലാണ് സര്മിന താമസിക്കുന്നത്. പതിനാറാം വയസ്സിലാണ് സര്മിന വിവാഹിതയായത്. ബ്യൂട്ടി പാര്ലറില് ചെലവഴിക്കുന്ന സമയമായിരുന്നു സര്മിനയുടെ ജീവിതത്തിലെ ഏറെ സന്തോഷമുള്ള നിമിഷങ്ങള്. വര്ഷത്തില് രണ്ടോ മൂന്നോ തവണ മാത്രമാണ് ബ്യൂട്ടി പാര്ലറില് പോവാന് സർമിനക്ക് അനുവാദമുണ്ടായിരുന്നത്.
പുരുഷന്മാര് തങ്ങളുടെ ഭാര്യമാരെയും പെണ്മക്കളെയും മേക്കപ്പ് ചെയ്യുന്നതില് നിന്നും ബ്യൂട്ടിപാര്ലറില് പോകുന്നതില് നിന്നും വിലക്കുന്നത് ഇവിടെ സാധാരണ കാഴ്ചയാണെന്ന് സർമിന പറയുന്നു. അയല്വാസിയായ സ്ത്രീയോടൊപ്പം സലൂണില് പോയിരുന്ന ഏറെ സന്തോഷം നിറഞ്ഞ സമയങ്ങളെക്കുറിച്ച് പറഞ്ഞ് തീര്ക്കുമ്പോള് സർമിന കരയുകയായിരുന്നു.
ഒരു കാലത്ത് അഫ്ഗാനിലെ സ്ത്രീകള് തൊഴിലിനെക്കുറിച്ചും വരുമാനത്തെക്കുറിച്ചും സംസാരിച്ചിരുന്നു. എന്നാല് താലിബാന് അധികാരം തിരിച്ചുപിടിച്ചതിനുശേഷം സാമ്പത്തിക പ്രതിസന്ധി സ്ത്രീകളുടെ ജീവിതത്തിലേക്ക് നേരിട്ട് കടന്നെത്തി. ഇപ്പോള് രാജ്യത്തെ സ്ത്രീകള് സംസാരിക്കുന്നത് തൊഴിലില്ലായ്മയെക്കുറിച്ചും ദാരിദ്രത്തെക്കുറിച്ചും മാത്രമാണ്, സർമിനയുടെ സുഹൃത്ത് പറഞ്ഞു.
കാബൂളില് നിന്നുള്ള 22 വയസ്സുകാരിയായ മദീന പുതിയ ട്രെന്റുകള്ക്കൊപ്പം പായുന്ന സ്ത്രീയായിരുന്നു. നിറം പൂശിയ മുടി തട്ടത്തിനുള്ളിലാക്കി മദീന സംസാരിച്ചതെല്ലാം പുതിയ കാലത്തെ പുത്തന് ട്രെന്റുകളെക്കുറിച്ചാണ്.
മുടിയില് ഞാന് പല നിറങ്ങള് പൂശുന്നത് എന്റെ ഭര്ത്താവിന് ഇഷ്ടമാണ്. ബ്യൂട്ടി പാര്ലറില് പോവുമ്പോള് അദ്ദേഹം ക്ഷമയോടെ കാത്തുനില്ക്കും. വക്കീലാവാനായിരുന്നു എനിക്കിഷ്ടം. പക്ഷേ യൂണിവേഴ്സിറ്റികളില് പോലും പോവാന് ഇനി ഞങ്ങള്ക്ക് കഴിയില്ലല്ലോ, മദീന പറയുന്നു. ചെറുപ്പത്തില് അമ്മക്കൊപ്പം ബ്യൂട്ടി പാര്ലറില് പോയി തുടങ്ങിയതാണ് മദീന. പല സ്ത്രീകളും സ്വന്തം ജീവിതാനുഭവങ്ങള് പങ്കുവെക്കുന്നത് ബ്യൂട്ടി പാര്ലറില് വരുമ്പോഴാണെന്ന് മദീന ഓര്ത്തു. പാര്ലറുകള്ക്കകത്ത് ജീന്സും പാവാടയും ധരിച്ചിരുന്ന സ്ത്രീകള് താലിബാനെ പേടിച്ച് ഹിജാബ് മാത്രം ധരിക്കാന് തുടങ്ങി. വിവാഹ ദിനത്തിലെങ്കിലും അണിഞ്ഞൊരുങ്ങാന് കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് മദീനയിപ്പോള്.
തീപ്പൊള്ളലേറ്റ മുഖത്തെ ചോരപ്പാടുകള് മായ്ക്കാനായിരുന്നു 27 കാരിയായ സൊമായ ബ്യൂട്ടിപാര്ലറില് പോയിരുന്നത്. പൊള്ളലേറ്റ് നഷ്ടപ്പെട്ട കണ്പീലികളും പുരികവും ഒരിക്കലും പൂര്വ്വസ്ഥിതിയിലാവില്ലെന്ന് മനസ്സിലാക്കിയപ്പോള് ബ്യൂട്ടി പാര്ലറില് പോവുകയായിരുന്നു സൊമായ. മേക്കപ്പ് തനിക്ക് ആത്മവിശ്വാസമായിരുന്നുവെന്ന് അവള് പറയുന്നു.
സൗന്ദര്യസംരക്ഷണത്തിന് മാത്രമായിരുന്നില്ല വേദനകള് മറക്കാന് കൂടിയുള്ള ഇടമായിരുന്നു തങ്ങള്ക്ക് ബ്യൂട്ടി പാര്ലറുകളെന്ന് സമേയ പറയുമ്പോള് ബുച്ചര് സ്ട്രീറ്റിലെ അവസാനത്തെ ബ്യൂട്ടി പാര്ലറിന്റെ ചുമരിലെ സ്ത്രീ മുഖത്തും താലിബാന് കരി തേച്ചു കഴിഞ്ഞിരുന്നു. ബ്യൂട്ടി പാര്ലറുകള് അടച്ചുപൂട്ടാനുള്ള താലിബാന് അധികൃതരുടെ ഉത്തരവിനെതിരെ കാബൂളില് പ്രതിഷേധിച്ച അഫ്ഗാന് സ്ത്രീകളെ ആകാശത്തേക്ക് വെടിവെച്ചുകൊണ്ടാണ് സൈന്യം പിരിച്ചുവിട്ടത്.
കടപ്പാട്: ബിബിസി ന്യൂസ്