ഖത്തറിൽ നാളെ മുതൽ ബലിപെരുന്നാൾ അവധി; അടിയന്തര സേവനങ്ങൾക്ക് പ്രവർത്തന സമയം കേന്ദ്രീകരിച്ചു

പെരുന്നാൾ അവധിക്ക് ശേഷം ജൂൺ 10 മുതലാണ് സർക്കാർ, ബാങ്കിങ് മേഖലകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത്.

dot image

ദോഹ: ഖത്തറിൽ ബലിപെരുന്നാൾ അവധികൾക്ക് നാളെ തുടക്കമാകും. സർക്കാർ മേഖലയ്ക്ക് 5 ദിവസവും സ്വകാര്യ മേഖലയ്ക്ക് 3 ദിവസവുമാണ് അവധി. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കും വ്യാഴാഴ്ച മുതൽ പെരുന്നാൾ അവധിയായിരിക്കും. സ്വകാര്യ മേഖലക്ക് ശമ്പളത്തോടു കൂടിയ അവധി നൽകാൻ ആണ് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. പെരുന്നാൾ അവധിക്ക് ശേഷം ജൂൺ 10 മുതലാണ് സർക്കാർ, ബാങ്കിങ് മേഖലകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത്.

ഹമദ് മെഡിക്കൽ കോർപറേഷൻ, പൊതുജനാരോഗ്യ മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പെടെ അടിയന്തര സർക്കാർ വകുപ്പുകൾ ബലിപെരുന്നാൾ അവധി ദിനങ്ങളിലെ പ്രവർത്തന സമയവും ക്രമീകരിച്ചിട്ടുണ്ട്. ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ ആശുപത്രികളിലെ പീഡിയാട്രിക് ഉൾപ്പെടെയുള്ള എല്ലാ എമർജൻസി, കിടത്തി ചികിത്സാ വിഭാഗങ്ങളും ആംബുലൻസ് സേവനങ്ങളും അവധി ദിനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കും.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഹ്യൂമാനിറ്റേറിയൻ സർവീസസ് ഓഫിസിലെ മരണ റജിസ്ട്രേഷൻ യൂണിറ്റും വനിതാ വെൽനസ്, ഗവേഷണ കേന്ദ്രത്തിലെ ജനന റജിസ്ട്രേഷൻ ഓഫിസും വെള്ളി, ശനി ഒഴികെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും തുറക്കും. ഖത്തർ ഹെൽത്ത് കെയർ ഏകീകൃത കോൺടാക്ട് സെന്ററും (16000) 24 മണിക്കൂറും പ്രവർത്തിക്കും.

ഖത്തർ പബ്ലിക് പ്രോസിക്യൂഷന്റെ പ്രവർത്തന സമയം ജൂൺ 5 മുതൽ 9 വരെ വൈകിട്ട് 6 മുതൽ രാത്രി 10 വരെയായിരിക്കും. റസിഡൻസ് അഫയേഴ്സ് പ്രോസിക്യൂഷന്റെ പ്രവർത്തനവും ഇതേ സമയത്തായിരിക്കും. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഹാളിൽ പ്രവർത്തിക്കുന്ന ജഡ്ജ്മെന്റ് എൻഫോഴ്സ്മെന്റ് ഓഫിസിന്റെ പ്രവർത്തനം 24 മണിക്കൂറും ആയിരിക്കും. ഇ-സേവനങ്ങൾ സാധാരണ പോലെ തുടരും.

Content Highlights: Eid al-Adha holiday in Qatar from tomorrow

dot image
To advertise here,contact us
dot image