
നടൻ നാഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഹെെദരാബാദിലെ നടൻ്റെ വസതിയിൽ വെച്ചായിരിക്കും വിവാഹനിശ്ചയം നടക്കുക എന്നാണ് വിവരം. ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. ലളിതമായ ചടങ്ങായിരിക്കും നടക്കുകയെന്ന് താരങ്ങളോടടുത്ത വൃത്തങ്ങൾ അറിയിച്ചു.
നാഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനി വിവാഹനിശ്ചയത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തിയേക്കും. നാഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം ലഭിച്ചിരുന്നു.
നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻപങ്കാളി. 2017 ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2021 ഒക്ടോബറിൽ വേർപിരിയുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സാന്നിധ്യ മറിയിച്ച നടിയാണ് ശോഭിത ധൂലിപാല. മലയാളത്തിൽ കുറുപ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.