
പുതിയ ലുക്കില് പ്രത്യക്ഷപ്പെട്ട് സൂപ്പര് താരം ലയണല് മെസ്സി. മെസ്സിയുടെ ക്ലീന് ഷേവ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള് ആരാധകര്ക്കിടയില് ചര്ച്ചാവിഷയമായിരിക്കുന്നത്. ഇന്റര് മയാമിയുടെ ഏറ്റവും പുതിയ പരിശീലന സെക്ഷനിലാണ് ക്ലീന് ഷേവ് ചെയ്ത താരത്തിന്റെ ചിത്രങ്ങള് പുറത്തുവന്നിരിക്കുന്നത്. ഇന്റര് മയാമി തന്നെ പുറത്തുവിട്ട മെസ്സിയുടെ ചിത്രങ്ങള് ആവേശത്തോടെയാണ് ആരാധകര് ഏറ്റെടുത്തത്. ഇതിന് പിന്നില് ചില കാരണങ്ങളുമുണ്ട്.
ഏഴ് തവണ ബലോൻ ദ് ഓർ ജേതാവായപ്പോഴും മെസ്സി ക്ലീന് ഷേവ് ലുക്കില് ആയിരുന്നു. ക്ലീന് ഷേവ് ലുക്കിലും ചെറിയ താടിയുള്ളപ്പോഴുമായിരുന്നു മെസ്സി ബലോൻ ദ് ഓർ പുരസ്കാരങ്ങള്ക്ക് അര്ഹനായത്. 2019 ലും 2021 ലും ബലോൻ ദ് ഓർ ചടങ്ങിന് കുറച്ച് ദിവസങ്ങള്ക്ക് മുമ്പ് മെസ്സി താടി ക്ലീന് ഷേവ് ചെയ്തതായുള്ള റിപ്പോര്ട്ടുകള് അടക്കം പുറത്ത് വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് മെസ്സിയുടെ ക്ലീന് ഷേവ് ലുക്ക് അദ്ദേഹത്തിന്റെ എട്ടാമത്തെ ബലോൻ ദ് ഓർ പുരസ്കാരത്തിനുള്ള സൂചനയാണെന്ന ചര്ച്ചകള് സമൂഹ മാധ്യമങ്ങളില് നടക്കുന്നത്. 'എട്ടാമത്തെ ബലോൻ ദ് ഓർ ലോഡിങ്', 'മെസ്സിയുടെ ഏറ്റവും അപകടകരമായ വേര്ഷന്', 'ബ്രോ 2015ലേക്ക് തിരിച്ചുപോയിരിക്കുകയാണ്'... എന്നെല്ലാമാണ് മെസ്സിയുടെ ചിത്രത്തിന് താഴെ വരുന്ന കമന്റുകള്.
ചരിത്രത്തില് ഏറ്റവും കൂടുതല് തവണ ബലോൻ ദ് ഓർ പുരസ്കാരത്തിന് അര്ഹനായ താരമാണ് ലയണല് മെസ്സി. 2009, 2011, 2012, 2013, 2016, 2019, 2021 വര്ഷങ്ങളില് പുരസ്കാരം സ്വന്തമാക്കിയ മെസ്സി ഈ വര്ഷത്തെ ബലോൻ ദ് ഓർ അവാര്ഡിന് ഏറ്റവും കൂടുതല് സാധ്യത കല്പിക്കുന്ന താരമാണ്. 2022ലെ ലോകകപ്പ് നേട്ടം തന്നെയാണ് മെസ്സിയ്ക്ക് കൂടുതല് സാധ്യത നല്കുന്നത്. താരത്തിന്റെ നായകത്വത്തിലാണ് അര്ജന്റീന ഖത്തര് ലോകകപ്പ് ഉയര്ത്തിയത്. മെസ്സിക്കൊപ്പം യുവതാരങ്ങളായ കിലിയന് എംബാപ്പെ, എര്ലിങ് ഹാലണ്ട് എന്നിവരും ഇത്തവണത്തെ ബലോൻ ദ് ഓർ ഫേവറിറ്റുകളാണ്.