
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 11-ാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് സംഘം പരിശീലനത്തിനായി തായലാൻഡിലാണ്. എന്നാൽ അടുത്ത സീസണിന് മുമ്പ് ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൻ സിംഗ് ക്ലബ് വിട്ടേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പകരക്കാരനായി മോഹൻ ബഗാന്റെ സൂപ്പർ താരം അർമാൻഡു സാദിക്കുവിനെ ക്ലബിലെത്തിക്കാനാണ് മഞ്ഞപ്പട ലക്ഷ്യമിടുന്നത്.
23കാരനായി ജീക്സന് അടുത്ത അടുത്ത വർഷം വരെ ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. എന്നാൽ താരം ഈസ്റ്റ് ബംഗാളിലേക്ക് പോകാൻ ആഗ്രഹിക്കുന്നതായാണ് സൂചന. ഇതോടെ ഈ സീസണിന് മുമ്പായി ജീക്സന്റെ കരാർ അവസാനിപ്പിക്കാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ നീക്കം. ഇതുവരെ മഞ്ഞപ്പടയ്ക്കൊപ്പം അഞ്ച് സീസണുകളിലായി 79 മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.
കഴിഞ്ഞ ഐഎസ്എൽ സീസണിന് പിന്നാലെ ആറോളം താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ദിമിത്രിയോസ് ഡയമന്റക്കോസ്, ലാറ ശർമ്മ, കരൺജിത്ത് സിംഗ്, മാർക്കോ ലെസ്കോവിച്ച്, ഫെഡോര്‍ സെര്‍നിച്ച്, ഡെയ്സൂകെ സകായി തുടങ്ങിയവർ നേരത്തെ ക്ലബ് വിട്ടിരുന്നു. എഫ് സി ഗോവയില്‍നിന്ന് നോഹ സദോയിയെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിട്ടുണ്ട്.