
ഷാർജ: അൽ ഫയ മരുഭൂമിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടഞ്ഞ് ഷാർജ പൊലീസ്. മരുഭൂമിയിൽ അനധികൃത പ്രവർത്തനങ്ങൾ പതിവാകുകയും ഇത് പലപ്പോഴും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതിനെ തുടർന്നാണ് തീരുമാനം. ഇത് ആളുകളുടെ ജീവൻ അപകടത്തിലാകുന്നതിന് കാരണമാകുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിനോദത്തിനായി പ്രദേശം സന്ദർശിക്കുന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മണൽ നിറഞ്ഞ പ്രദേശങ്ങളിൽ സ്റ്റണ്ട് ചെയ്യുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സുരക്ഷാനിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കാത്തത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് അൽ ഫയ പൂർണമായും അടച്ചതെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.
മരുഭൂമിയിൽ അശ്രദ്ധയോടെ വാഹനമോടിക്കുന്നവർ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടമുണ്ടാക്കുന്നു. അനധികൃതവും അശ്രദ്ധവുമായ ഡ്രൈവിങ് നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കണമെന്ന് പൊലീസ് നിർദേശിച്ചു. അപകടകരമായ പെരുമാറ്റം ശ്രദ്ധയിൽപെട്ടാൽ അടിയന്തര നമ്പർ (999) വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു.