കട്ടയ്ക്ക് നിന്ന ജീവയാണ് ഈ സിനിമയുടെ വിജയം, തമിഴ്നാട്ടിലെ റെസ്പോൺസ് കണ്ട് ഇമോഷണലായി: നിതീഷ് സഹദേവ് അഭിമുഖം

ഈ കഥ ചെയ്യാനായി മലയാളത്തിലെ 2 നായകന്മാരുടെ പുറകെ നടന്നു ക്ഷീണിച്ചതാണ് ഞാൻ. അവർക്ക് രണ്ട് പേർക്ക് പ്രശ്നം സ്‌ക്രീൻ സ്‌പേസ് ഇല്ല എന്നതായിരുന്നു

കട്ടയ്ക്ക് നിന്ന ജീവയാണ് ഈ സിനിമയുടെ വിജയം, തമിഴ്നാട്ടിലെ റെസ്പോൺസ് കണ്ട് ഇമോഷണലായി: നിതീഷ് സഹദേവ് അഭിമുഖം
രാഹുൽ ബി
1 min read|26 Jan 2026, 09:06 pm
dot image

ബേസിൽ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത സിനിമയാണ് ഫാലിമി. ഒരു കോമഡി ഫാമിലി ഡ്രാമയായി ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിലും വലിയ ഹിറ്റായിരുന്നു. ഈ ചിത്രത്തിന് ശേഷം ജീവയെ നായകനാക്കി നിതീഷ് ഒരുക്കിയ തമിഴ് ചിത്രമാണ് 'തലൈവർ തമ്പി തലൈമയിൽ'. പൊങ്കൽ റിലീസായി തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. തമിഴ് പ്രേക്ഷകർ ചിത്രം കണ്ട് ഹാപ്പി ആണെന്നും അവരുടെ റെസ്പോൺസ് കണ്ട് ഇമോഷണലായി എന്നും നിതീഷ് സഹദേവ്. സിനിമയ്ക്കൊപ്പം കട്ടയ്ക്ക് കൂടെ നിന്ന ആളാണ് ജീവയെന്നും അതാണ് ഈ സിനിമയുടെ വിജയം എന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ നിതീഷ് പറഞ്ഞു. ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രത്തിനെക്കുറിച്ച് നിതീഷ് മനസുതുറന്നു.

സിനിമയിലെ ഹ്യൂമർ

പൊതുവായ ഒരു ചർച്ച ഞങ്ങൾക്കിടയിൽ നടന്നിരുന്നു. പിന്നെ ഒരു കല്യാണം ഞങ്ങൾ പോയി കണ്ടിരുന്നു എങ്ങനെയാണു അത് നടക്കുന്നതെന്ന് അറിയാൻ. അവിടന്നാണ്‌ ഈ ഫ്ലെക്സ് വെക്കുന്ന ഐഡിയ കണ്ടത്. ഹ്യൂമർ കൊണ്ടുവരായി പ്രേത്യേകിച്ച് ഒന്നും ഞങ്ങൾ എഴുതിയിരുന്നില്ല. ആ സാഹചര്യത്തിന് അനുസരിച്ചുള്ള തമാശകൾ ആണ് ഞങ്ങൾ ഒരുക്കിയത്. യോഗി ബാബുവിനെ പോലെ ഒരാളെ കൊണ്ട് വന്നു രണ്ട് വീട്ടിൽ കയറി തമാശ ഉണ്ടാക്കാനുള്ള ഒരു സ്കോപ്പ് കഥയിൽ ഉണ്ടായിരുന്നു. കാരണം എപ്പോഴും ഒരു തമിഴ് സിനിമയിൽ ഹ്യൂമർ ചെയ്യാനായി ഒരു കഥാപാത്രം ഉണ്ടാകും. പക്ഷെ ഞാൻ അങ്ങനെ ഒരു കഥാപാത്രസൃഷ്ടിയിലേക്ക് പോയില്ല. സിനിമയിൽ ഹ്യൂമർ കുറവാണെന്ന് ചിലർ പറയുന്നുണ്ട് പക്ഷെ ആ സാഹചര്യത്തിന് ആവശ്യമായ തമാശകൾ മാത്രമാണ് ഞാൻ സിനിമയിൽ വെച്ചിട്ടുള്ളത്. എല്ലാവരും പറഞ്ഞു തമിഴ് സിനിമയാണ് അങ്ങനെ നോക്കണ്ട എന്ന്. പക്ഷെ തമിഴിൽ ഇപ്പോൾ വിജയിക്കുന്നതെല്ലാം നല്ല കണ്ടെന്റ് പടങ്ങൾ ആണ്. അതുകൊണ്ട് തന്നെ ചിരിക്ക് വേണ്ടി ഒരു ഫോർസ്ഡ് ഹ്യൂമർ വേണ്ടെന്ന് തീരുമാനിച്ചു.

jiiva

ക്ലൈമാക്സ്

ഇത്രയും പ്രശ്നങ്ങൾ നടന്നിട്ട് അവസാനം നന്മയായി പോകാൻ പാടില്ല. ക്ലൈമാക്സിൽ ഈ കഥാപാത്രങ്ങൾ എല്ലാം മോശക്കാർ ആയതുകൊണ്ട് അവരെ ഒന്ന് കഴുകി എടുക്കാം എന്ന് കരുതിയാണ് ആ വാട്ടർ ടാങ്ക് സീൻ വെച്ചത്. അത് ചിലർക്ക് മനസിലായി ചിലർക്ക് അത് ഒരു ഹ്യൂമർ പടം എന്ന എഫക്ട് കിട്ടി.

മാർത്താണ്ഡം സ്ലാങ്

എന്റെ വീട് ട്രിവാൻഡ്രം മാർത്താണ്ഡത്തിന് അടുത്താണ്. അതുകൊണ്ട് തന്നെ പണ്ട് തൊട്ടേ കെടിവിയിലെ തമിഴ് സിനിമകൾ കണ്ട് പരിചയമുണ്ട്. ഈ അഭിനേതാക്കളെ ഞാൻ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് ആ സ്ലാങ്ങിൽ ഒരു ഫാമിലിയെ സെറ്റ് ചെയ്യാമെന്ന് കരുതി. അവർ എല്ലാവരും മാർത്താണ്ഡംകാരാണ്. അവരുടെ ആ സ്ലാങ് കൂടി ആയപ്പോൾ ഹ്യൂമർ വർക്ക് ആയി. ഇല്ലെങ്കിൽ അതൊരു സാധാരണ സീൻ ആയേനെ.

കട്ടയ്ക്ക് നിന്ന ജീവ

ജീവ ഈ സിനിമ ചെയ്യാം എന്ന് ഏറ്റത് ഒരു വലിയ തീരുമാനം ആയിരുന്നു. കാരണം ഈ കഥ ചെയ്യാനായി മലയാളത്തിലെ 2 നായകന്മാരുടെ പുറകെ നടന്നു ക്ഷീണിച്ചതാണ് ഞാൻ. അവർക്ക് രണ്ട് പേർക്ക് പ്രശ്നം സ്‌ക്രീൻ സ്‌പേസ് ഇല്ല എന്നതായിരുന്നു. എന്നിട്ടും അവർക്കൊപ്പം ഞാൻ 10 സിറ്റിങ്ങോളം ഇരുന്നിരുന്നു. ഒരിക്കലും ഈ കഥ തമിഴിൽ ചെയ്യാൻ പറ്റുമെന്ന് കരുതിയില്ല. അവിടെയും നമുക്ക് ചെയ്യാം എന്ന് പറഞ്ഞു ജീവ കൂടെ നിന്നു. ഷൂട്ട് ചെയ്യുമ്പോഴും ഇത്ര സീനുകളെ തനിക്ക് ഉള്ളു എന്ന് ജീവയ്ക്ക് അറിയാമായിരുന്നു എന്നിട്ടും അദ്ദേഹം ഹാപ്പി ആയി ഈ സിനിമയ്ക്കൊപ്പം നിന്നു. അതാണ് ഈ സിനിമയുടെ വിജയം. പുള്ളിക്ക് ഒരു വലിയ ഹിറ്റാണ് വർഷങ്ങൾക്ക് ശേഷം ഈ സിനിമയിലൂടെ കിട്ടിയത്. ജീവയുമായി ഇനി സിനിമകൾ ചെയ്യാൻ സാധ്യത ഉണ്ട് പക്ഷ നിലവിൽ എനിക്ക് വേറെ കമ്മിറ്റ്മെന്റുകൾ ഉണ്ട്.

പ്രേക്ഷകരുടെ റെസ്പോൺസിൽ ഇമോഷണലായി

വളരെ കഷ്ടപ്പെട്ടു അടിയുണ്ടാക്കിയാണ് നമുക്ക് തിയേറ്ററുകൾ കിട്ടിയത്. പക്ഷെ അവിടത്തെ പ്രേക്ഷകർ ഹാപ്പിയാണ്. അവർക്ക് പൊങ്കൽ സമയത്ത് എന്തെങ്കിലും ചിരിക്കാൻ വേണമായിരുന്നു. വേറെ ഒരുതരം വൈബ് പ്രേക്ഷകരാണ് അവിടുത്തേത്. സത്യം പറഞ്ഞാൽ ഈ സിനിമ ചെയ്തില്ലായിരുന്നുവെങ്കിൽ ആ എക്സ്പീരിയൻസ് നഷ്ടമായേനെ. പ്രേക്ഷകർ വന്നു ഓരോ കാര്യങ്ങൾ പറയുമ്പോൾ നമ്മൾ ഇമോഷണലായി പോകും.

mammootty

മമ്മൂട്ടി പടത്തിനെക്കുറിച്ച്

മമ്മൂക്ക പടത്തിന്റെ പ്രീ പ്രൊഡക്ഷൻ തുടങ്ങിയിട്ടുണ്ട്. അടൂർ സാറിന്റെ പടം കഴിഞ്ഞാലുടൻ അത് തുടങ്ങും. ഒരു ആക്ഷൻ സിനിമ തന്നെയാണ് പക്ഷെ ആക്ഷനെ പുതിയ രീതിയിൽ അവതരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്. എന്നെകൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ ബെസ്റ്റ് ഔട്ട് കൊണ്ടുവരാം. ജിംഷി ഖാലിദ് ആണ് കാമറ വിഷ്ണു വിജയ് ആണ് മ്യൂസിക് കൈകാര്യം ചെയ്യുന്നത്. ഈ വർഷം ക്രിസ്മസോടെ റിലീസ് ചെയ്യാൻ ആണ് പ്ലാൻ.

Content Highlights: Nithish sahadev talks about Jiiva film Thalaivar Thambi Thalaimaiyil and upcoming mammootty film

dot image
To advertise here,contact us
dot image