
'ഹിന്ദുക്കൾക്കിവൻ മഹിരാവണൻ, ഇസ്ലാമിന് ഇവൻ ഇബിലീസ്, ക്രിസ്ത്യാനികൾക്കിടയിൽ ഇവന് ഒരു പേരേയുള്ളു 'ലൂസിഫർ'. ഒന്നാം ഭാഗത്തിലെയും രണ്ടാം ഭാഗത്തിലെയും ഗോവർധന്റെ ഈ വാക്കുകൾക്കിടയിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന അബ്റാം ഖുറേഷി ഒരുപാട് വളർന്നു. പി കെ രാംദാസിന്റെ വലംകൈ ആയ, ഐയുഎഫിന്റെ അടുത്ത നേതാവാകേണ്ടി ഇരുന്ന സ്റ്റീഫനിൽ നിന്ന് ലൂസിഫർ അവസാനിക്കുമ്പോൾ നമ്മൾ കാണുന്നത് ഖുറേഷി അബ്റാമിനെയാണ്. ആരാണ് ഖുറേഷി അബ്റാം? പികെആറിന്റെ മകനെന്ന് എല്ലാവരും വിശ്വസിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എങ്ങനെയാണ് ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്ന ക്രൈം സിൻഡിക്കേറ്റിന്റെ തലവനായത്?
എല്ലാവരും കാത്തിരുന്ന എമ്പുരാന്റെ ടീസർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു ഗംഭീര വിഷ്വൽ ട്രീറ്റ് ആകും സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസർ റിലീസിന് പിന്നാലെ നിരവധി തിയറികളാണ് സിനിമയെപ്പറ്റി സോഷ്യൽ മീഡിയയിൽ ഉയർന്നുകേൾക്കുന്നത്. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്റാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
പണ്ട് ഇറാക്കിലും അഫ്ഗാനിസ്ഥാനിലും പോസ്റ്റ് വാർ റീകൺസ്ട്രക്ഷൻ അടങ്കലിൽ എടുത്ത് നടത്തിയിരുന്ന ആളാണ് സ്റ്റീഫനെന്ന് ഒന്നാം ഭാഗത്തിൽ സ്റ്റീഫനെക്കുറിച്ച് ഗോവർധൻ പുറത്തുവിടുന്ന ലൈവിലൂടെ പറയുന്നുണ്ട്. എമ്പുരാന്റെ ടീസറിന്റെ തുടക്കത്തിൽ നോർത്തേൺ ഇറാക്കിലെ ഗോസ്റ്റ് സിറ്റിയുടെ പരാമർശമുണ്ട്. ഇറാഖിലെ ഖരാഖോഷ് സിറ്റിയെയാണ് ടീസറിൽ പരാമർശിക്കുന്നത്. വടക്കൻ ഇറാഖിലെ ഈ നഗരം ഏറെ കുപ്രസിദ്ധമാണ്. തുർക്കി ഭാഷയിൽ കറുത്ത പക്ഷി എന്നാണ് ഖരാഖോഷ് എന്ന വാക്കിന്റെ അർത്ഥം. മൊസൂൾ നഗരത്തിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ ദൂരെയാണ് ഈ നഗരം. നിലവിൽ മുപ്പത്തി അയ്യായിരത്തോളം ആളുകൾ മാത്രമാണ് ഈ നഗരത്തിൽ താമസിക്കുന്നത്.
ഇറാഖിലെ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായിരുന്നു ഇത്. എന്നാൽ 2014 ൽ ഐഎസ് ഐഎസിന്റെ കടന്നുകയറ്റം ഉണ്ടായതോടെ ഇവിടുത്തെ ജനങ്ങളിൽ ഭൂരിഭാഗവും കുർദിസ്ഥാൻ മേഖലയിലേക്ക് പലായനം ചെയ്തു. 2016 വരെ ഈ നഗരം ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു. പലപ്പോഴായി യുദ്ധങ്ങളും ആക്രമണങ്ങളും നടന്ന ഈ നഗരം ഒരു പ്രേതനഗരമായി മാറുകയായിരുന്നു. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിൽ ഇറാഖിലെയും മറ്റും യുദ്ധം മൂലം തകർന്ന നഗരങ്ങളുടെ റീ കൺസ്ട്രഷൻ ഏറ്റെടുത്ത സ്റ്റീഫൻ നെടുമ്പള്ളിയെ കുറിച്ച് പരാമർശം ഉണ്ട്. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്‌റാമിന് ഇറാഖിലെ ഖരാഖോഷ് നഗരവുമായി ബന്ധമുണ്ടെന്നാണ് ആരാധക തിയറി.
ഇനി ഇതേ ടീസറിൽ പരാമർശിക്കുന്ന കബുഗ കാർട്ടൽസ് ഉണ്ട്. കബുഗ കാർട്ടൽസും ഖുറെഷി - അബ്‌റാം നെക്‌സസും ഇവിടെയുണ്ട് എന്ന് സുരക്ഷാ ഉദ്യോഗസ്ഥ പറയുന്ന ഡയലോഗ്. ഇതിൽ പരാമർശിക്കുന്ന കബുഗ കുപ്രസിദ്ധ കോടീശ്വരൻ ഫെലിസിയൻ കബുഗയായിരിക്കാമെന്നും ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നേരത്തെ എമ്പുരാന്റെ റിലീസ് പോസ്റ്ററിൽ പുറംതിരിഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയുടെ ചിത്രം ഏറെ ചർച്ചയുണ്ടാക്കിയിരുന്നു. ലോകപ്രശസ്തമായ ക്രിമിനൽ ഗ്യാങായ യാക്കൂസ ഗ്യാങ് ആയിരിക്കും അബ്റാം ഖുറെഷിയുടെ എതിരാളിയായി എത്തുകയെന്നാണ് പോസ്റ്ററിന് പിന്നാലെ ഉയർന്ന മറ്റൊരു തിയറി. തീ തുപ്പുന്ന ചുവന്ന ഡ്രാഗൺ യാക്കൂസ ഗ്യാങിന്റെ ഉയർന്ന തലത്തിലുള്ളവർ ധരിക്കുന്ന ചിഹ്നമാണ്. ഈ ചിഹ്നമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.
ഗാക്കുദോ, വയലൻസ് ഗ്രൂപ്പ് എന്നീ പേരുകളിലും ഈ സംഘം അറിയപ്പെടുന്നുണ്ട്. 17 -ാം നൂറ്റാണ്ടിലാണ് യാക്കുസ സംഘം സ്ഥാപിതമായതെന്നാണ് വിശ്വാസം. ഇന്ന് ലോകത്ത് നിലനിൽക്കുന്നവയിൽ ഏറ്റവും വലിയ കുറ്റകൃത്യ സംഘടനകളിൽ ഒന്നാണ് യാക്കുസ. ഭീഷണിപ്പെടുത്തി പണം വാങ്ങൽ, നിയമ വിരുദ്ധ ചൂതാട്ടം, ലൈംഗിക തൊഴിൽ, കള്ളക്കടത്ത്, മയക്കുമരുന്ന് എന്നിവയാണ് യാക്കുസ സംഘത്തിന്റെ പ്രധാന വരുമാന മേഖലകൾ.
അബ്റാം ഖുറേഷിയെന്നത് ഒരാളല്ല രണ്ടു പേരാണെന്നും തിയറികളുണ്ട്. ലൂസിഫറിന്റെ ആദ്യ ഭാഗത്ത് ഇന്റർപോൾ ഓഫീസർ തുടക്കത്തിൽ കംപ്യൂട്ടറിൽ ആരെയോ തിരയുന്നുണ്ട്. ഒടുവിൽ അത് ഖുറേഷി അബ്റാം ഗാങ്ങിന്റെ വാർത്തകളാണെന്ന് പറയുന്നുണ്ട്. എന്നാൽ ലൂസിഫർ അവസാനിക്കുമ്പോൾ ആണ് മോഹൻലാലിൻറെ കഥാപാത്രം തന്റെ പേര് അബ്റാം ഖുറേഷി എന്നാണ് പറയുന്നത്. ഇതാണ് ആരാധകർക്കിടയിൽ സംശയങ്ങൾ ജനിപ്പിച്ചിരിക്കുന്നത്. ഈ ഗാങ്ങിന്റെ തലവനാണോ അബ്റാം ഖുറേഷി, അയാൾ രണ്ടാം ഭാഗത്തിൽ അവതരിക്കുമോ എന്നാണ് പ്രേക്ഷകരുടെ സംശയങ്ങൾ.
എമ്പുരാന്റെ തിയറികളിൽ ഏറ്റവും ചർച്ചയുണ്ടാക്കുന്നതാണ് സിനിമയിലെ മമ്മൂട്ടിയുടെ പ്രെസെൻസ്. ഖുറേഷി ഗാങ്ങിന്റെ തലവനായി മമ്മൂട്ടിയെത്തുമെന്നും മൂന്നാം ഭാഗം ഒരുപക്ഷെ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള ക്ലാഷ് കഥയെന്നും ആണ് തിയറികൾ. എന്നാൽ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ സിനിമയിൽ മമ്മൂട്ടി ഇല്ല എന്ന് പൃഥ്വിരാജ് പറഞ്ഞത് പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചിട്ടുണ്ടെങ്കിലും നേരിയ വെളിച്ചം അപ്പോഴും അവശേഷിക്കുന്നുണ്ട്. 'ലൂസിഫർ ഫ്രാൻഞ്ചൈസിയുടെ ഈ പാർട്ടിൽ മമ്മൂട്ടി സാർ ഇല്ല' എന്നാണ് പൃഥ്വിയുടെ വാക്കുകൾ. എമ്പുരാനിൽ മമ്മൂട്ടി ഇല്ലെന്നും ചിലപ്പോൾ മൂന്നാം ഭാഗത്തിൽ അദ്ദേഹം ഉണ്ടാകാം എന്നും സൂചനകളുണ്ട്. എമ്പുരാന്റെ ടൈറ്റിലിൽ A എന്ന അക്ഷരം രണ്ട് തവണ ആവർത്തിക്കുന്നുണ്ട്. ഒപ്പം അത് രണ്ട് ചോരയിൽ കുളിച്ചാണ് എഴുതിയിരിക്കുന്നത്. ഇതും തിയറികൾക്ക് ആക്കം കൂട്ടുന്നുണ്ട്.
സയീദ് മസൂദ് ആദ്യ ഭാഗത്തിൽ സ്റ്റീഫനോട് തോളോട് തോൾ ചേർന്ന് നിന്ന കഥാപാത്രമായിരുന്നെങ്കിൽ, രണ്ടാം ഭാഗത്തിൽ ഖുറേഷിയും സയീദും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ആഴത്തിൽ കാണിക്കും എന്നാണ് പ്രതീക്ഷ. ആരാണ് സയീദ്? അയാൾ എങ്ങനെയാണു ഖുറേഷിയുടെ അടുത്തെത്തുന്നത്? അവർ തമ്മിലുള്ള ബന്ധമെന്ത്? ഈ ചോദ്യങ്ങൾക്കെല്ലാം എമ്പുരാൻ ഉത്തരം നല്കുമെന്ന് പ്രതീക്ഷിക്കാം. ടീസറിൽ തീപിടിച്ച ഒരു വീടിന് മുൻപിൽ ഒരു കുട്ടിയേയും എടുത്ത് ഒരാൾ നിൽക്കുന്ന ഷോട്ട് ഉണ്ട്. ഇത് സയീദ് മസൂദിന്റെ കുട്ടിക്കാലം കാണിക്കുന്നതാണെന്നും തിയറി ഉണ്ട്. ആദ്യ ഭാഗത്തേക്കാൾ കൂടുതൽ സ്ക്രീൻ പ്രെസെൻസും ഇതിൽ സയീദിന് ഉണ്ടാകും.
ആരാണ് എമ്പുരാനിലെ പ്രതിനായകൻ?
ടീസറിൽ ജതിൻ രാംദാസിന്റെ ഒരു ഷോട്ട് മാത്രമാണുള്ളത്. ജതിൻ സ്റ്റീഫനെതിരെ തിരിയുമെന്നും രണ്ട് സഹോദരങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ ആകും സിനിമയെന്നും റിപ്പോർട്ടുകളുണ്ട്. ലൂസിഫറിന്റെ ട്രെയിലറിൽ സിനിമയുടെ ടാഗ് ലൈൻ ആയി കാണിക്കുന്നത് 'ബ്ലഡ് ബ്രദർഹുഡ് ബിട്രേയൽ' എന്നാണ്. ഇത് ചേർത്തുവായിക്കുമ്പോൾ സ്റ്റീഫന് ഒരുപാട് അടുപ്പമുള്ള ഒരാൾ അയാളെ ചതിക്കുമെന്നാണ് കണ്ടെത്തൽ. അത് ജതിനോ അതോ സയീദ് മസൂദോ? മാർച്ച് 27 വരെ കാത്തിരുന്നാൽ മതിയാകും.
Content Highlights: Empuraan fan theories explained