

രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'പെദ്ധി'. ബുച്ചി ബാബു സന സംവിധാനം ചെയ്ത സിനിമയ്ക്ക് ഭേദപ്പെട്ട അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. എന്നാൽ ചിത്രത്തിലെ നടി ജാൻവി കപൂറിന്റെ കഥാപാത്രരൂപീകരണവുമായി ബന്ധപ്പെട്ടു വലിയ വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇപ്പോഴിതാ ജാൻവി കപൂറിന് പിന്തുണയുമായി എത്തുകയാണ് നടി മധുബാല. പെദ്ധിയുടെ കാര്യത്തിൽ എന്താണ് ഉണ്ടായതെന്ന് അറിയില്ലെന്ന് പറഞ്ഞ മധു, പലപ്പോഴും നടിമാർ എങ്ങനെയാണ് ചിത്രീകരിക്കപ്പെടുന്നത് എന്നതിൽ തങ്ങൾക്ക് പൂർണമായി അറിവുണ്ടാവാറില്ലെന്നും വ്യക്തമാക്കി.
ചിത്രങ്ങളിൽ സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്ന രീതിയിൽ നടിമാർക്ക് ഉത്തരവാദിത്തമുണ്ടോയെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു മധുബാല. 'ഞങ്ങൾ നൃത്തംചെയ്യും. അത് മനോഹരമായും ലൈംഗികവത്കരിച്ചും കാണിക്കാം. അതെല്ലാം ക്യാമറ ആംഗിളിനെ ആശ്രയിച്ചിരിക്കും. ചിലപ്പോൾ നടിമാർക്ക് അക്കാര്യത്തിൽ അറിവുണ്ടാവില്ല. എന്നാൽ, നിങ്ങൾക്ക് അക്കാര്യത്തിൽ ബോധ്യമുണ്ടാവുകയും അതിൽ വിയോജിപ്പുമുണ്ടെങ്കിൽ, ഇത് ശരിയല്ല ഞാൻ ചെയ്യില്ല എന്ന് പറയാൻ സാധിക്കണം', മധുബാല പറഞ്ഞു. നടി എന്ന നിലയിൽ ജാൻവിയെ ഇഷ്ടമാണെന്നും അവർ നല്ലൊരു നർത്തകിയാണെന്നും ഓരോ സിനിമ കഴിയുന്തോറും അവർ വളരുകയാണെന്നും മധുബാല കൂട്ടിച്ചേർത്തു.
ചിത്രത്തിലെ ജാൻവിയുടെയും റാം ചരണിന്റെയും പ്രണയരംഗങ്ങൾക്കെതിരെ കനത്ത വിമർശനമാണ് ഉയർന്നത്. പ്രേക്ഷകരിൽ നിന്ന് ഇത്തരമൊരു പ്രതികരണം താൻ പ്രതീക്ഷിച്ചില്ലെന്ന് സംവിധായകൻ ബുച്ചി ബാബു സന പിന്നീട് സമ്മതിച്ചിരുന്നു. റാം ചരണിന്റെയും ജാൻവിയുടെയും കഥാപാത്രങ്ങൾക്കിടയിലെ മനോഹരമായ ഒരു പ്രണയമാണ് താൻ ഉദ്ദേശിച്ചതെന്നും, എന്നാൽ ചില ദൃശ്യങ്ങൾ തെറ്റിദ്ധാരണാജനകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 'പെദ്ധി' രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.
Content Highlights: Madhubala has shared her views on technical awareness in filmmaking, stating that not all actors may be fully aware of camera angles and framing. She also emphasized that performers should have the freedom to express disagreement when they feel uncomfortable or uncertain about certain aspects during shooting, sparking discussion in film circles.