

ന്യൂഡൽഹി: ഇടത് പാർട്ടികൾക്കെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പാർലമെന്റ് പ്രസംഗത്തിന് എതിരെ സിപിഐഎം. നുണ പ്രചരിപ്പിക്കുന്നത് ബിജെപി അവസാനിപ്പിക്കണമെന്ന് സിപിഐഎം പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് സിപിഐഎം പരസ്യ പ്രതികരണം നടത്തിയത്.
'1964ൽ രൂപീകൃതമായ സിപിഐഎം സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പൈതൃകം മുന്നോട്ട് കൊണ്ടുപോകുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പാർലമെന്റിലും തെരുവുകളിലും നിരന്തരം ഉന്നയിക്കുകയാണ്. ഇന്ന് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ തകർക്കുന്ന, അന്ന് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ആളുകളിൽ നിന്നും സർട്ടിഫിക്കറ്റ് ആവശ്യമില്ല,' സിപിഐഎം എക്‌സിൽ നടത്തിയ പ്രതികരണത്തിൽ പറയുന്നു.
സായുധ പോരാട്ടത്തിലൂടെ ഇന്ത്യയിലെ പാർലമെന്റ് സംവിധാനത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1969ൽ സിപിഐഎം രൂപീകരിച്ചത് എന്നായിരുന്നു കഴിഞ്ഞ ദിവസം അമിത് ഷാ പാർലമെന്റിൽ പറഞ്ഞത്. ഇന്ത്യയിലെ നക്‌സൽ കേന്ദ്രങ്ങൾ തകർത്തുവെന്ന അവകാശപ്പെട്ടുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു സിപിഐഎമ്മിനെതിരെ അമിത് ഷാ ഈ പരാമർശം നടത്തിയത്.
Stop spreading lies! CPI(M), formed in 1964, carries forward the glorious legacy of the freedom struggle. We have been raising people's issues in Parliament and on the streets through our struggles. We don't require certificates from betrayers of the freedom struggle, who are… pic.twitter.com/AE93thUoWG
— CPI (M) (@cpimspeak) March 30, 2026
ചൈനയിലും റഷ്യയിലും നടത്തിയതിന് സമാനമായ ഭരണ അട്ടിമറിയായിരുന്നു സിപിഐഎമ്മിന്റെ ലക്ഷ്യമെന്നും എന്നാൽ അത് നടപ്പിലായില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. ആ രാജ്യങ്ങളിൽ ഏകാധിപതികളും ഇന്ത്യയിൽ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുമാണ് ഉണ്ടായിരുന്നത് എന്നും അമിത് ഷാ പറഞ്ഞിരുന്നു.
വ്യാപകമായ വിമർശനമാണ് അമിത് ഷായുടെ പ്രസംഗത്തിന് പിന്നാലെ ഉയർന്നത്. ചരിത്രവസ്തുതകളെ വളച്ചൊടിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ് കേന്ദ്രമന്ത്രി എന്നായിരുന്നും നിരവധി പേർ ചൂണ്ടിക്കാണിച്ചത്.
Content Highlights: CPIM slams Amit Shah over his recent speech against CPIM in parliament