സുല്ത്താന് അല് നെയാദി സെപ്റ്റംബര് ഒന്നിന് ഭൂമിയിലേക്ക് മടങ്ങും

സംഘം തിരിച്ചെത്തുന്ന തീയതി ഇന്ന് നാസ പ്രഖ്യാപിക്കുകയായിരുന്നു

dot image

അബുദാബി: യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്ത്താന് അല് നെയാദി സെപ്റ്റംബര് ഒന്നിന് ഭൂമിയിലേക്ക് മടങ്ങും. സ്പേസ് എക്സ് ബഹിരാകാശ പേടകത്തിലായിരിക്കും നെയാദിയുടെ മടക്കയാത്ര. മൂന്ന് സഹപ്രവർത്തകരും നെയാദിയെ ഭൂമിയിലേക്ക് അനുഗമിക്കും. സംഘം തിരിച്ചെത്തുന്ന തീയതി ഇന്ന് നാസ പ്രഖ്യാപിക്കുകയായിരുന്നു.

'എൻഡവർ' എന്ന് പേരിട്ട സ്പേസ് എക്സ് ബഹിരാകാശ പേടകം സെപ്റ്റംബർ ഒന്നിന് വെള്ളിയാഴ്ച പുറപ്പെട്ട് ഫ്ലോറിഡയിലെ തീരത്ത് ഇറങ്ങാനാണ് പദ്ധതി. പേടകത്തിന്റെ ലാൻഡിങ് സമയം കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല. യാത്രയ്ക്ക് 16 മണിക്കൂർ വരെ എടുത്തേക്കാമെന്നാണ് നാസ വ്യക്തമാക്കുന്നത്.

 ആറ് മാസക്കാലം നീളുന്ന ദൗത്യത്തിനായി മാര്ച്ച് മൂന്നിനാണ് സുല്ത്താന് അല് നെയാദി ബഹിരാകാശ നിലയത്തിലേക്ക് പോയത്. ഡോ അൽ നെയാദി ബഹിരാകാശത്തെ രണ്ടാമത്തെ എമിറാത്തിയും ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരി എന്ന ബഹുമതിയും സ്വന്തമാക്കി. ബഹിരാകാശ നിലയത്തില് ഏറ്റവും കൂടുതല് കാലം ചെലവഴിച്ച അറബ് വംശജന് എന്ന നേട്ടം കൂടി സ്വന്തമാക്കിയാണ് സുല്ത്താന് അല് നെയാദി ഭൂമിയിലേക്കുള്ള മടക്കയാത്രക്ക് തയ്യാറെടുക്കുന്നത്. ബഹിരാകാശത്ത് ഏഴ് മണിക്കൂര് നടന്നതിന്റെ ചരിത്രവും നെയാദിയുടെ പേരില് ഏഴുതി ചേര്ക്കപ്പട്ടു.

 ചരിത്ര ദൗത്യം പൂര്ത്തിയാക്കിയുളള നെയാദിയുടെ മടങ്ങി വരവ് വലിയ ആഘോഷമാക്കാനുളള തയ്യാറെടുപ്പിലാണ് യുഎഇ. മടങ്ങിയെത്തുന്ന നെയാദിക്ക് അവിസ്മരണീയമായ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പുകള് യുഎഇയില് പുരോഗമിക്കുകയാണ്. ഭരണ കര്ത്താക്കളുമായുളള കൂടിക്കാഴ്ചക്ക് പുറമെ സംവാദങ്ങള്, പ്രത്യേക റോഡ് ഷോ തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

dot image
To advertise here,contact us
dot image