മുണ്ടംവേലി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിവാസികൾക്കെതിരായ പരാമർശം പിൻവലിച്ച് K J മാക്‌സി; മാപ്പ് പറയണമെന്ന് ആവശ്യം

മാപ്പ് പറഞ്ഞില്ലെങ്കില്‍ കെ ജെ മാക്‌സി രാഷ്ട്രീയ വനവാസത്തിന് പോകണമെന്ന് ഫ്ളാറ്റ് നിവാസികൾ

മുണ്ടംവേലി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിവാസികൾക്കെതിരായ പരാമർശം പിൻവലിച്ച് K J മാക്‌സി; മാപ്പ് പറയണമെന്ന് ആവശ്യം
dot image

കൊച്ചി: മുണ്ടംവേലി ലൈഫ് മിഷന്‍ ഫ്‌ളാറ്റിലെ താമസക്കാര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് മുന്‍ എംഎല്‍എ കെ ജെ മാക്‌സി. പരാമര്‍ശം ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ലെന്ന് കെ ജെ മാക്‌സി പറഞ്ഞു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും കെ ജെ മാക്‌സി പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു കെ ജെ മാക്‌സിയുടെ പ്രതികരണം. ഒന്നുമില്ലാത്തവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാം ചെയ്തുവെന്നും സര്‍ക്കാര്‍ മാറിയപ്പോള്‍ താമസക്കാരുടെ അഭിപ്രായം മാറിയെന്നുമായിരുന്നു കെ ജെ മാക്‌സി നേരത്തേ പറഞ്ഞത്. ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു.

മുണ്ടംവേലിയിലെ ഫ്‌ളാറ്റ് നിവാസികളുടെ ജീവിതം സുരക്ഷിതമാക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് റിപ്പോർട്ടറിനോട് പ്രതികരിക്കവെ പറഞ്ഞു. ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കണം. പൊളിക്കണമെങ്കില്‍ പൊളിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയാണ് വേണ്ടതെങ്കില്‍ അതും ചെയ്യണം. ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടത് വിദഗ്ധ സമിതിയാണ്. ഫ്‌ളാറ്റ് പണിയുടെ ഘട്ടത്തില്‍ മദ്രാസ് ഐഐടിയുടെ സാന്നിധ്യമുണ്ടായിരുന്നു. അപാകതകള്‍ക്ക് കാരണം ഒരു പക്ഷേ മദ്രാസ് ഐഐടിക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിച്ചേക്കും. സര്‍ക്കാര്‍ അക്കാര്യങ്ങള്‍ പരിശോധിക്കണം. ഫ്‌ളാറ്റില്‍ താമസിക്കുന്ന 82 കുടുംബങ്ങളേയും സംരക്ഷിക്കണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളത്. ഫ്‌ളാറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചുവെന്നും കെ ജെ മാക്‌സി പറഞ്ഞു.

അതേസമയം കെ ജെ മാക്‌സി മാപ്പ് പറയണമെന്ന് ഫ്‌ളാറ്റ് നിവാസിയായ അഭിലാഷ് പറഞ്ഞു. ഫ്‌ളാറ്റില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അഭിലാഷ് പറഞ്ഞു. കെ ജെ മാക്‌സിയുടെ പ്രസ്താവന ഏറെ വേദനിപ്പിച്ചു. പ്രസ്താവന പിന്‍വലിച്ചു എന്ന് മാത്രം പറഞ്ഞാല്‍ പോര. മാപ്പ് പറയണം. കെ ജെ മാക്‌സി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിപിഐഎം ജില്ലാ നേതൃത്വം മാപ്പ് പറയാന്‍ തയ്യാറാകണം. മാപ്പ് പറഞ്ഞില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകും. അദ്ദേഹം ജനപ്രതിനിധിയായിരുന്ന ആളായിരുന്നു. മാപ്പ് പറഞ്ഞില്ലെങ്കില്‍ കെ ജെ മാക്‌സി രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും അഭിലാഷ് പറഞ്ഞു. കെ ജെ മാക്‌സിയുടെ പരാമര്‍ശം വേദനിപ്പിച്ചെന്നും മാപ്പ് പറയണമെന്നും മറ്റ് ഫ്‌ളാറ്റ് നിവാസികളും പറഞ്ഞു. ഫ്‌ളാറ്റ് വാസയോഗ്യമല്ല. പട്ടയം നല്‍കി മറ്റൊരു സ്ഥലത്തേക്ക് പുനരധിവസിപ്പിക്കണം എന്നതാണ് തങ്ങളുടെ ആവശ്യം. ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തണമെന്നും ഫ്‌ളാറ്റ് നിവാസികള്‍ ആവശ്യപ്പെട്ടു.

മുണ്ടംവേലിയിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചുനീക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു കെ ജെ മാക്‌സിയുടെ പരാമര്‍ശം. 'വളരെ മോശം സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഒന്നുമില്ലാത്തവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാം ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ താമസക്കാരുടെ അഭിപ്രായവും മാറി. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കട്ടെ. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്', എന്നായിരുന്നു മാക്‌സി പറഞ്ഞത്.

കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പണികള്‍ ആരംഭിച്ചതെന്നും മാക്‌സി പറഞ്ഞിരുന്നു. പിന്നീട് അപാകതകള്‍ കണ്ടെത്തിയപ്പോള്‍ തന്നെ അത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഫ്‌ളാറ്റ് സമുച്ചയം പൊളിക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണ്. ഫ്ളാറ്റിലെ പ്രശ്‌നങ്ങള്‍ അറ്റകുറ്റപ്പണികളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂവെന്നും മാക്‌സി പറഞ്ഞിരുന്നു. ഇതിനെതിരെ മുഹമ്മദ് ഷിയാസ് എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Content Highlights- K J Maxi withdrew his remarks concerning residents of the Life Mission flats in Mundamveli. Following the withdrawal, there were demands that he apologize for the comments. 

dot image
To advertise here,contact us
dot image