Top

'ഒന്ന് തലയിട്ടേച്ച് പോ എന്ന് അവന്മാര് പറഞ്ഞാലോ?'; വിവാദം വിട്ട് ഇങ്ങനെ രസിപ്പിക്കൂ എന്ന് പറഞ്ഞ പ്രേക്ഷകനോട് ഷമ്മി

'അനാവാശ്യ വിവാദങ്ങളിൽ പോയി തല ഇടാതെ ഞങ്ങൾക്ക് ഇതുപോലെ നല്ല എന്റർടെയ്ൻമെന്റ് തരൂ'

5 Sep 2022 2:53 PM GMT
ഫിൽമി റിപ്പോർട്ടർ

ഒന്ന് തലയിട്ടേച്ച് പോ എന്ന് അവന്മാര് പറഞ്ഞാലോ?; വിവാദം വിട്ട് ഇങ്ങനെ രസിപ്പിക്കൂ എന്ന് പറഞ്ഞ പ്രേക്ഷകനോട് ഷമ്മി
X

അഭിനയ മികവ് പോലെ തന്നെ തന്റെ നിലപാടുകളിലൂടെയും ശ്രദ്ധേയനായ നടനാണ് ഷമ്മി തിലകൻ. ഇപ്പോഴിതാ ആരാധകന് നടൻ നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

'അനാവാശ്യ വിവാദങ്ങളിൽ പോയി തല ഇടാതെ ഞങ്ങൾക്ക് ഇതുപോലെ നല്ല എന്റർടെയ്ൻമെന്റ് തരൂ... വിവാദങ്ങളും സംഘടനാ പ്രശ്നങ്ങളും ഉണ്ടാക്കാൻ ഒന്നിനും പറ്റാത്ത ടിനി ടോം, ഇടവേള ബാബു, പോലെയുള്ള ആളുകൾ ഉണ്ട്. ചേട്ടൻ നല്ല കഥാപാത്രങ്ങൾ കിട്ടാൻ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാകണം' എന്നാണ് ആരാധകന്റെ കമന്റ്.

'വിവാദങ്ങളിൽ പോയി തലയിടാൻ അന്നും ഇന്നും താല്പര്യമില്ല ബ്രോ. അഡ്ജസ്റ്റ് ചെയ്തു തന്നെയാണ് ഇതുവരെ എത്തിയത്, എന്നാൽ... ഒന്ന് തലയിട്ടേച്ച് പോ തിലകൻ ചേട്ടന്റെ മോനെ എന്നും പറഞ്ഞ ഓരോരോ അവന്മാര് കച്ചകെട്ടി ഇറങ്ങിയാൽ എന്ത് ചെയ്യും. ദേ കഴിഞ്ഞ ദിവസവും വന്നിട്ടുണ്ട് പുതിയ ഇണ്ടാസ്.. ഞാൻ എന്ത് ചെയ്യണം.. നിങ്ങൾ പറ', എന്നാണ് ഷമ്മി തിലകൻ നൽകിയ മറുപടി.


നിലവിൽ 'പാൽതു ജാൻവർ' എന്ന സിനിമയാണ് ഷമ്മി തിലകന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ചിത്രത്തിലെ നടന്റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. മൃഗ ഡോക്ടർ സുനിൽ ഐസക്ക് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. തലമൊട്ടയടിച്ച തമാശകൾ നിറഞ്ഞ കഥാപാത്രം 'മൂക്കില്ലാരാജ്യത്തി'ലെ തിലകനെ ഓർമ്മപ്പെടുത്തുന്നു എന്ന് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. ബേസിൽ ജോസഫ് നായകനായ ചിത്രത്തിൽ ഷമ്മി തിലകന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

story highlights: shammi thilakan comment to the fan gone viral

Next Story