
യൂറോ 2025 വനിതാ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് സെമി ഫൈനലിൽ. സൂറിച്ചിൽ നടന്ന ക്വാർട്ടർ ഫൈനലിൽ സ്വീഡനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഇംഗ്ലീഷ് വനിതകളുടെ മുന്നേറ്റം. ഷൂട്ടൗട്ടിൽ 3-2 നായിരുന്നു നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് സ്വീഡനെ പരാജയപ്പെടുത്തിയത്.
നിശ്ചിത സമയത്തും അധിക സമയത്തും 2-2 ന് സമനിലയിലായതിനെത്തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചു വരവാണ് ഇംഗ്ലണ്ട് നടത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൊസോവെയർ അസ്‌ലാനിയുടെയും സ്റ്റിന ബ്ലാക്ക്‌സ്റ്റീനിയസിന്റെയും ഗോളുകളിലൂടെ സ്വീഡൻ 2-0 ന് മുന്നിലെത്തി.
WE NEVER QUIT.
— Lionesses (@Lionesses) July 17, 2025
ENGLAND ARE IN THE #WEURO2025 SEMI-FINALS ❤️ pic.twitter.com/Gu8o4Vxc3Z
സ്വീഡൻ വിജയമുറപ്പിച്ച നിമിഷമാണ് ഇംഗ്ലണ്ട് അതിനാടകീയമായി മത്സരത്തിലേക്ക് തിരിച്ചുവന്നത്. മത്സരം അവസാനിക്കാൻ 10 മിനിറ്റിൽ താഴെ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. 79-ാം മിനിറ്റിൽ ലൂസി ബ്രോൺസ് ഒരു ഹെഡ്ഡറിലൂടെ ഇംഗ്ലണ്ടിന് ജീവൻ നൽകി. മിനിറ്റുകൾക്കകം മിഷേൽ അഗ്‌യെമാങ് ഒരു ഗോൾ നേടി സ്കോർ സമനിലയിലാക്കി.
അധിക സമയത്ത് ഇരുഭാഗത്തുനിന്നും ഗോളുകൾ പിറക്കാതിരുന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ സ്മില്ല ഹോൾംബെർഗ് ഷോട്ട് പുറത്തേക്ക് അടിച്ചതോടെ സ്വീഡന് പരാജയം വഴങ്ങേണ്ടിവന്നു. പിന്നാലെ ഇംഗ്ലണ്ട് സെമിയിലും എത്തി. ചൊവ്വാഴ്ച നടക്കുന്ന സെമിഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയെ നേരിടും.
Content Highlights: England beats Sweden on penalties to reach Euro 2025 semifinals