

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ല എന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പിഎസ്‌സി അംഗങ്ങള്‍. എന്നാല്‍ നേരിട്ട് ഹാജരാകണമെന്നാണ് എസ്‌ഐടി നിര്‍ദേശം. പിഎസ്‌സി അംഗങ്ങള്‍ക്കു മാത്രമായി പ്രത്യേക പരിരക്ഷയില്ലെന്നും ക്രൈംബ്രാഞ്ച് മുന്നറിയിപ്പ് നല്‍കി. ചോദ്യം ചെയ്യലില്‍ സര്‍ക്കാര്‍ നിലപാടും നിര്‍ണായകമാകും.
പിഎസ്‌സി അംഗങ്ങള്‍ക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ഇന്നലെ എസ്ഐടി നോട്ടീസ് നല്‍കിയിരുന്നു. ക്രമക്കേടില്‍ ഉന്നത തല ഇടപെടല്‍ നടന്നു എന്ന് തന്നെയാണ് എസ്‌ഐടി കണ്ടെത്തല്‍. പിന്നാലെയാണ് പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളേയും ചോദ്യം ചെയ്യാന്‍ എസ്‌ഐടി തീരുമാനിച്ചത്. എന്നാല്‍ പ്രോട്ടോക്കോള്‍ ഉയര്‍ത്തിക്കാട്ടിയാണ് അംഗങ്ങള്‍ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന് വ്യക്തമാക്കിയത്. എന്നാല്‍ പിഎസ്‌സി ആസ്ഥാനത്ത് ഏത് സമയവും എവിടെ വെച്ചും മൊഴി നല്‍കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചിരുന്നു. അതേസമയം ഇനി നോട്ടീസ് നല്‍കുന്ന അംഗങ്ങള്‍ ഉള്‍പ്പടെ ക്രൈംബ്രാഞ്ച് ഓഫീസില്‍ തന്നെ ഹാജരാകണമെന്നാണ് എസ്‌ഐടി നിലപാട്. എന്നാല്‍ അംഗങ്ങള്‍ ഹാജരാകാതിരുന്നാല്‍ അന്വേഷണം നീളുന്ന സാഹചര്യമുണ്ടാകും. കേസില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശ എസ്‌ഐടി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടും ഇതില്‍ നിര്‍ണായകമാകും.
പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ നിയമനം പുനഃപരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് സര്‍ക്കാരിനോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് എസ്ഐടി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. മൂല്യനിര്‍ണയം അപൂര്‍ണമായിരുന്നതില്‍ നിയമനം പുനഃപരിശോധിക്കണം എന്നായിരുന്നു ആവശ്യം. ഇന്‍ഡസ്ട്രി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിഭാഗത്തിലേക്കാണ് നിയമനം നല്‍കിയത്. അരുണ്‍ പ്രതാപ്, സജി മോന്‍ എന്നിവരെയാണ് തസ്തികയില്‍ നിയമിച്ചിരുന്നത്.
ഈ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് മൂല്യ നിര്‍ണയം നടത്തിയിട്ടില്ല എന്നായിരുന്നു കണ്ടെത്തല്‍. അതിനാല്‍ തന്നെ നിയമനം സംശയാസ്പദമാണ് എന്ന് നേരത്തെ തന്നെ എസ്ഐടി വ്യക്തമാക്കിയിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല അച്ചടക്ക നടപടി സ്വീകരിക്കാന്‍ നേരത്തെ തന്നെ എസ്ഐടി കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ചെയര്‍മാന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് എസ്ഐടി കടന്നത്.
Content Highlights: A dispute has reportedly emerged over the questioning of Kerala PSC members in the exam irregularities case. The members have maintained that they will not appear at the Crime Branch headquarters, citing protocol, but are willing to provide statements at the PSC office. The SIT has insisted that members appear at the Crime Branch office and warned that there is no special exemption for PSC members. The government’s position could also influence the next steps in the investigation.