

തമിഴ് സൂപ്പർതാരം വിജയ്‌യുടെ മകൻ ജെയ്സൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'സിഗ്മ'. ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 90-കളുടെ തുടക്കത്തിൽ തമിഴ് സിനിമയിൽ തിളങ്ങിനിന്ന വിജയ്‌യുടെ അതേ രൂപമാണ് ജെസണെന്ന് ചിരഞ്ജീവി പറയുന്നു. ജേസണിന്റെ ക്രിയേറ്റീവ് കഴിവുകൾക്ക് പിന്നിൽ വിജയ്‌യേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ മുത്തശ്ശനും മുത്തശ്ശിയുമാണെന്നും ചിരഞ്ജീവി പറഞ്ഞു.
'ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിക്കാൻ ജെസൺ വന്നപ്പോൾ ഞാൻ അവനോട് പറഞ്ഞു, 1993-95 കാലഘട്ടത്തിൽ നിന്റെ പിതാവ് എങ്ങനെയായിരുന്നുവോ അതുപോലെ തന്നെയാണ് നിന്നെ കാണാൻ. സംവിധാനത്തിന് പകരം എന്തുകൊണ്ട് നിനക്ക് അഭിനയിച്ചുകൂടാ എന്ന് ഞാൻ ചോദിച്ചു. എന്നാൽ, എഴുത്തിലും സംവിധാനത്തിലുമാണ് തനിക്ക് വർഷങ്ങളായി താല്പര്യമെന്നും, അതിൽത്തന്നെ മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും ജേസൺ മറുപടി നൽകി'. എന്നാൽ ജെസണിന്റെ ക്രിയേറ്റീവ് കഴിവുകൾക്ക് പിന്നിൽ വിജയ്‌യേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ മുത്തശ്ശനും മുത്തശ്ശിയുമാണെന്ന് ചിരഞ്ജീവി പറയുന്നു.
വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ, കഥാകൃത്തായ അമ്മ ശോഭ എന്നിവരിൽ നിന്നാണ് ജേസണിന് ഈ കഴിവ് പാരമ്പര്യമായി ലഭിച്ചത്. ചിരഞ്ജീവി അഭിനയിച്ച 'ചട്ടനികി കല്ലു ലേവു', 'ദേവാന്തകുഡു' തുടങ്ങിയ ജനപ്രിയ തെലുങ്ക് ചിത്രങ്ങൾ സംവിധാനം ചെയ്തത് ചന്ദ്രശേഖറായിരുന്നു; ഇവയുടെ കഥ എഴുതിയത് ശോഭയും. "മുത്തശ്ശനും പിതാവും സിനിമയിൽ വലിയ ഉയരങ്ങൾ കീഴടക്കിയവരാണ്. ജേസൺ സഞ്ജയ്‌യും തന്റെ ആദ്യ ചിത്രമായ 'സിഗ്മ'യിലൂടെ ആ വിജയം ആവർത്തിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു," ചിരഞ്ജീവി കൂട്ടിച്ചേർത്തു.
സന്ദീപ് കിഷൻ നായകനാകുന്ന 'സിഗ്മ' ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തും. സംവിധായകനായി ജെസൺ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികളും വിജയ് ആരാധകരും കാത്തിരിക്കുന്നത്. തമന്‍ എസ് സംഗീതം നൽകുന്ന ചിത്രമാണ് 'സിഗ്‍മ'. ജി കെ എം തമിഴ് കുമരനാണ് സിഗ്മയുടെ നിര്‍മ്മാതാവ്. തമിഴ്നാട്ടിലും തായ്ലന്‍ഡിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അന്‍പു ദാസന്‍, യോഗ് ജാപി, മഹാലക്ഷ്‍മി, ഷീല രാജ്‍കുമാര്‍, കമലേഷ്, കിരണ്‍ കൊണ്ഡ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Chiranjeevi speaks about Jason Sanjay, highlighting his resemblance to actor Vijay while noting that Jason Sanjay aims to build a career in filmmaking and direction. He discusses Jason's interest in directing rather than following the acting path associated with his father.