Top

'ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും സുപ്രധാന ഭൂമികയുണ്ടായിരുന്നു'; കൈനകരി തങ്കരാജിനെ അനുസ്മരിച്ച് മുരളി ഗോപി

'നമ്മള്‍ എഴുതുന്നു, പ്രപഞ്ചം മായ്ക്കുന്നു'

3 April 2022 9:27 PM GMT
ഫിൽമി റിപ്പോർട്ടർ

ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും സുപ്രധാന ഭൂമികയുണ്ടായിരുന്നു; കൈനകരി തങ്കരാജിനെ അനുസ്മരിച്ച് മുരളി ഗോപി
X

കൊച്ചി: ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും അന്തരിച്ച നടന്‍ കൈനകരി തങ്കരാജിന് പ്രധാന ഭാഗം അവതരിപ്പിക്കാനുണ്ടായിരുന്നുവെന്ന് സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപി. ഇന്ന് അന്തരിച്ച നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മുരളി ഗോപിയുടെ വെളിപ്പെടുത്തല്‍. 'ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മനസ്സില്‍ ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു തങ്കരാജേട്ടന്റെ നെടുമ്പള്ളി കൃഷ്ണന്. നമ്മള്‍ എഴുതുന്നു. പ്രപഞ്ചം മായ്ക്കുന്നു. ആദരാഞ്ജലികള്‍', മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലൂസിഫറിന്റെ ആദ്യ ഭാഗത്തില്‍ നെടുമ്പള്ളി കൃഷ്ണന്‍ എന്ന കഥാപാത്രത്തെയായിരുന്നു കൈനകരി തങ്കരാജ് അവതരിപ്പിച്ചത്. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രവുമായി വളരെ കാലത്തെ പരിചയമുള്ള കഥാപാത്രമായിട്ടായിരുന്നു നെടുമ്പള്ളി കൃഷ്ണന്‍ സിനിമയില്‍ അവതരിപ്പിക്കപ്പെട്ടത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രവുമായി ജയിലില്‍ കോമ്പിനേഷന്‍ സീനും കൈനകരി തങ്കരാജിന് ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു കൈനകരി തങ്കരാജിന്റെ വിയോഗം. 76 വയസായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പില്‍ നടക്കും.

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്.10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളായ തങ്കരാജ്, കെഎസ്ആര്‍ടിസിയിലെയും കയര്‍ ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.

പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്‍, എന്നീ ചിത്രങ്ങള്‍ക്ക് പുറമെ, അണ്ണന്‍ തമ്പി, ഈ മ യൗ, ആമേന്‍, ഹോം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

STORY HIGHLIGHTS: 'Nedumpally Krishnan has an important role in the second part too'; Murali Gopi commemorates Kainakari Thankaraj

Next Story