

ആരാധികേ, ഏയ് ബനാനെ, ഇല്ലുമിനാറ്റി തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച ഗാനരചയിതാവാണ് വിനായക് ശശികുമാർ. മലയാളം പോലെ തന്നെ തമിഴ് ഭാഷയിലും വിനായക് പ്രാവീണ്യം
തെളിയിച്ചിട്ടുണ്ട്. വിനായകിന്റെ വരികളിൽ പുറത്തിറങ്ങിയ പൈങ്കിളിയിലെ വാഴ്‌കൈ എന്ന തമിഴ് ഗാനം കേരളത്തിലും തമിഴ്നാട്ടിലും സൂപ്പർഹിറ്റായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി-വിനായകന്‍ ചിത്രമായ കളങ്കാവലിലും 'നിലാ കായും' എന്ന തമിഴ് ഗാനവുമായി എത്തി ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടുകയാണ് വിനായക് ശശികുമാർ. പത്ത് വർഷത്തോളം താൻ തമിഴ്നാട്ടിലാണ് പഠിച്ചതെന്നും ആ സമയത്ത് കണ്ട തമിഴ് സിനിമകളിലൂടെയും കേട്ട തമിഴ് പാട്ടുകളിലൂടെയും ആണ് താൻ തമിഴിൽ പ്രാവീണ്യം നേടിയതെന്നും വിനായക് ശശികുമാർ പറയുന്നു. പുതിയ സിനിമയായ കളങ്കാവലിനെക്കുറിച്ച് റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുകയാണ് വിനായക് ശശികുമാർ.

തമിഴ് വരികൾ
മദ്രാസിൽ പത്ത് വർഷത്തോളം ജീവിച്ച ആളാണ് ഞാൻ. സ്കൂളും, കോളേജും അവിടെ ആയിരുന്നു . മാത്രമല്ല
തമിഴ്നാട്ടില്‍ ജോലി ചെയ്തിട്ടുമുണ്ട്. ആ സമയത്ത് കണ്ട തമിഴ് സിനിമകളുടെയും കേട്ട തമിഴ് പാട്ടുകളുടെയും ആളുകളോട് സംസാരിക്കുന്നതിന്‍റെയുമെല്ലാം ഭാഗമായി കിട്ടിയ തമിഴ് ബേസ് ആണ് എനിക്കുള്ളത്. അങ്ങനെയാണ് ഈ പാട്ടൊക്കെ എഴുതാൻ പറ്റുന്നത്. ആദ്യമായി ഞാൻ തമിഴ് വരികൾ എഴുതുന്നത് ഇയ്യോബിന്റെ പുസ്തകത്തിലാണ്. അതിൽ പാട്ടുകൾ ഞാൻ അല്ല, റഫീഖ് അഹമ്മദ് ആണ് എഴുതിയിരിക്കുന്നത്. പക്ഷെ അതിൽ തമിഴ് സ്വഭാവം വരുന്ന അംഗൂർ റാവുത്തർ, റാഹേൽ, മാർത്ത തുടങ്ങിയ കഥാപാത്രങ്ങളുടെ തീം എഴുതിയത് തമിഴിലാണ്.
കളങ്കാവലിലെ പാട്ടുകൾ എല്ലാം തമിഴാണ്
കളങ്കാവലിലെ അഞ്ച് പാട്ടുകളും തമിഴിലാണ് ഉള്ളത്. സിനിമയിലെ പാട്ടുകൾ 80 സിൽ ഉള്ള തമിഴ് പാട്ടുകളെ പോലെയാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. സിനിമയിൽ അതെല്ലാം പാട്ടായി വന്നുപോകുന്നതല്ല. പുറത്തിറങ്ങിയ ലിറിക്ക് വിഡിയോയിൽ ഒരു വോക്മാന്‍ വന്നുപോകുന്നുണ്ട്. അതിൽ നിന്ന് പ്ലേ ആകുന്ന തരത്തിലുള്ള, ആ സിനിമയിലെ കഥാപാത്രങ്ങൾ കേൾക്കുന്ന തരത്തിലാണ് കളങ്കാവലിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.
സിനിമയിലെ കഥാപാത്രങ്ങൾ സഞ്ചരിക്കുന്ന വഴികളിൽ കേൾക്കുന്ന, സിനിമയുടെ സൗണ്ട് ഡിസൈനിന്റെ ഒരു ഭാഗമായി വരുന്ന തരത്തിലാണ് പാട്ടുകളുടെ പ്ലേസ്മെന്‍റ്. എനിക്കും അത് പുതിയ അനുഭവം ആയിരുന്നു. പാട്ടുകൾക്ക് റെട്രോ സ്വഭാവം വരാനും കാരണം അതാണ്. മമ്മൂക്കയെ നേരിട്ട് ഞാൻ കണ്ടിരുന്നു. അദ്ദേഹവും കളങ്കാവലിലെ പാട്ടുകൾ കേട്ട് സന്തോഷവാനാണ്. തമിഴ് എങ്ങനെയാണ് ഇത്ര നന്നായി അറിയുന്നത് എന്ന് എന്നോട് ചോദിച്ചു.

പൈങ്കിളിയിലെ പാട്ട് ഒരു കൂട്ടർക്ക് ഫീൽ ഗുഡ് മറ്റൊരു കൂട്ടർക്ക് ചിരി
വളരെ ഓവർ ദി ടോപ് ആയി ബിഹേവ് ചെയ്യുന്ന നോർമൽ അല്ലാത്ത തരം കഥാപാത്രങ്ങൾ ഉള്ള സിനിമയാണ് പൈങ്കിളി. അതുകൊണ്ട് ആ ക്രേസിനെസ്സ് എല്ലാ പാട്ടുകളിലും വേണമെന്ന് തീരുമാനിച്ചിരുന്നു. സിനിമയിൽ രണ്ട് കഥാപാത്രങ്ങൾ യാത്ര നടത്തുന്ന ഒരു സീൻ ഉണ്ട്. ആ യാത്ര അവർ സീരിയസ് ആയിട്ടാണ് പോകുന്നതെങ്കിലും കാണുന്നവർക്ക് അത് തമാശയാണ്. കഥാപാത്രങ്ങൾക്ക് ഒരു പണി കിട്ടി തിരിച്ചുവരുന്നു എന്ന തരത്തിൽ പാട്ട് വേണമായിരുന്നു. എന്നാൽ അത് ഡയറക്റ്റ് ആയി പറഞ്ഞാൽ ഫൺ ആകില്ല.
'വാഴ്‌കൈ' എന്ന പൈങ്കിളിയിലെ പാട്ട് എം എസ് വിശ്വനാഥൻ - രാമമൂർത്തി കാലഘട്ടത്തിൽ ചെയ്ത പാട്ടുകളുടെ സ്റ്റൈലിൽ ആണ് ഒരുക്കിയത്. 'അതോ അന്ത പറവൈ പോലെ' തുടങ്ങിയ പാട്ടുകളുടെ റഫറൻസ് വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. അപ്പോൾ അത്തരത്തിലുള്ള ലിറിക്‌സും, സിംഗറും, മ്യൂസിക്കും വേണം. അങ്ങനെയാണ് 'വാഴ്‌കൈ' എന്ന പാട്ടിലേക്ക് എത്തിയത്. സിനിമയിൽ ഇന്നേവരെ പരീക്ഷിക്കാത്ത ആശയമാണ് ഒരേ പാട്ട് രണ്ട് സംസ്ഥാനങ്ങളിലെ ആളുകൾ കേൾക്കുമ്പോൾ രണ്ട് തരത്തിൽ തോന്നണം എന്നുള്ളത്. തമിഴ് പ്രേക്ഷകർ കേൾക്കുമ്പോൾ ഇത് മനോഹരമായ ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടായി തോന്നണം അതേസമയം മലയാളികൾക്ക് വേറെ അർഥം തോന്നണം. തമിഴിലെ ചില വാക്കുകൾ മലയാളത്തിൽ പ്രശ്നമുള്ള വാക്കുകളാണ്. തിരിച്ചും അങ്ങനെ തന്നെയാണ്.
തമിഴ്നാട്ടിലെ പലരും ഈ പാട്ട് ഒരു പഴയ തമിഴ് ഗാനം എന്നാണ് കരുതിയിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ് അടക്കമുള്ള വലിയ ടീമുകളുടെ ഇൻസ്റ്റഗ്രാം പേജിൽ ഫ്രണ്ട്ഷിപ്പിനെ കാണിക്കുന്ന രീതിയിൽ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. എനിക്കത് കണ്ടിട്ട് ചിരിക്കണോ മൂക്കത്ത് വിരൽ വെക്കണോ എന്ന അവസ്ഥയായിരുന്നു.

പുറത്തിറങ്ങാനുള്ള സിനിമകൾ
ചത്താ പച്ച എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ളത്. ശങ്കർ-എഹ്സാൻ-ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം ചെയ്യുന്ന സിനിമയാണ് അത്. അവർക്ക് വേണ്ടി ലിറിക്‌സ് എഴുതാൻ കഴിഞ്ഞു എന്ന ഭാഗ്യമുണ്ടായി. അവർക്കൊപ്പം ബോംബെയിൽ പോയി വർക്ക് ചെയ്തതിന്റെ ത്രില്ലിലാണ് ഞാൻ. 'വലതുവശത്തെ കള്ളൻ', 'ഭഭബ', ജോൺ പോൾ ചിത്രം 'ആശാൻ' ഇതൊക്കെയാണ് ഇനി വരാനിരിക്കുന്ന സിനിമകൾ.
Content Highlights: Vinayak Sasikumar about Kalamkaval and painkili songs