'എംബാപ്പെ യുണൈറ്റഡിലേക്കോ'? പ്രതികരണവുമായി കോച്ച് എറിക് ടെന്ഹാഗ്

എംബാപ്പെക്ക് വേണ്ടി സൗദി ക്ലബ്ബ് അല് ഹിലാലിന്റെ വമ്പന് ഓഫര് പിഎസ്ജി സ്വീകരിച്ചു എന്ന റിപ്പോര്ട്ടുകള് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

dot image

മാഞ്ചസ്റ്റര്: പാരിസ് സെന്റ് ജര്മന് സൂപ്പര് താരമായ കിലിയന് എംബാപ്പെയുടെ ട്രാന്സ്ഫര് വാര്ത്തകള്ക്കിടെ പ്രതികരണവുമായി മാഞ്ചസ്റ്റര് യുണൈറ്റഡ് കോച്ച് എറിക് ടെന്ഹാഗ്. എംബാപ്പെക്ക് വേണ്ടി സൗദി ക്ലബ്ബ് അല് ഹിലാലിന്റെ വമ്പന് ഓഫര് പിഎസ്ജി സ്വീകരിച്ചു എന്ന റിപ്പോര്ട്ടുകള് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. താരത്തെ ലോണില് മാഞ്ചസ്റ്റര് യുണൈറ്റഡിലേക്ക് എത്തിക്കാന് ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്ക്കിടെയാണ് പ്രതികരണവുമായി പരിശീലകന് രംഗത്തെത്തിയത്.

'മറ്റു ക്ലബ്ബുകളില് കരാറിലിരിക്കുന്ന കളിക്കാരെക്കുറിച്ച് ഞങ്ങള് സംസാരിക്കാറില്ല' എന്നായിരുന്നു എറിക് ടെന്ഹാഗിന്റെ പ്രതികരണം. ലോംഗ് ടേം ലോണില് കിലിയന് എംബാപ്പെയെ മാഞ്ചസ്റ്റര് ക്യാംപിലെത്തിക്കാന് ശ്രമിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം എംബാപ്പെയുടെ സ്വപ്ന ക്ലബ്ബായ റയല് മാഡ്രിഡുമായി താരം സംസാരിച്ചെന്നും റിപ്പോര്ട്ടുകളുണ്ട്. ചാമ്പ്യന്സ് ലീഗ് ലക്ഷ്യമിടുന്ന എംബാപ്പെയ്ക്ക് ഈ സീസണില് തന്നെ റയലില് കളിക്കാനാണ് ആഗ്രഹം.

സൂപ്പര് സ്ട്രൈക്കര് കിലിയന് എംബാപ്പെക്ക് വേണ്ടിയുള്ള സൗദി ക്ലബ്ബ് അല് ഹിലാലിന്റെ 259 മില്ല്യണ് പൗണ്ടിന്റെ ഓഫര് പിഎസ്ജി അംഗീകരിച്ചെന്ന റിപ്പോര്ട്ടുകള് തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ഒരു വര്ഷത്തിന് ശേഷം എംബാപ്പെയ്ക്ക് സ്വപ്ന ക്ലബായ റയലിലേക്ക് പോകാമെന്നും അല് ഹിലാല് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല് എംബാപ്പെ സൗദിയിലേക്ക് കൂടുമാറുമോയെന്ന കാര്യത്തില് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

dot image
To advertise here,contact us
dot image