Top

'സ്‌റ്റൈലായി' ജെയിംസ് ബോണ്ട് ആദ്യം വരും, പിന്നാലെ മലയാളം; തുറക്കാനൊരുങ്ങി തിയേറ്ററുകള്‍

തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി.

22 Oct 2021 2:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌റ്റൈലായി ജെയിംസ് ബോണ്ട് ആദ്യം വരും, പിന്നാലെ മലയാളം; തുറക്കാനൊരുങ്ങി തിയേറ്ററുകള്‍
X

രണ്ടാം കൊവിഡ് തരംഗത്തിന് പിന്നാലെ അടച്ചിട്ട സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം എത്തുക ഇതര ഭാഷാ ചിത്രങ്ങള്‍. തിങ്കളാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി. അന്ന് മുതല്‍ തന്നെ സജീവമാവുക ലക്ഷ്യമിട്ടാണ് തിയേറ്ററുകളിലെ ഒരുക്കങ്ങളും. എന്നാല്‍ സംസ്ഥാനത്തെ തീയേറ്ററുകളില്‍ ആദ്യം പ്രദര്‍ശനത്തിന് എത്തുക ഹോളിവുഡ് സ്‌പൈ സൂപ്പര്‍ഹീറോ ചിത്രം ജെയിംസ് ബോണ്ടിന്റെ നോ ടൈം ടു ഡൈ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ തമിഴ് ചിത്രം ഡോക്ടര്‍, ഹിന്ദി ചിത്രം ധനം 2 എന്നിവയും തിയേറ്ററുകളില്‍ എത്തും.

നവംബര്‍ 12 റിലീസിങ് പ്രഖ്യാപിച്ചിട്ടുള്ള ദുല്‍ഖര്‍ സമല്‍മാന്റെ കുറുപ്പ് ആയിരിക്കും മലയാളത്തില്‍ നിന്നും ഉണ്ടാകുന്ന മാസ് റിലീസ്. മോഹന്‍ലാലിന്റെ മരയ്ക്കാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും, മമ്മുട്ടിയുടെ സിനിമകളും തിയേറ്റില്‍ മുഴുവന്‍ സീറ്റിങ് കപ്പാസിറ്റിയില്‍ പ്രദര്‍ശനാനുമതി നല്‍കിയ ശേഷം മാത്രമായിരിക്കും റിലീസ് ഉണ്ടാവുകയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്‍പതിലധികം സിനിമകളാണ് മലയാളത്തില്‍ നിന്നായി മാത്രം റിലീസിങ് കാത്തിരിക്കുന്നത്.

അതേസമയം, തിയേറ്ററില്‍ കാണികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിബന്ധനകളില്‍ ഉള്‍പ്പെടെ ഇളവ് വേണമെന്ന ആവശ്യവും ശക്തമാണ്. മറ്റു സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ കേരളത്തില്‍ അനുമതിയില്ല. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശന അനുമതി നല്‍കിയ തീരുമാനവും പിന്‍വലിക്കണം എന്നും തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നു.

60 വയസില്‍ താഴെയുള്ളവരില്‍ ഇപ്പോഴും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം കുറവായതിനാല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കുന്നത് തിരിച്ചടിയാവുമെന്നാണ് തിയേറ്റര്‍ ഉടമകളുടെ നിലപാട്. ക്രമീകരണങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്താന്‍ ഇന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇതില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംഘടനകള്‍. ടിക്കറ്റ് ചാര്‍ജില്‍ അധികമായി അഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

Next Story

Popular Stories