
റിയാദ്: ഹൂതി ആക്രമണത്തില് വീരമൃത്യു വരിച്ച അറബ് സഖ്യസേനയിലെ രണ്ട് ബഹ്റൈന് സൈനികര്ക്ക് വീരോചിത യാത്രയയപ്പ് നല്കി രാജ്യം. സൈനികരുടെ കുടുംബാംഗങ്ങളെ ഭരണാധികാരികള് അനുശോചനം അറിയിച്ചു. സംഭവത്തില് സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് ബഹ്റൈന് രാജാവിനെ ഫോണില് വിളിച്ച് അനുശോചനം രേഖപ്പെടുത്തി.
യെമന്-സൗദി അതിര്ത്തിയില് തിങ്കളാഴ്ച പുലര്ച്ചെ ആളില്ലാ വിമാനം ഉപയോഗിച്ച് ഹൂതി വിമതര് നടത്തിയ ആക്രമണത്തിലാണ് അറബ് സഖ്യസേന അംഗങ്ങളായ മുബാറക് ഹാഷില് സായിദ് അല് കുബൈസി, യാക്കൂബ് റഹ്മത് മൗലൈ മുഹമ്മദ് എന്നിവര് വീരമൃത്യു വരിച്ചത്. ബഹ്റൈന് റോയല് എയര്ഫോഴ്സ് വിമാനത്തില് ഈസ എയര് ബേസിലെത്തിച്ച ഇരുവരുടെയും മൃതദേഹം പ്രതിരോധ മന്ത്രി മേജര് ജനറല് അബ്ദുല്ല ബിന് ഹസന് അന്നു ഐമിയുടെ നേതൃത്വത്തില് ഏറ്റുവാങ്ങി. തുടര്ന്ന് സൈനിക ഉദ്യാഗസ്ഥരുടെ നതൃത്വത്തില് ഗാര്ഡ് ഓഫ് ഓണര് നല്കുകയും ചെയ്തു. വന് ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകള് നടന്നത്.
ബഹ്റൈന് കിരീടാവകാശിയും മുതിര്ന്ന ഉദ്യാഗസ്ഥരും സംസ്കാര ചടങ്ങില് പങ്കെടുത്തു. ബഹ്റൈന് രാജാവ് ഹമദ് ബിന് ഈസ അല് ഖലീഫ, ശൂറ കൗണ്സില് ചെയര്മാന് അലി ബിന് സാലിഹ് അല് സാലിഹ്, കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധസേനാ ഉപമേധാവിയുമായ സല്മാന് ബിന് ഹമദ് അല് ഖലീഫ, തുടങ്ങിയവര് അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തില് പരിക്കേറ്റ മറ്റ് സൈനികള് എത്രവും വേഗം സുഖം പ്രാപിക്കട്ടെ എന്നും മുഹമ്മദ് ബിന് സല്മാന് പറഞ്ഞു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക