ഡക്കില്‍ 'ഹാട്രിക്ക'ടിച്ച് സയിം അയൂബ്; നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഇനി സഞ്ജുവിനൊപ്പം

തുടർച്ചയായ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായതിന് പിന്നാലെ നാണക്കേടിന്റെ റെക്കോർഡും സ്വന്തം പേരിൽ എഴുതിച്ചേർത്തിരിക്കുകയാണ് സയിം അയൂബ്

ഡക്കില്‍ 'ഹാട്രിക്ക'ടിച്ച് സയിം അയൂബ്; നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഇനി സഞ്ജുവിനൊപ്പം
dot image

ഏഷ്യാ കപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഡക്കായിരിക്കുകയാണ് പാകിസ്താന്റെ യുവ ഓപ്പണറും ഓൾറൗണ്ടറുമായ സയിം അയൂബ്. യുഎഇക്കെതിരായ മത്സരത്തിൽ താരത്തിന് രണ്ട് പന്തുകൾ മാത്രമാണ് ക്രീസിൽ നിൽക്കാനായത്. ഇതിന് തൊട്ടുമുമ്പുള്ള ഒമാനെതിരെയും ഇന്ത്യയ്‌ക്കെതിരെയുമുള്ള മത്സരത്തിൽ താരം ആദ്യ പന്തുകളിൽ തന്നെ പുറത്തായിരുന്നു.

തുടർച്ചയായ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായതിന് പിന്നാലെ നാണക്കേടിന്റെ റെക്കോർഡും സ്വന്തം പേരിൽ എഴുതിച്ചേർത്തിരിക്കുകയാണ് സയിം അയൂബ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ തവണ ഡെക്കായവരുടെ ലിസ്റ്റിലാണ് താരത്തിന് ഇടംപിടിക്കേണ്ടിവന്നത്. ഈ റെക്കോർഡിൽ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണൊപ്പം രണ്ടാം സ്ഥാനത്താണ് സയിം അയൂബും എത്തിയിരിക്കുന്നത്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇത് അഞ്ചാം തവണയാണ് സയിം അയൂബിന് ഡക്കായി ക്രീസ് വിടേണ്ടി വന്നത്. ഇതോടെ ലിസ്റ്റില്‍ സഞ്ജുവിനൊപ്പം രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇടംകൈയന്‍ ബാറ്റര്‍.

കഴിഞ്ഞ വര്‍ഷമാണ് സഞ്ജു അഞ്ച് ഡക്കുകളുമായി ഈ റെക്കോർഡിൽ ഇടം നേടിയത്. 2024ല്‍ 13 ടി20കളിലാണ് അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഇതില്‍ അഞ്ചിലും റൺസൊന്നും നേടാനാവാതെ ക്രീസ് വിടേണ്ടി വരികയായിരുന്നു.

സഞ്ജു, സയിം അയൂബ് എന്നിവരെ കൂടാതെ സിംബാബ്‌വെയുടെ റെഗിസ് ചകബ്വ (2022), പാകിസ്താന്റെ ഹസന്‍ നവാസ് (2025) എന്നിവരും അഞ്ച് ഡക്കുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത് സിംബാബ്‌വെയുടെ ഫാസ്റ്റ് ബൗളറായ റിച്ചാര്‍ഡ് എന്‍ഗറാവയാണ്. ആറ് ഡക്കുകളുമായാണ് അദ്ദേഹം നാണക്കേടിന്റെ റെക്കോര്‍ഡിൽ തലപ്പത്തെത്തിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു ആറ് തവണ പൂജ്യത്തിന് ഔട്ടായി എന്‍ഗറാവ ഡക്ക് വീരന്മാരുടെ ലിസ്റ്റിൽ ഒന്നാമനായത്.

Content Highlights: Saim Ayub Equals Sanju Samson's Record Of 5 T20 Ducks In A Calendar Year

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us