

കോഴിക്കോട്: ആഢംബര കാര്‍ വിവാദത്തില്‍ മന്ത്രി കെ എം ഷാജി നാളെ മാധ്യമങ്ങളെ കാണും. മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് വിഷയത്തില്‍ മന്ത്രി വിശദീകരണം നല്‍കുന്നത്. നാളെ യൂറോപ്യന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന മന്ത്രി കോഴിക്കോട് വെച്ചാകും വാര്‍ത്താ സമ്മേളനം നടത്തുക. റേഞ്ച് റോവറിലെ കറക്കവും വിദേശയാത്രയും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആഢംബര കാര്‍ ഉപയോഗത്തെ ന്യായീകരിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ലീഗ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
മന്ത്രി വിദേശത്തേക്ക് പോയതിന് പിന്നാലെയാണ് ആഢംബര കാര്‍ ഉപയോഗം വിവാദമായത്. തുടര്‍ന്ന് മന്ത്രിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ കനക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം നല്‍കാനുള്ള തീരുമാനം. ആഢംബര വാഹന ഉപയോഗം പ്രതിപക്ഷം ആയുധമാക്കിയതിനപ്പുറം പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തി ഉയര്‍ന്നുവന്നു. പ്രത്യേകിച്ച് റേഞ്ച് റോവര്‍ പോലൊരു വാഹനം ഉപയോഗിച്ചത് ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കി. ഇത്തരത്തിലുള്ള ധൂര്‍ത്തും, ദാര്‍ഷ്ട്യം കലര്‍ന്ന പ്രതികരണവും അവമതിപ്പ് ഉണ്ടാക്കി. ഇത് ഭാവിയില്‍ തിരിച്ചടിയാവുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതിനാല്‍ കൃത്യമായി മറുപടി നല്‍കണമെന്ന ലീഗ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് മന്ത്രി വിശദീകരണം നല്‍കാന്‍ ഒരുങ്ങുന്നത്.
ആഢംബര കാര്‍ ഉപയോഗത്തില്‍ ഫേസ്ബുക്കിലൂടെ മന്ത്രി നടത്തിയ പ്രതികരണം ബാലിശമാണെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇത്തരം പ്രതികരണങ്ങള്‍. മന്ത്രിക്ക് റേഞ്ച് റോവറുള്ള സുഹൃത്തുക്കള്‍ മാത്രമേയുള്ളോ ഇന്നോവയുള്ള സുഹൃത്തുക്കളില്ലേ തുടങ്ങിയ ചോദ്യങ്ങളും പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ നിലവിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള നീക്കമാകും മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുക എന്നാണ് വിവരം. തെറ്റുപറ്റിയെന്ന രീതിയിലുള്ള വിശദീകരണം മന്ത്രി നല്‍കാനുള്ള സാധ്യതയാണ് പ്രതീക്ഷിക്കുന്നത്. വിദേശയാത്രയ്ക്കിടെ മന്ത്രിയെ സ്വീകരിക്കാനെത്തിയവരുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും മന്ത്രി വിശദീകരണം നല്‍കുമെന്നാണ് വിവരം.
Content Highlights: KM Shaji is set to meet the media regarding the ongoing controversy surrounding a luxury car. The move reportedly follows a direction from the Muslim Leagu