മയാമിയിലെത്തി ബെക്കാമിനെ കണ്ട് നെയ്മർ, എം എസ് എല്ലിൽ എം എസ് എൻ അവതരിക്കുമോ ?

അഭ്യൂഹങ്ങൾ ശക്തമാക്കി ഇന്റർമയാമി സഹ ഉടമയായ ഡേവിഡ് ബെക്കാമിനെ നെയ്മർ സന്ദർശിക്കുകയും ചെയ്തു
മയാമിയിലെത്തി ബെക്കാമിനെ കണ്ട് നെയ്മർ, എം എസ് എല്ലിൽ  എം എസ് എൻ അവതരിക്കുമോ ?

മയാമി : അമേരിക്കൻ മേജർ സോക്കർ ലീഗിൽ എം എസ് എൻ ,മെസ്സി-സുവാരസ്-നെയ്മർ ത്രയം വീണ്ടും അവതരിക്കുമോ ? നെയ്മർ മയാമിയിലെത്തിയ ശേഷം ഫുട്‍ബോൾ ലോകത്ത് ഉയർന്ന പ്രധാന ചർച്ചയിതാണ്. അഭ്യൂഹങ്ങൾ ശക്തമാക്കി ഇന്റർമയാമി സഹ ഉടമയായ ഡേവിഡ് ബെക്കാമിനെ നെയ്മർ സന്ദർശിക്കുകയും ചെയ്തു. നിലവിൽ അർജന്റീനൻ താരം ലയണൽ മെസ്സിയും യുറഗ്വായ് താരം സുവാരസും ഇന്റർ മിയാമിയിൽ കളിക്കുന്നുണ്ട്. നെയ്മറും കൂടിയെത്തിയാൽ ബാഴ്‌സലോണയിൽ വിഖ്യാതമായിരുന്ന എം എസ് എൻ ത്രയം വീണ്ടും ഒരുമിക്കും.

സ്പാനിഷ് ക്ലബ് ബാഴ്‌സലോണയിൽ 2014 മുതൽ മൂന്ന് സീസണുകളിലായിരുന്നു ഈ ത്രയം കളിച്ചിരുന്നത്. ക്ലബിനായി 108 കളിയിൽ ഒരുമിച്ചിറങ്ങിയ മൂന്ന് പേരും ചേർന്ന് 363 ഗോളുകൾ നേടി. ലോകത്തിലെ ഏറ്റവും അപകടകരമായ മുന്നേറ്റ നിരയായി അന്ന് അറിയപ്പെട്ടു. പിന്നീട് മൂന്ന് പേരും വ്യത്യസ്ത ക്ലബ്ബുകളിലേക്ക് കൂടുമാറി.

കഴിഞ്ഞ സീസണിലാണ് മയാമിയിൽ മെസ്സിയെത്തുന്നത്. ഈ സീസണിൽ സുവാരസുമെത്തി. ഇപ്പോൾ സൗദി ക്ലബ്ബിന്റെ അൽ ഹിലാൽ ക്ലബിന് വേണ്ടി കളിക്കുന്ന നെയ്മർ ഏറെ കാലമായി പരിക്കിന്റെ പിടിയിൽ പെട്ട് വിശ്രമത്തിലാണ്. അതിനിടെയാണ് മിയാമിയിൽ തന്റെ പഴയ സഹതാരങ്ങളുടെ കളി കാണാൻ നെയ്മറെത്തിയത്. മെസ്സിക്കൊപ്പം കളിച്ചു വിരമിക്കാനാണ് തന്റെ ആഗ്രഹമെന്ന് നെയ്മർ നേരത്തെ വ്യക്തമാക്കിയിരുന്നു. എം എസ് എൻ ത്രയത്തെ മയാമിയിൽ അവതരിപ്പിക്കാൻ മയാമിക്കും ലീഗ് അധികൃതർക്കും താൽപ്പര്യമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com