'ഫോൺ സ്വിച്ച് ഓഫ് ചെയ്തു, സോഷ്യൽ മീഡിയ ഒഴിവാക്കി'; മോശം സമയത്തെ അതിജീവിച്ചതിനെ കുറിച്ച് സഞ്ജു സാംസൺ

മോശം ഫോമിന്‍റെ പേരില്‍ ഏറ്റുവാങ്ങിയ വിമർശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് ഈഡൻ ഗാർഡൻസില്‍ സഞ്ജു നല്‍കിയത്

'ഫോൺ സ്വിച്ച് ഓഫ് ചെയ്തു, സോഷ്യൽ മീഡിയ ഒഴിവാക്കി'; മോശം സമയത്തെ അതിജീവിച്ചതിനെ കുറിച്ച് സഞ്ജു സാംസൺ
dot image

ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിച്ച ക്ലാസിക് ഇന്നിങ്സ് കാഴ്ചവെച്ച സഞ്ജു സാംസണെ ആഘോഷമാക്കുകയാണ് ക്രിക്കറ്റ് ലോകം. ഓപ്പണിങ് ബാറ്റർ സഞ്ജു സാംസണിന്റെ തകർപ്പൻ ഇന്നിങ്സിന്റെ മികവിലാണ് ട്വന്റി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപിച്ച് ഇന്ത്യ സെമിയിൽ കടന്നത്. 50 പന്തിൽ 97 റൺസ് നേടിയ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്കു വിജയമൊരുക്കിയത്. മോശം ഫോമിന്‍റെ പേരില്‍ ഏറ്റുവാങ്ങിയ വിമർശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് ഈഡൻ ഗാർഡൻസില്‍ സഞ്ജു നല്‍കിയത്.

ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ നിന്ന് തുടരെ ഒഴിവാക്കപ്പെടുകയും പ്രതീക്ഷയ്ക്കൊത്തുള്ള പ്രകടനം കാഴ്ചവെക്കാത്തതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണവും താരത്തിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ മോശം സമയത്തെ അതിജീവിച്ചതിനെ കുറിച്ചു സംസാരിക്കുകയാണ് സഞ്ജു.

പ്ലേയിങ് ഇലവനിൽ നിന്ന് മാറിനിൽക്കേണ്ടി വന്നപ്പോൾ അടിസ്ഥാനപരമായ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തുവെന്നും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും, സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തുവെന്നും സഞ്ജു പ്രതികരിച്ചു. തന്നിൽത്തന്നെ വിശ്വാസമർപ്പിക്കുകയും, തന്റെ അടുത്തുള്ള ആളുകളെ ശ്രദ്ധയോടെ കേൾക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയെ വിജയതീരത്തേക്കും പിന്നീട് സെമി ഫൈനലിലേക്കും എത്തിച്ച നിർണായക ഇന്നിങ്സിനൊപ്പം തന്നെ സഞ്ജു സാംസൺ നടത്തിയ വൈകാരികമായ പ്രതികരണവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ പന്ത് ബൗണ്ടറി പായിച്ച് വിജയ റൺ നേടിയ ശേഷം സഞ്ജു സാംസൺ നിലത്ത് മുട്ട് കുത്തി നിന്നു. ആകാശത്തേക്ക് നോക്കി ഒരു നിമിഷം പ്രാർത്ഥിച്ചു പിന്നെ കുരിശു വരച്ചാണ് സഞ്ജു പ്രതികരിച്ചത്. ആ വൈറൽ സെലിബ്രേഷനെ കുറിച്ചും സഞ്ജു സാംസൺ മനസുതുറന്നു.

മത്സരശേഷം നടന്ന പ്രത്യക പരിപാടിയിൽ മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍ സഞ്ജുവിനോട് എന്താണ് ആ നിമിഷം പ്രാർഥിച്ചത് എന്ന് ചോദിച്ചിരുന്നു. 'ഒരു പ്രത്യേക നിമിഷമായിരുന്നു അത്. ഞാൻ ഒരു ദൈവവിശ്വാസിയാണ്. എന്താണെന്ന് പ്രാർഥിച്ചത് എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല, അത് സ്വകാര്യമായി സൂക്ഷിക്കാനാണ് എനിക്ക് ആഗ്രഹം', എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

Content Highlights: Sanju Samson on handling tough phases, Switched off phone, stayed away from social media

dot image
To advertise here,contact us
dot image