

പുഷ്പ, ഗീത ഗോവിന്ദം തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് രശ്മിക മന്ദാന. 'നാഷ്ണൽ ക്രഷ്' എന്നാണ് നടി രശ്മിക മന്ദാനയെ ആരാധകർ വിളിക്കുന്നത്. അടുത്തിടെയായിരുന്നു നടൻ വിജയ് ദേവരകൊണ്ടയുമായുള്ള രശ്മികയുടെ വിവാഹം. വലിയ ആഘോഷത്തോടെയാണ് വിവാഹചടങ്ങുകൾ നടന്നത്. എന്നാൽ ഇപ്പോഴിതാ ഒരു പരസ്യത്തെച്ചൊല്ലി രശ്മികയ്ക്ക് നേരെ വിമർശനങ്ങൾ ഉയരുകയാണ്.

മുൻപ് രശ്മിക നൽകിയ ഒരഭിമുഖവും അതിന് ശേഷം നടി അഭിനയിച്ച ഒരു പരസ്യവുമാണ് വിവാദത്തിന് കാരണമായി മാറിയിരിക്കുന്നത്. വെജിറ്റേറിയൻ ആണ് താൻ എന്ന് മുൻപ് പറഞ്ഞ നടി ഇപ്പോൾ ഒരു ഫ്രൈഡ് ചിക്കന്റെ പരസ്യത്തിൽ അഭിനയിച്ചതാണ് വിമർശനം ലഭിക്കാനുള്ള കാരണം. 'ഞാനിപ്പോൾ ഒരു വെജിറ്റേറിയനായി മാറി. ദിവസവും വർക്കൗട്ട് ചെയ്യുന്നുണ്ട്. എന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ എനിക്കിപ്പോൾ വലിയ ശ്രദ്ധയാണ്', എന്നായിരുന്നു പിങ്ക്വില്ലയ്ക്ക് നൽകിയ ഒരഭിമുഖത്തിൽ രശ്മിക പറഞ്ഞത്. കോടികൾ പ്രതിഫലം കിട്ടുമ്പോൾ മുൻപ് പറഞ്ഞതെല്ലാം മറക്കുകയാണെന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
സെലിബ്രിറ്റികൾ പലപ്പോഴും തങ്ങൾ വ്യക്തിപരമായി ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാറുണ്ട് എന്ന് ചിലർ നടിക്ക് അനുകൂലമായും എത്തിയിട്ടുണ്ട്. രശ്മികയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ദി ഗേൾഫ്രണ്ട് ആണ് അവസാനം തിയേറ്ററിലെത്തിയ നടിയുടെ ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് രശ്മികയ്ക്ക് മികച്ച നടിക്കുള്ള തെലങ്കാന സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു.ചി ലാ സൗ, മൻമധുഡു 2 എന്നെ സിനിമകൾക്ക് ശേഷം രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് ദി ഗേൾഫ്രണ്ട്. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ദീക്ഷിത് ഷെട്ടി, റാവു രമേശ്, രോഹിണി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. കൃഷ്ണൻ വസന്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ഹിഷാം അബ്ദുൾ വഹാബ് ആണ് നിർവഹിക്കുന്നത്.
Content Highlights: Rashmika Mandanna is facing online criticism after featuring in a fried chicken advertisement, with users pointing out a perceived contradiction with her earlier statements about being vegetarian. The discussion has sparked debate on celebrity endorsements and personal lifestyle choices in advertising.