Top

'ഇന്ത്യൻ 2' ഉപേക്ഷിച്ചിട്ടില്ല; ഉടൻ ആരംഭിക്കുമെന്ന് കമൽഹാസൻ

'ബാഷ' എന്ന ചിത്രത്തിന്റെ റെക്കോർഡ് മറികടന്നുകൊണ്ടാണ് ഏറ്റവും കൂടുതൽ വരുമാനം നേടി 'ഇന്ത്യൻ' ശ്രദ്ധ നേടിയത്

26 May 2022 7:03 AM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ത്യൻ 2 ഉപേക്ഷിച്ചിട്ടില്ല; ഉടൻ ആരംഭിക്കുമെന്ന് കമൽഹാസൻ
X

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'വിക്ര'മിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് കമൽഹാസൻ അടക്കമുള്ള താരങ്ങളും അണിയറപ്രവർത്തകരും. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് നടന്ന പ്രൊമോഷൻ ചടങ്ങിൽ 'ഇന്ത്യൻ' സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചും താരം പറഞ്ഞിരുന്നു. 'ഇന്ത്യൻ 2' ഉപേക്ഷിച്ചിട്ടില്ല എന്നും സിനിമ ചെയ്യാൻ തന്നെയാണ് തീരുമാനമെന്നുമാണ് കമൽ ഹാസൻ പറഞ്ഞത്. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങി കിടക്കുന്ന ചിത്രത്തിന്റെ ബാക്കിയുള്ള പ്രവർത്തങ്ങളും ഉടൻ പുനരാരംഭിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

ഇന്ത്യൻ 2' ഉപേക്ഷിച്ചിട്ടില്ല. രാം ചരൺ നായകനായ 'ആർസി 15' എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകൻ ശങ്കർ. ഇതിനു ശേഷം കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങി കിടക്കുന്ന 'ഇന്ത്യൻ 2' വിന്റെ ജോലികൾ പുനരാരംഭിക്കും'.താരം ഉറപ്പ് നൽകി.

തെന്നിന്ത്യൻ സിനിമ ലോകം ഹിറ്റാക്കി മാറ്റിയ ചിത്രമായിരുന്നു എസ് ശങ്കർ സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ'. കമൽ ഹാസൻ ഇരട്ടവേഷത്തിലെത്തിയ ചിത്രത്തിൽ മനീഷ കൊയ്‌രാള, ഉർമിള മാതോന്ദ്കർ, സുകന്യ, ഗൗണ്ടമണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ഹിറ്റ് ചാർട്ടിൽ ഉള്ളതാണ്. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എആർ റഹ്മാനാണ്.


മികച്ച നിരൂപകശ്രദ്ധ നേടിയ ചിത്രം തമിഴ്നാട്ടിലെ പ്രദർശനശാലകളിൽ ബ്ലോക്ക് ബസ്റ്ററായി മാറിയിരുന്നു. 'ബാഷ' എന്ന ചിത്രത്തിന്റെ റെക്കോർഡ് മറികടന്നുകൊണ്ടാണ് ഏറ്റവും കൂടുതൽ വരുമാനം നേടി ഇന്ത്യൻ ശ്രദ്ധ നേടിയത്. മൂന്നു വർഷങ്ങൾക്കു ശേഷം 'പടയപ്പ' എന്ന ചിത്രം പുറത്തിറങ്ങുന്നതു വരെ ഈ റെക്കോർഡ് നിലനിർത്താനും 'ഇന്ത്യൻ' സിനിമയ്ക്ക് സാധിച്ചു. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ 'ഇന്ത്യൻ' 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ കമൽ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം, ഫിലിംഫെയർ പുരസ്കാരം എന്നിവ ലഭിച്ചു. പിന്നീട് 'ഇന്ത്യൻ' 'ഹിന്ദുസ്ഥാനി' എന്ന പേരിൽ ഹിന്ദിയിലും 'ഭാരതീയുഡു' എന്ന പേരിൽ തെലുങ്കിലും പുറത്തിറക്കിയിരുന്നു.

Story highlights: 'Indian 2' isn't shelved; Kamal Haasan says it will start soon

Next Story