Top

ബെയ്‌ലിന് പിന്നാലെ ലോറിസും; മടങ്ങുന്നത് ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ച, ഫൈനല്‍ വരെയെത്തിച്ച ഉജ്വല കളിക്കാരന്‍

2018 ലോകകപ്പില്‍ ഫ്രാന്‍സ് ജേതാക്കളായതും ഖത്തര്‍ ലോകകപ്പില്‍ ഫൈനലിലെത്തിയതും ഹ്യൂഗോ ലോറിസിന്റെ നേതൃത്വത്തിലാണ്

10 Jan 2023 7:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബെയ്‌ലിന് പിന്നാലെ ലോറിസും; മടങ്ങുന്നത് ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ച, ഫൈനല്‍ വരെയെത്തിച്ച ഉജ്വല കളിക്കാരന്‍
X

പാരിസ്: വെയ്ല്‍സ് ഇതിഹാസം ഗാരെത് ബെയ്‌ലിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രെഞ്ച് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ്. 2018 ലോകകപ്പില്‍ ഫ്രാന്‍സ് ജേതാക്കളായതും ഖത്തര്‍ ലോകകപ്പില്‍ ഫൈനലിലെത്തിയതും ഹ്യൂഗോ ലോറിസിന്റെ നേതൃത്വത്തിലാണ്. ഫ്രാന്‍സിന് വേണ്ടി നാല് ലോകകപ്പുകളും മൂന്ന് യൂറോ കപ്പുകളുമാണ് ഈ 36കാരന്‍ കളിച്ചത്.

'ഞാന്‍ എന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാനായി തീരുമാനിച്ചു. രാജ്യത്തിനായി എനിക്ക് കഴിയുന്നതെല്ലാം നല്‍കിക്കഴിഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്. യൂറോകപ്പ് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കാന്‍ രണ്ടര മാസം ബാക്കി നില്‍ക്കുന്നതുകൊണ്ട് ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കുന്നതാണ് നല്ലത്.' ഹ്യൂഗോ ലോറിസ് പറഞ്ഞു. ഫ്രെഞ്ച് സ്‌പോര്‍ട്‌സ് മാധ്യമമായ ല എക്യുപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

ഫ്രെഞ്ച് ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമാണ് ഹ്യൂഗോ ലോറിസ്. 2008ല്‍ തന്റെ 21-ാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച ലോറിസ് 145 മത്സരങ്ങളില്‍ ഫ്രാന്‍സിന് വേണ്ടി ബൂട്ടണിഞ്ഞു. അരങ്ങേറ്റം കുറിച്ച് വെറും രണ്ട് വര്‍ഷത്തിനുള്ളിലാണ് അദ്ദേഹം ഫ്രെഞ്ച് ടീമിന്റെ നായകത്വം ഏറ്റെടുത്തത്. പിന്നീട് ഇതുവരെയുള്ള 121 മത്സരങ്ങളില്‍ ഫ്രെഞ്ച് ദേശീയ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു.

എസി മിലാന്‍ ഗോള്‍ കീപ്പര്‍ മൈക് മൈഗ്നാന്‍ ആണ് ലോറിസിന് പകരം ഫ്രെഞ്ച് വല കാക്കാന്‍ എത്തുക. തന്റെ പകരക്കാരന്‍ തയ്യാറാണെന്നും കുടുംബത്തിനൊപ്പം അല്‍പ്പ സമയമാണ് ഇനി ആവശ്യമെന്നും ലോറിസ് പറഞ്ഞു. ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലില്‍ വരെയെത്തിച്ചെന്ന സന്തോഷത്തോടെ ഉചിതമായ സമയത്താണ് മടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് വെയ്ല്‍സ് ഇതിഹാസം ഗാരെത് ബെയ്ല്‍ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. അഞ്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും മൂന്ന് ലാലിഗ ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയ ഈ 33 കാരെന എക്കാലത്തെയും മികച്ച വെയ്ല്‍സ് താരമായാണ് കണക്കാക്കുന്നത്. 2006 മുതല്‍ 2022 വരെ നീണ്ട രാജ്യാന്തര കരിയറില്‍ 111 മത്സരങ്ങളിലാണ് വെയ്ല്‍സിനായി ബെയ്ല്‍ ബൂട്ടണിഞ്ഞത്. വെയ്ല്‍സ് കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ബെയ്ല്‍ ഖത്തര്‍ ലോകകപ്പിലും പങ്കെടുത്തിരുന്നു.

STORY HIGHLIGHTS: Gareth Bale and Hugo Lloris announces retirement from football

Next Story