

അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആദ്യ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി നടൻ രൺബീർ കപൂർ. അതിനായുള്ള തിരക്കഥാ രചന ആരംഭിച്ചെന്നും അഭിനയത്തിലെ അവസാന പത്ത് വർഷങ്ങളായിരിക്കും ഇനി വരാനിരിക്കുന്നതെന്ന സൂചനയും രൺബീർ കൂട്ടിച്ചേർത്തു. രാമായണ' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് രൺബീർ ഇക്കാര്യം പറഞ്ഞത്.
കുറച്ചുമാസങ്ങൾക്ക് മുമ്പാണ് ആദ്യ സംവിധാന സംരംഭത്തിനായുള്ള തിരക്കഥ എഴുതിത്തുടങ്ങിയത്. ഒരു കഥ സൃഷ്ടിക്കുക എന്നത് വിചാരിച്ചതിലും പ്രയാസകരമാണെന്നും ഇതോടെ എഴുത്തുകാരോടും സിനിമയുടെ സൃഷ്ടിപ്രക്രിയയിൽ പങ്കാളികളാകുന്നവരോടുമുള്ള ബഹുമാനം വർധിച്ചെന്നും താരം പറഞ്ഞു. ഒരു സംവിധായകന് തന്റെ ആശയം നിരവധി ആളുകളിലൂടെ സിനിമയായി അവതരിപ്പിക്കാൻ കഴിയുന്നതാണ് ഏറ്റവും ആവേശകരമായ കാര്യമെന്നും രൺബീർ കൂട്ടിച്ചേർത്തു.
ആദ്യ ചിത്രത്തിന്റെ ജോണർ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഫീൽ ഗുഡ് സിനിമകളോടാണ് താൽപര്യമെന്ന് രൺബീർ വ്യക്തമാക്കി. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’, ‘ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്’, രാജ്കുമാർ ഹിറാനിയുടെ സിനിമകൾ എന്നിവയാണ് തന്റെ ഇഷ്ടചിത്രങ്ങളെന്നും അവയുടെ സ്വഭാവത്തിലുള്ള ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമ ഒരുക്കാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു. വർഷത്തിൽ 100 മുതൽ 125 ദിവസം വരെയാണ് താൻ അഭിനയത്തിനായി മാറ്റിവെക്കുന്നതെന്നും ബാക്കിയുള്ള സമയം കഥകൾ എഴുതാനും മറ്റ് കാര്യങ്ങൾക്കുമായി ഉപയോഗിക്കാനാകുമെന്നും രൺബീർ പറഞ്ഞു.
ആദ്യം നിലവിലുള്ള സിനിമാ പ്രതിബദ്ധതകൾ പൂർത്തിയാക്കാനാണ് ലക്ഷ്യം. ‘ബ്രഹ്മാസ്ത്ര 2’, ‘ആനിമൽ പാർക്ക്’, ‘രാമായണ പാർട്ട് 2’ തുടങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം സംവിധാന സംരംഭവുമായി മുന്നോട്ടുപോകാനാണ് പദ്ധതിയെന്നും രൺബീർ വെളിപ്പെടുത്തി. അതേസമയം, സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ‘ലവ് ആൻഡ് വാർ’ ആണ് രൺബീറിന്റെ വരാനിരിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്ന്. ആലിയ ഭട്ടും വിക്കി കൗശലും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Content Highlights: Ranbir Kapoor plans directorial debut within 2-3 years, calls this his 'last decade as an actor'