

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികൾ ഏറെ ആവേശത്തോടെ കേൾക്കുന്നത് വരാനിരിക്കുന്ന ഒരു സിനിമയെ കുറിച്ചുള്ള വാർത്തയായിരുന്നു. ദിലീഷ് പോത്തനും മോഹൻലാലും ആദ്യമായി ഒന്നിക്കാൻ പോകുന്ന എന്ന വാർത്ത സിനിമാപ്രേമികൾക്ക് വലിയ സന്തോഷമായിരുന്നു സമ്മാനിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരിക്കുകയാണ്.
മോഹൻലാലാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ സിനിമ പ്രഖ്യാപിച്ചത്. നെടുങ്കണ്ടം മിറാക്കിൾ എന്നാണ് ചിത്രത്തിന്റെ പേര്. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ജോൺ ആന്റ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോണാണ്. മലൈക്കോട്ടെ വാലിബന്റെ നിർമാതാക്കളായിരുന്നു ജോൺ ആന്റ് മേരി ക്രിയേറ്റീവ്. ചിത്രത്തിന്റെ വിതരണം നിർവഹിക്കുക ഭാവന റിലീസ് ആയിരിക്കും.
ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്കരനും പോൾസൺ സ്കറിയയും ചേർന്നാണ്. ചിത്രത്തിനായി ഷൈജു ഖാലിദ് ക്യാമറ ചലിപ്പിക്കുമ്പോൾ സംഗീതസംവിധാനം നിർവഹിക്കുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിങ്ങിനായി അണിനിരക്കുന്നത് സൈജു ശ്രീധരനാണ്. പ്രൊഡക്ഷൻ ഡിസൈനറായി അജയൻ ചാലിശ്ശേരിയും മേക്കപ്പിനായി റോണക്സ് സേവ്യറും ചിത്രത്തിന്റെ ക്രൂവിലുണ്ട്. യെല്ലോടൂത്ത്സാണ് പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നത്.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നെടുങ്കണ്ടം മിറാക്കിളിൽ ഉള്ളത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ തന്നെ ആരംഭിക്കും.
Content Highlights: Dileesh Pothen's new movie with Mohanlal is announced, Nedumkandam Miracle is the name