

ഫ്രീഡ മക്ഫാഡന്റെ നോവലിനെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന സൈക്കോളജിക്കൽ ത്രില്ലറാണ് ദി ഹൗസ്മെയ്ഡ്. സിഡ്‌നി സ്വീനി, അമാൻഡ സെയ്ഫ്രൈഡ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഒരു ക്രൈം ത്രില്ലറായി എത്തിയ സിനിമയ്ക്ക് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. സിനിമയ്ക്ക് ഒരു രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഈ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
രണ്ടാം ഭാഗം 2027 ഡിസംബർ 17 ന് തിയേറ്ററിലെത്തും. ആദ്യ ഭാഗത്തിന്റെ തുടർച്ചയായിട്ടാണ് ഈ സിനിമ ഒരുങ്ങുന്നത്. സിഡ്‌നി സ്വീനിക്കൊപ്പം കിർസ്റ്റൺ ഡൺസ്റ്റും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവർക്കൊപ്പം ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തിയ മിഷേൽ മോറോണും രണ്ടാം ഭാഗത്തിൽ തിരിച്ചെത്തുന്നുണ്ട്. മാർവെൽ ചിത്രം അവഞ്ചേഴ്‌സ് സീക്രെട്ട് വാഴ്‌സിനൊപ്പമാണ് ഈ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ചിത്രത്തിലെ സിഡ്‌നി സ്വീനിയുടെ പ്രകടനത്തിന് വലിയ കയ്യടികൾ ലഭിച്ചിരുന്നു. ബോക്സ് ഓഫീസിലും സിനിമയ്ക്ക് മികച്ച വിജയം കാഴ്ചവെച്ചിരുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ സിനിമ ഇപ്പോൾ ലഭ്യമാണ്.

35 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 400 മില്യൺ ഡോളർ ആണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഈ സിഡ്‌നി സ്വീനി ചിത്രം. അമാൻഡ സെയ്ഫ്രൈഡ്, ബ്രാൻഡൻ സ്ക്ലെനർ, എലിസബത്ത് പെർകിൻസ് തുടങ്ങിയവരാണ് ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. സിനിമയിലെ സിഡ്‌നിയുടെയും അമാൻഡയുടെയും പ്രകടനങ്ങൾക്ക് വലിയ സ്വീകാര്യത ആണ് ലഭിച്ചത്.
Content Highlights: Sydney Sweeney's hit film The Housemaid to have a sequel, release date announced