യൂറോയിൽ ആതിഥേയർ വീണു; ജർമ്മൻ മണ്ണിൽ സ്പാനിഷ് സെമി

നിശ്ചിത സമയം പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി
യൂറോയിൽ ആതിഥേയർ വീണു; ജർമ്മൻ മണ്ണിൽ സ്പാനിഷ് സെമി

സ്റ്റുട്‌ഗാർട്ട്: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ സ്പെയിൻ സെമിയിൽ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് സ്പാനിഷ് സംഘത്തിന്റെ വിജയം. ഡാനി ഓൾമോ, മെക്കൽ മറീനോ എന്നിവർ സ്പെയിനിനായി ​ഗോളുകൾ നേടി. ജർമ്മനിയുടെ ഏക ​ഗോൾ നേടിയത് ഫ്ലോറിയൻ വിർട്സ് ആണ്.

ആദ്യ പകുതിയുടെ തുടക്കം തന്നെ ഇരുടീമുകളും ആക്രമണ ഫുട്ബോളുമായി മുന്നേറി. എട്ടാം മിനിറ്റിൽ സ്പാനിഷ് താരം പെഡ്രിക്ക് ​പരിക്കേറ്റ് പിന്മാറേണ്ടി വന്നു. പകരക്കാരനായി ഡാനി ഓൾമോ കളത്തിലെത്തി. പിന്നാലെ ആദ്യപകുതിയിൽ സ്പാനിഷ് മുന്നേറ്റമായിരുന്നു കണ്ടത്. പലതവണ സ്പെയിൻ പന്തുമായി ജർമ്മൻ ​ഗോൾമുഖത്തിലേക്ക് കടന്നെത്തി. എന്നാൽ ​ഗോൾ നേടാൻ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിലും സ്പാനിഷ് സംഘം മുന്നേറി. 51-ാം മിനിറ്റിൽ ലമിൻ യമാലിന്റെ അസിസ്റ്റിൽ ഡാനി ഓൾമോ വലചലിപ്പിച്ചു. എതിരില്ലാത്ത ഒരു ​ഗോളിന് സ്പെയിൻ മുന്നിലായി. അതോടെ ജർമ്മൻ സംഘം ഉണർന്നു. തുടർച്ചായ ജർമ്മൻ മുന്നേറ്റങ്ങൾ തടയാൻ സ്പാനിഷ് പ്രതിരോധം വിയർത്തു. 70-ാം മിനിറ്റിൽ റോബർട്ട് ആൻഡ്രിച്ചിന്റെ ഷോട്ട് ഉനായ് സിമോൺ തടഞ്ഞു. പിന്നാലെ 77-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രൂഗിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തിരിച്ചുവന്നു.

ഭാ​ഗ്യത്തിന്റെ കാരുണ്യം പക്ഷേ അവസാന നിമിഷം സ്പെയിനിന് തിരിച്ചടിയായി. ഒടുവിൽ 89-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സ് ജർമ്മൻ സംഘത്തെ ഒപ്പമെത്തിച്ചു. പിന്നാലെ നിശ്ചിത സമയം പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി മത്സരം സമനിലയിലായി. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോഴും ഇരുടീമുകളും വാശിയേറിയ പോരാട്ടം നടത്തി.

യൂറോയിൽ ആതിഥേയർ വീണു; ജർമ്മൻ മണ്ണിൽ സ്പാനിഷ് സെമി
അന്നൊരിക്കൽ...; ലയണൽ മെസ്സി അനുഗ്രഹിച്ച സ്പാനിഷ് സൂപ്പർ താരം

106-ാം മിനിറ്റിൽ ജർമ്മൻ താരം ജമാൽ മുസിയാലയുടെ ഷോട്ട് മാർക്ക് കുക്കുറെല്ലയുടെ കൈയ്യിൽ തട്ടിയിരുന്നു. എന്നാൽ റഫറി പെനാൽറ്റി പരിശോധനയിലേക്ക് പോയില്ല. പക്ഷേ 120-ാം മിനിറ്റിൽ എല്ലാവരെയും അതിശയപ്പെടുത്തി മെക്കൽ മറീനോയുടെ ​ഗോൾ പിറന്നു. ഡാനി ഓൾമോയുടെ പാസ് മറീനോ തകർപ്പൻ ഹെഡറിലൂടെ വലയിലാക്കി. അവശേഷിച്ച സമയത്ത് ജർമ്മൻ ആക്രമണങ്ങൾ പ്രതിരോധിക്കാൻ സ്പെയ്നിന് കഴിഞ്ഞു. ഇതോടെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് സ്പെയിൻ സെമിയിലേക്ക് കടന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com