
മനാമ: ബഹ്റൈനില് ടൂറിസ്റ്റ് വിസയില് എത്തുന്നവരെ തൊഴില് വിസയിലേക്ക് മാറാന് അനുവദിക്കരുതെന്ന ആവശ്യവുമായി എംപിമാരുടെ സമിതി. സ്വദേശി വത്ക്കരണത്തിന് കൃത്യമായ പദ്ധതി വേണമെന്നതടക്കമുളള നിര്ദേശങ്ങളും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. ഈ വര്ഷം 8598 പേര് സന്ദര്ശക വിസയില് നിന്ന് തൊഴില് വിസയിലേക്ക് മാറിയതായാണ് കണക്കുകള് വ്യക്തമാക്കുന്നത്.
ബഹ്റൈനില് വിദേശ തൊഴിലാളികളുടെ കാര്യങ്ങള് കൈകാര്യം ചെയ്യുന്ന ലേബര് മാര്ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്ത്തനങ്ങളെ കുറിച്ച് അന്വേഷിക്കുന്ന സമിതിയുടെ ശുപാര്ശകളിലാണ് ടൂറിസ്റ്റ് വിസയില് എത്തി തൊഴില് വിസയിലേക്ക് മാറുന്നവര്ക്ക് നിയന്ത്രണം ഏര്പ്പെടുത്തണമെന്ന നിര്ദേശം എംപിമാരുടെ സമിതി മുന്നോട്ട് വച്ചത്. വിദേശ ജോലിക്കാരുടെ തൊഴില് നിയമങ്ങള് പുനഃപരിശോധനക്ക് വിധേയമാക്കുക, ഒഴിവുകള് പ്രാദേശിക പത്രങ്ങളില് പരസ്യം ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കുക, എല്എംആര്എ വെബ്സൈറ്റിലൂടെ പ്രവാസികള്ക്ക് പ്രത്യേകമായി ജോലി കണ്ടെത്തുന്നതിന് അവസരം ഒരുക്കുക തുടങ്ങിയ നിര്ദേശങ്ങളും സമിതി മുന്നോട്ട് വച്ചിട്ടുണ്ട്.
സ്വദേശി വത്കരണത്തിനായി കൃത്യമായി പദ്ധതി വേണമെന്നും 2006ലെ ലേബര് മാര്ക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. 2019 മുല് ഈ വര്ഷം ജൂണ് വരെ 85,246 പേര് സന്ദര്ശക വിസയില് നിന്ന് തൊഴില് വിസയിലേക്ക് മാറിയതായാണ് കണക്കുകള് വ്യക്തമാക്കുന്നത്. ഈ വര്ഷം ഇതുവരെ 898 പേരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. 2021ല് 9,424 പ്രവാസികളും 2022 46,204 ആളുകളും ടൂറിസ്റ്റ് വിസയില് നിന്ന് തൊഴില് വിസയിലേക്ക് മാറിയിട്ടുണ്ട്. അതേസമയം അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുളള പരിശോധന രാജ്യത്ത് ശക്തമായി തുടരുകയാണ്. എല്എംആര്എ, പൊലീസ്, പാസ്പോർട്ട് ആന്ഡ് റെസിഡന്സ് അഫയേഴ്സ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന.