ഏഷ്യന്‍ കപ്പില്‍ 'ഖത്തര്‍ മുത്തം'; അഫീഫിന്‍റെ ഹാട്രിക്കില്‍ ജോര്‍ദാന്‍ വീണു

തുടര്‍ച്ചയായ രണ്ടാം തവണയാണ് ഖത്തര്‍ ഏഷ്യന്‍ കപ്പ് ജേതാക്കളായത്
ഏഷ്യന്‍ കപ്പില്‍ 'ഖത്തര്‍ മുത്തം'; അഫീഫിന്‍റെ ഹാട്രിക്കില്‍ ജോര്‍ദാന്‍ വീണു

ദോഹ: എഫ്‌സി ഏഷ്യന്‍ കപ്പില്‍ വീണ്ടും 'ഖത്തര്‍ മുത്തം'. കലാശപ്പോരില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജോര്‍ദാനെ തോല്‍പ്പിച്ചാണ് ഖത്തര്‍ തുടര്‍ച്ചയായ രണ്ടാം തവണയും ജേതാക്കളായത്. ഇതോടെ ഏഷ്യന്‍ കപ്പ് നിലനിര്‍ത്തുന്ന അഞ്ചാമത്തെ രാജ്യമെന്ന ബഹുമതിയും ഖത്തറിനെ തേടിയെത്തി. ഹാട്രിക്ക് നേടി തിളങ്ങിയ താരം അക്രം അഫീഫാണ് ഖത്തറിന്റെ വിജയശില്‍പ്പി.

ടൂര്‍ണമെന്റിലുടനീളം ജോര്‍ദാന്‍ നടത്തിയ അത്ഭുതയാത്ര കലാശപ്പോരിലെ മൂന്ന് പെനാല്‍റ്റി വിധികള്‍ക്ക് മുന്നില്‍ അവസാനിക്കുകയായിരുന്നു. ഖത്തറിന് അനുകൂലമായി ലഭിച്ച മൂന്ന് പെനാല്‍റ്റികളും ലക്ഷ്യത്തിലെത്തിച്ചാണ് അഫീഫ് ഹാട്രിക് തികച്ചത്. ജോര്‍ദാന് വേണ്ടി യാസന്‍ അല്‍ നയ്മത് ആശ്വാസ ഗോള്‍ നേടി.

ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 22-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഹഫീഫിനെ ജോര്‍ദാന്‍ പ്രതിരോധ താരം ബോക്‌സില്‍ വീഴ്ത്തിയതിനാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. കിക്കെടുക്കാനെത്തിയ അഫീഫ് പതറാതെ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ആദ്യ പകുതി ആതിഥേയര്‍ക്ക് അനുകൂലമായാണ് പിരിഞ്ഞത്.

എന്നാല്‍ രണ്ടാം പകുതിയില്‍ ജോര്‍ദാന്റെ മറുപടിയെത്തി. 67-ാം മിനിറ്റില്‍ യാസന്‍ അല്‍ നയ്മത്താണ് സന്ദര്‍ശകരെ ഒപ്പമെത്തിച്ചത്. വലതുവിങ്ങില്‍ നിന്നുമെത്തിയ ഒരു ക്രോസ് അതിവേഗം തിരിച്ചുവിട്ട നയ്മത്ത് ഖത്തര്‍ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. എന്നാല്‍ ഈ സമനില അധികനേരം നീണ്ടുനിന്നില്ല. അഞ്ച് മിനിറ്റിന് ശേഷം ജോര്‍ദാന്‍ വീണ്ടും പെനാല്‍റ്റി വഴങ്ങി. 73-ാം മിനിറ്റില്‍ അഫീഫ് വീണ്ടും ഖത്തറിനെ മുന്നിലെത്തിച്ചു.

സമനിലയ്ക്ക് വേണ്ടി ജോര്‍ദാന്‍ പരിശ്രമിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. എന്നാല്‍ ജോര്‍ദാനെ ഞെട്ടിച്ച് ഇഞ്ച്വറി ടൈമില്‍ വീണ്ടും ഖത്തറിന് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. 95-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വീണ്ടും വലയിലെത്തിച്ച് അഫീഫ് ഹാട്രിക് തികച്ചു. ഇതോടെ ഖത്തര്‍ വിജയവും തുടര്‍ച്ചയായ രണ്ടാം കിരീടവും ഉറപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com