Top

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഹാപ്പി ന്യൂ ഇയര്‍; ചെല്‍സിക്ക് അപ്രതീക്ഷിത തിരിച്ചടി

ബ്രെന്റ്‌ഫോര്‍ഡിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ ജയം. മത്സരത്തിന്റെ 16-ാം മിനിറ്റില്‍ യുവതാരം ഫില്‍ ഫോഡനാണ് അവരുടെ വിജയഗോള്‍ നേടിയത്.

30 Dec 2021 7:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഹാപ്പി ന്യൂ ഇയര്‍; ചെല്‍സിക്ക് അപ്രതീക്ഷിത തിരിച്ചടി
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി ജയത്തോടെ പുതുവത്സരാഘോഷങ്ങള്‍ക്ക്. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രെന്റ്‌ഫോര്‍ഡിനെ തോല്‍പിച്ചു തങ്ങളുടെ ലീഡ് എട്ടു പോയിന്റാക്കി ഉയര്‍ത്തി. അതേസമയം രണ്ടാം സ്ഥാനക്കാരായ ചെല്‍സി ബ്രൈറ്റണോട് അപ്രതീക്ഷിത സമനില വഴങ്ങി മൂന്നാമതുള്ള ലിവര്‍പൂളുമായി ലീഡ് ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.

ബ്രെന്റ്‌ഫോര്‍ഡിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ ജയം. മത്സരത്തിന്റെ 16-ാം മിനിറ്റില്‍ യുവതാരം ഫില്‍ ഫോഡനാണ് അവരുടെ വിജയഗോള്‍ നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഏറെ മുന്നിലെത്താനും പെപ്പ് ഗ്വാര്‍ഡിയോളയ്ക്കും കൂട്ടര്‍ക്കുമായി. 20 മത്സരങ്ങളില്‍ നിന്ന് 50 പോയിന്റാണ് സിറ്റിക്കുള്ളത്.

ഇത്രയും മത്സരങ്ങളില്‍ നിന്ന് 42 പോയിന്റുള്ള ചെല്‍സിയാണ് രണ്ടാം സ്ഥാനത്ത്. ഇന്നലെ 45 പോയിന്റില്‍ എത്തി മൂന്നാമതുള്ള ലിവര്‍പൂളുമായുള്ള ലീഡ് വര്‍ധിപ്പിക്കാന്‍ ചെല്‍സിക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ ദുര്‍ബലരായ ബ്രൈറ്റണ്‍ ആ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു.

മത്സരത്തില്‍ ആദ്യപകുതിയില്‍ തന്നെ ലീഡ് നേടിയ ശേഷമായിരുന്നു ചെല്‍സി അവസാന നിമിഷം പോയിന്റ് പങ്കിട്ടത്. 28-ാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവാണ് ചെല്‍സിയെ മുന്നിലെത്തിച്ചത്. ഈ ലീഡ് നിലനിര്‍ത്തിയ അവര്‍ വിജയം നേടുമെന്നു തോന്നിച്ച അവസരത്തില്‍ ഇന്‍ജുറി ടൈമിലാണ് ബ്രൈറ്റണ്‍ സമനില ഗോള്‍ കണ്ടെത്തിയത്.

ഡാനി വെല്‍ബെക്കാണ് അവസാന മിനിറ്റില്‍ ഗോള്‍ നേടിയത്. ഈ സമനിലയോടെ ചെല്‍സിയുടെ കിരീടമോഹങ്ങള്‍ക്കു കനത്ത തിരിച്ചടി നേരിട്ടു. കൂടാതെ ലിവര്‍പൂളില്‍ നിന്നുള്ള ഭീഷണി വേറെയും. ഒരു മത്സരം കുറച്ചു കളിച്ച ലിവര്‍പൂള്‍ 41 പോയിന്റുമായാണ് മൂന്നാം സ്ഥാനത്തു തുടരുന്നത്. അടുത്ത കളി അവര്‍ക്കു ജയിക്കാനായാല്‍ ചെല്‍സിയെ പിന്തള്ളി രണ്ടാമതെത്തും.

Next Story