
പാരീസ്: കരിയറിലെ എട്ടാം ബലോന് ദ് ഓര് പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് അര്ജന്റൈന് സൂപ്പര് താരം ലയണല് മെസ്സി. ഖത്തര് ലോകകപ്പിലെ അവിസ്മരണീയ പ്രകടനമാണ് താരത്തിനെ 2023ലെ ബലോന് ദ് ഓര് പുരസ്കാരത്തിന് അര്ഹനാക്കിയത്. രണ്ട് പതിറ്റാണ്ടോളം നീണ്ട ഫുട്ബോള് കരിയറില് ക്ലബ്ബിനും രാജ്യത്തിനും വേണ്ടി 821 ഗോളുകളാണ് 'ഫുട്ബോളിന്റെ മിശിഹ' അടിച്ചുകൂട്ടിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കടുത്ത ആരാധകര്ക്ക് പോലും അവയില് ഏറ്റവും മികച്ച ഗോള് തിരഞ്ഞെടുക്കുന്നത് എളുപ്പമല്ല.
എന്നാല് ഇപ്പോള് മെസ്സി തന്നെ തനിക്ക് പ്രിയപ്പെട്ട ഗോള് തിരഞ്ഞെടുത്തിരിക്കുകയാണ്. ഒക്ടോബര് 30ന് നടന്ന ബലോന് ദ് ഓര് ചടങ്ങില് മെസ്സിയുടെ പ്രിയപ്പെട്ട ഗോള് ഏതാണെന്ന് ചോദിച്ചിരുന്നു. 2011 ലെ ചാമ്പ്യന്സ് ലീഗ് സെമിഫൈനലില് ബാഴ്സലോണയ്ക്ക് വേണ്ടി റയല് മാഡ്രിഡിനെതിരെ നേടിയ ഗോളാണ് മെസ്സി തനിക്ക് പ്രിയപ്പെട്ടതായി തിരഞ്ഞെടുത്തത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്ണബ്യൂവില് നടന്ന മത്സരത്തില് മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്കാണ് ബാഴ്സ വിജയിച്ചത്. ബാഴ്സയുടെ രണ്ട് ഗോളുകളും നേടിയത് മെസ്സിയാണ്. അന്നത്തെ മത്സരത്തില് രണ്ടാമത് നേടിയ ഗോളാണ് തന്റെ കരിയറിലെ മികച്ചതെന്ന് മെസ്സി പറഞ്ഞു.
പെപ് ഗ്വാര്ഡിയോളയുടെ കീഴിലുള്ള ബാഴ്സലോണയായിരുന്നു അന്നത്തെ മത്സരത്തില് തുടക്കം മുതലേ ആധിപത്യം സ്ഥാപിച്ചത്. ആദ്യ പകുതി ഇരുടീമുകളും ഗോളടിക്കാതെ പിരിഞ്ഞു. രണ്ടാം പകുതിയില് ആദ്യ ഗോള് വഴങ്ങിയതോടെ റയല് മാഡ്രിഡ് പ്രതിരോധം കൂടുതല് തകരുകയും മെസ്സി അത് മുതലെടുക്കുകയും ചെയ്തു. മിഡ് ഫീല്ഡില് പന്ത് സ്വീകരിച്ച മെസ്സി മനോഹരമായി എതിര് പ്രതിരോധത്തെ ഭേദിച്ച് മുന്നേറി. നാല് റയല് മാഡ്രിഡ് ഡിഫന്ഡര്മാരെ അവിശ്വസനീയമായി ഡ്രിബിള് ചെയ്താണ് മെസ്സി പന്ത് വലയിലെത്തിച്ചത്.
🔙 in #UCL 2⃣0⃣1⃣1⃣:
— UEFA.com DE (@UEFAcom_de) February 15, 2022
🕺 #LeoMessi-Solo vs. #RealMadrid! 🧙✨#MatchdayMotivation | @PSG_espanol pic.twitter.com/bLjkoIu9zJ
മെസ്സിയുടെ ആ ഗോളുകള് ബാഴ്സലോണയുടെ രണ്ടാം ചാമ്പ്യന്സ് ലീഗ് കിരീടനേട്ടത്തിന് വഴിവെക്കുകയായിരുന്നു. മാഞ്ചസ്റ്റര് യുണൈറ്റഡിനെതിരായ ഫൈനലില് ഒന്നിനെതിരെ മൂന്നു ഗോളുകള്ക്ക് വിജയിച്ചാണ് ബാഴ്സ ചാമ്പ്യന്മാരായത്. ഫൈനലിലും മെസ്സി തന്നെയായിരുന്നു ഹീറോ. 'ചാമ്പ്യന്സ് ലീഗ് ഫൈനലുകളില് ഞാന് നേടിയ ഗോളുകളാണ് എനിക്ക് വളരെ സ്പെഷ്യലെന്ന് ഞാന് എപ്പോഴും പറയാറുണ്ട്. എന്നാല് ഏറ്റവും ഒടുവിലായി ഖത്തര് ലോകകപ്പ് ഫൈനലില് ഫ്രാന്സിനെതിരെ നേടിയ ഗോളും എനിക്ക് പ്രിയപ്പെട്ടതാണ്', മെസി പറഞ്ഞു. റയല് മാഡ്രിഡിനെതിരെ ബാഴ്സലോണയ്ക്ക് വേണ്ടി 47 മത്സരങ്ങളില് നിന്ന് 20 ഗോളുകളാണ് മെസ്സിയുടെ ബൂട്ടില് നിന്ന് പിറന്നത്.