ഒരുപാട് ലെയറുകള്‍ ഉള്ള ഒരു വലിയ വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് മാജിക് മഷ്റൂം: ആകാശ് ദേവ് അഭിമുഖം

'ഈ സിനിമ ഞാന്‍ തന്നെ സംവിധാനം ചെയ്യാന്‍ ആയിരുന്നു പ്ലാന്‍. ഒരു തിരക്കഥാകൃത്ത് എന്നതിലുപരി സംവിധായകന്‍ ആകാന്‍ ആണ് എനിക്ക് ആഗ്രഹം.

ഒരുപാട് ലെയറുകള്‍ ഉള്ള ഒരു വലിയ വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് മാജിക് മഷ്റൂം: ആകാശ് ദേവ് അഭിമുഖം
രാഹുൽ ബി
1 min read|21 Jan 2026, 06:44 pm
dot image

പ്രേക്ഷകര്‍ ഏറ്റെടുത്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന്' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയാണ് മാജിക് മഷ്റൂം. നവാഗതനായ ആകാശ് ദേവ് ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. സമൂഹത്തില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് മാജിക് മഷ്റൂം എന്നും, പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടമാകും എന്ന ആത്മവിശ്വാസത്തിലാണ് തങ്ങള്‍ എന്നും ആകാശ് ദേവ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുകയാണ് ആകാശ് ദേവ്.

കാസ്റ്റിനെപ്പറ്റി….

എഴുതുമ്പോള്‍ മനസില്‍ ഉണ്ടായിരുന്ന അഭിനേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ ഈ സിനിമയില്‍ ഉള്ളതും. നമ്മുടെ എല്ലാ പ്ലാനും നാദിര്‍ഷക്ക് ഓക്കെ ആയിരുന്നു. ഒന്ന് രണ്ട് പേര്‍ മാത്രമാണ് മാറിയത്, അതും ഡേറ്റ് ക്ലാഷ് കാരണം മാത്രം. അക്ഷയ ആയിരിക്കും സിനിമയില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ പോകുന്നത്. ഇതൊരു പെണ്‍കുട്ടിയുടെ കഥയാണ്. അത് അക്ഷയ നന്നായി ചെയ്തിട്ടുണ്ട്.

akshaya

എന്താണ് മാജിക് മഷ്റൂം…

സിനിമയെപ്പറ്റി കൂടുതലായി ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല. പക്ഷെ ഒരു വലിയ വിഷയത്തെക്കുറിച്ച് സിനിമ സംസാരിക്കുന്നുണ്ട്. ഒരുപാട് ലെയറുകളിലൂടെ ആണ് കഥ പറയുന്നത്. ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ അത്തരം പ്രശ്‌നം അനുഭവിക്കുന്ന ഒരുപാട് പേരെ സമൂഹത്തില്‍ നമുക്ക് കാണാനാകും. ഈ സിനിമ കണ്ടതിന് ശേഷം അതിനോടെല്ലാം മാറിചിന്തിക്കാന്‍ നമുക്ക് കഴിയും.

നാദിര്‍ഷയിലേക്കും വിഷ്ണു ഉണ്ണികൃഷ്ണനിലേക്കും

ഈ സിനിമ ഞാന്‍ തന്നെ സംവിധാനം ചെയ്യാന്‍ ആയിരുന്നു പ്ലാന്‍. ഒരു തിരക്കഥാകൃത്ത് എന്നതിലുപരി സംവിധായകന്‍ ആകാന്‍ ആണ് എനിക്ക് ആഗ്രഹം. എനിക്കൊരു ടീം ഉണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചുണ്ട്. ഇടുക്കി, കോട്ടയം ഭാഗത്തുനിന്നുള്ള ഫ്രണ്ട് സര്‍ക്കിള്‍ ആണത്. സിനിമയും നടക്കുന്നത് ഇടുക്കിയിലാണ്. ഞാന്‍ എഴുതിയതില്‍ നാലാമത്തെ തിരക്കഥയാണ് മാജിക് മഷ്റൂം. ഹിറ്റടിക്കാന്‍ സാധ്യതയുള്ള വളരെ എളുപ്പം പിച്ച് ചെയ്യാന്‍ പറ്റുന്ന ഒരു സബ്ജക്ട് കൂടിയാണ് മാജിക് മഷ്റൂം. അതാണ് ഈ കഥ തിരഞ്ഞെടുക്കാനുള്ള കാരണവും. എഴുത്തിന്റെ സമയത്ത് തന്നെ വിഷ്ണു ഉണ്ണികൃഷ്ണന്‍ ആണ് നായകനായി മനസിലുണ്ടായിരുന്നത്. മുഴുവന്‍ സ്‌ക്രിപ്റ്റും കഴിഞ്ഞതിന് ശേഷമാണ് എന്റെ ടീമിന് ഞാന്‍ വായിച്ചുകൊടുത്തത്.

അങ്ങനെ വായിക്കുമ്പോള്‍ തന്നെ എന്റെ കാസ്റ്റിംഗും ഐഡിയയുമെല്ലാം അവര്‍ക്കും ഓക്കെ ആയിരുന്നു. വിഷ്ണുവുമായി നേരത്തെ പരിചയമില്ലായിരുന്നു. പുള്ളിയെ ഫോണ്‍ വിളിച്ച് കഥ പറയുകയായിരുന്നു. ഇപ്പോള്‍ ശരിക്കും ഒരു ചേട്ടനെപ്പോലെ തന്നെയാണ് അദ്ദേഹം. സിനിമ ഞാന്‍ ചെയ്യാനിരുന്നപ്പോള്‍ ചില പ്രശ്‌നങ്ങള്‍ വന്ന് അത് മാറിപ്പോയി. ആ സമയത്താണ് വിഷ്ണു ചേട്ടന്‍ പറയുന്നത് നാദിര്‍ഷ അടുത്ത സിനിമയ്ക്കായി ഒരു കഥ അന്വേഷിക്കുന്നുണ്ടെന്ന്. ഇക്ക ഏകദേശം 30 ഓളം സ്‌ക്രിപ്റ്റുകള്‍ ആ സമയത്ത് കേട്ടിരുന്നു. പക്ഷെ ഞാന്‍ തിരക്കഥ പറഞ്ഞു അവസാനിപ്പിച്ചപ്പോള്‍ തന്നെ അദ്ദേഹം ചെയ്യാന്‍ സമ്മതിച്ചു.

ഇന്നത്തെ മലയാളി പ്രേക്ഷകര്‍

ഒരു ടെക്നീഷ്യനെ പോലെ തന്നെ അറിവുള്ളവരാണ് ഇന്നത്തെ മലയാളി പ്രേക്ഷകര്‍. എത്രയൊക്കെ പ്രൊമോഷന്‍ ചെയ്താലും സിനിമ നന്നായാല്‍ മാത്രമേ ഇവിടെ വിജയിക്കുള്ളൂ. അതില്‍ ബജറ്റോ മറ്റു കര്യങ്ങളോ ഒന്നും ഒരു മാനദണ്ഡമല്ല. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ കണ്ടന്റ് തന്നെയാണ് സംസാരിക്കുന്നത്.

പ്രേക്ഷകരോട്

ഒരു ടീമിന്റെ വലിയ കഷ്ടപ്പാടിന്റെ ഫലമാണ് ഈ സിനിമ. ഞങ്ങളുടെ എല്ലാവരുടെയും സ്വപ്നം കൂടിയാണിത്. ഈ പ്രോഡക്റ്റ് ഉണ്ടാക്കിയത് പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. എല്ലാ ചേരുവകളും ചേര്‍ത്ത് എല്ലാവര്‍ക്കും ഇഷ്ടമാകുന്ന തരത്തില്‍ ഒരു ഡിഷ് കുക്ക് ചെയ്തു എന്ന ആത്മവിശ്വാസമുണ്ട്.

Content Highlights: Writer Akash Dev talks about Nadirshah film Magic Mushrooms

dot image
To advertise here,contact us
dot image