Top

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ത്രസിപ്പിക്കുന്ന ക്ലൈമാക്‌സിലേക്ക്; ലിവര്‍പൂള്‍ സിറ്റിക്കു തൊട്ടുപിന്നില്‍

ആഴ്‌സണലിനെതിരായ നിര്‍ണായക മത്സരത്തില്‍ ലിവർപൂൾ ജയം എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക്

17 March 2022 11:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ത്രസിപ്പിക്കുന്ന ക്ലൈമാക്‌സിലേക്ക്; ലിവര്‍പൂള്‍ സിറ്റിക്കു തൊട്ടുപിന്നില്‍
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ത്രസിപ്പിക്കുന്ന അന്ത്യത്തിലേക്ക്. ആഴ്‌സണലിനെതിരായ നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള അകലം കുറച്ചു. മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം.

ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 54-ാം മിനിറ്റില്‍ ഡിയോഗോ യോട്ടയും 62-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്. ഇതിനിടെ 47-ാം മിനിറ്റില്‍ സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ ഒരു തവണ പന്ത് വലയില്‍ എത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.

പിന്നീട് 54-ാം മിനിറ്റില്‍ തിയാഗോ അല്‍കാന്‍ട്രയുടെ പാസില്‍ നിന്നാണ് യോട്ട ലിവര്‍പൂളിനെ ആദ്യം മുന്നിലെത്തിച്ചത്. കാത്തിരുന്ന ലീഡ് ലഭിച്ചതോടെ ആക്രമണം ശക്തമാക്കിയ ലിവര്‍പൂള്‍ എട്ടു മിനിറ്റിനുള്ളില്‍ തങ്ങളുടെ രണ്ടാം ഗോളും സ്വന്തമാക്കി. റോബര്‍ട്ട്‌സണാണ് ഗോളിനു വഴിയൊരുക്കിയത്. പിഴവില്ലാതെ ഫിര്‍മിനോ ലക്ഷ്യം കാണുകയും ചെയ്തു.

ആഴ്‌സണല്‍ പലകുറി ലിവര്‍പൂളിനെ വിറപ്പിച്ചെങ്കിലും ക്രോസ് ബാറിനു കീഴില്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറിനെ കീഴടക്കാന്‍ കഴിയാതെ പോയത് അവര്‍ക്കു വിനയായി.

ജയത്തോടെ കിരീടപ്പോരാട്ടം ആവേശകരമായി മാറിയിരിക്കുകയാണ്. 29 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുമായി സിറ്റി ഒന്നാമതും 69 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തുമാണ്. ലീഗില്‍ ഇനി ഏഴു റൗണ്ടുകള്‍ കൂടി ശേഷിക്കെ കേവലം ഒരു പോയിന്റിന്റെ വ്യത്യാസമാണ് ഇരുടീമുകളും തമ്മിലുള്ളത്. ഇതോടെ അടുത്ത മാസം 10-ന് നടക്കുന്ന സിറ്റി-ലിവര്‍പൂള്‍ മത്സരം ഏറെ ആവേശകരമാകുമെന്ന് ഉറപ്പായി.

STORY HIGHLIGHTS: English Premier League To a thrilling climax; Liverpool Just behind City

Next Story