

ഭോപ്പാല്‍: മധ്യപ്രദേശിലെ ദിന്‍ഡോരി ജില്ലയില്‍ രസഗുളയാണെന്ന് വിശ്വസിച്ച് നാടന്‍ ബോംബ് വായിലിട്ട് കടിച്ച ഗൃഹനാഥന് ദാരുണാന്ത്യം. വായിലിരുന്ന് ബോംബ് പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനമുണ്ടായി. ദിന്‍ഡോരി ജില്ലയിലെ കോത്വാലി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള പദാരിയ ഗ്രാമത്തിലാണ് നവംബര്‍ പത്ത് ചൊവ്വാഴ്ച വൈകീട്ട് ഈ ദാരുണ സംഭവം നടന്നത്. ഗൃഹനാഥന് തല്‍ക്ഷണം മരിച്ചു.
പദാരിയ സ്വദേശിയായ രാജേന്ദ്ര ബരോതിയ സ്വന്തം വീട്ടിലിരിക്കുമ്പോള്‍ പ്രതിയായ രാം ഭഗത് ബരോതിയ അവിടേക്ക് വരികയും ഇരുവരും തമ്മില്‍ സംസാരിക്കുകയും ചെയ്തു. സംസാരത്തിനിടയില്‍ സ്വാദിഷ്ടമായ രസഗുളയാണെന്ന് പറഞ്ഞുകൊണ്ട് രാം ഭഗത് കൈവശമുണ്ടായിരുന്ന നാടന്‍ ബോംബ് രാജേന്ദ്ര ബരോതിയയ്ക്ക് കൈമാറുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഇരുട്ടായിരുന്നതിനാല്‍ കയ്യിലുള്ളത് എന്താണെന്ന് അദ്ദേഹത്തിന് വ്യക്തമായി കാണാനും സാധിച്ചിരുന്നില്ല.
രാം ഭഗതിനെ വിശ്വസിച്ച അദ്ദേഹം അത് വായിലേക്കിട്ട് കടിച്ചയുടന്‍ ശക്തിയായ സ്ഫോടനം ഉണ്ടാകുകയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയുമായിരുന്നു.
മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ബോംബായിരുന്നു അതെന്നും, വലിയ സ്ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ അയല്‍ക്കാരുടെ സഹായത്തോടെ രാജേന്ദ്രനെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ലെന്നും പങ്കാളി സുശീല ഭായി പറഞ്ഞു.
വിവരമറിഞ്ഞ് കോത്വാലി പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേസില്‍ മുഖ്യപ്രതിയായ രാം ഭഗത് ബരോതിയയെയും കൂടെയുണ്ടായിരുന്ന മറ്റൊരാളെയും കസ്റ്റഡിയിലെടുത്തതായി കോത്വാലി പൊലീസ് സ്റ്റേഷന് ഇന്‍ചാര്‍ജ് ദുര്‍ഗാ പ്രസാദ് നാഗ്പുരെ അറിയിച്ചു.
ചോദ്യം ചെയ്യലില്‍, ഒരു കുട്ടിയാണ് തനിക്ക് ഈ ബോംബ് തന്നതെന്നാണ് പ്രതി രാം ഭഗത് പൊലീസിനോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ആ കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതിയും കൊല്ലപ്പെട്ടയാളും അല്ലെങ്കില്‍ അയല്‍ക്കാരും തമ്മില്‍ വ്യക്തിപരമായ എന്തെങ്കിലും വൈരാഗ്യങ്ങള്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള എല്ലാ വശങ്ങളും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
Content Highlight: A man in Madhya Pradesh's Dindori district died instantly after biting into a country-made bomb, mistaking it for a rasgulla. The tragic incident occurred in Padariya village under Kotwali police station limits on Tuesday evening, November 10.