
മനാമ: ബഹ്റൈനിലെ ഇന്ത്യന് എംബസി സംഘടിപ്പിച്ച ഓപ്പണ് ഹൗസില് പ്രവാസികളുടെ നിരവധി തൊഴില് പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തി. രാജ്യത്തെ ഇന്ത്യന് സമൂഹം നേരിടുന്ന വിവിധ തൊഴില് പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തുന്നതിനായി എല്ലാ മാസവും അവസാന വെളളിയാഴ്ചയാണ് ഇന്ത്യന് എംബിസിയുടെ നേതൃത്വത്തില് ഓപ്പണ് ഹൗസ് സംഘടിപ്പിക്കുന്നത്. ഓപ്പണ് ഹൗസ് അംബാസിഡര് വിനോദ് കെ ജേക്കബ്ബിന്റെ നേതൃത്വത്തില് നടന്ന പരിപാടിയിലാണ് നിരവധി പ്രവാസികളുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തിയത്.
എംബസിയും സര്ക്കാര് അതോറിറ്റികളും തമ്മിലുളള സഹകരണം കൂടുതല് ശക്തമാക്കുമെന്ന് വിനോദ് കെ ജേക്കബ്ബ് പറഞ്ഞു. ഗാര്ഹിക തൊഴിലാളികള് ഉള്പ്പെടെ 70ഓളം തൊഴിലാളികളാണ് ഓപ്പണ് ഹൗസില് എത്തിയത്. ഉന്നയിക്കപ്പെട്ട പരാതികളില് ഭൂരിഭാഗവും പരിഹരിക്കപ്പെട്ടതായും ബാക്കിയുള്ളവ ഉടന് പരിഹരിക്കുമെന്നും അംബാസിഡര് അറിയിച്ചു.
പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതില് ബഹ്റൈന് ഭരണകൂടം നല്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. എംബസിയും വിവിധ സര്ക്കാര് അതോറിറ്റികളും തമ്മിലുളള സഹകരണം കൂടുതല് ശക്തമാക്കുന്നതിലൂടെ തൊഴിലാളികളുടെ പ്രശ്നങ്ങള്ക്ക് വേഗത്തില് പരിഹാരം കാണാന് കഴിയുമെന്നും അംബാസിഡര് വ്യക്തമാക്കി.