'എന്നെവച്ച് ഒരു സിനിമ ചെയ്യണമെന്ന് പറയുമായിരുന്നു, ആ സ്വപ്‌നം ബാക്കിയായി'; ഭാരതിരാജയുടെ വിയോഗത്തിൽ ഖുശ്ബു

ഒരു ഇരുണ്ട മേഘം പോലെയാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും ഖുശ്ബു കുറിച്ചു

'എന്നെവച്ച് ഒരു സിനിമ ചെയ്യണമെന്ന് പറയുമായിരുന്നു, ആ സ്വപ്‌നം ബാക്കിയായി'; ഭാരതിരാജയുടെ വിയോഗത്തിൽ ഖുശ്ബു
dot image

സംവിധായകന്‍ ഭാരതിരാജക്ക് അനുശോചനം അറിയിച്ച് നടി ഖുശ്ബു. തമിഴ് സിനിമയില്‍ ഒരു ഇരുണ്ട മേഘം പോലെയാണ് അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ സിനിമകള്‍ സിനിമാ നിര്‍മാണത്തിന്റെ ബെഞ്ച് മാര്‍ക്കുകളാണെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'ആദരണീയനായ സംവിധായകന്‍, ഇതിഹാസം ഭാരതിരാജ ഇനി നമ്മോടൊപ്പമില്ലെന്ന് അറിയുമ്പോള്‍ അതീവ ദുഃഖമുണ്ട്. തമിഴ് സിനിമയില്‍ ഒരു ഇരുണ്ട മേഘം പോലെയാണ് അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ സിനിമകള്‍ സിനിമാ നിര്‍മാണത്തിന്റെ ബെഞ്ച് മാര്‍ക്കുകളാണ്.

അവ തുടര്‍ന്നും നിലനില്‍ക്കും. എല്ലാ സിനിമാ പ്രേമികള്‍ക്കുമായി വലിയൊരു പാരമ്പര്യം ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങുന്നത്. എന്നെവച്ച് ഒരു സിനിമ ചെയ്യാം എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അത് നടക്കാത്ത ഒരു സ്വപ്നമായി തന്നെ തുടരും. നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും സര്‍'. - ഖുശ്ബു കുറിച്ചു.

ഗ്രാമീണ കഥകള്‍ക്ക് പുനര്‍നിര്‍വചനം നല്‍കുകയും നിരവധി താരങ്ങളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ്‌സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരില്‍ ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്. 1941 ജൂലൈ പതിനേഴിനായിരുന്നു ഭാരതിരാജയുടെ ജനനം. രജനികാന്തിനെയും കമല്‍ഹാസനെയും കേന്ദ്രകഥാപാത്രമാക്കി 1977ല്‍ പതിനാറ് വയതിനിലെ എന്ന ചിത്രമൊരുക്കി ഭാരതിരാജ സംവിധാന രംഗത്ത് തുടക്കം കുറിച്ചു. ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നതും ഭാരതിരാജയായിരുന്നു. ആദ്യ സിനിമയില്‍ തന്നെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ഭാരതിരാജ സ്വന്തമാക്കി.

തൊട്ടടുത്ത വര്‍ഷം കിഴക്കേ പോകും റെയില്‍ എന്ന ചിത്രമായിരുന്നു അദ്ദേഹം ഒരുക്കിയത്. അതേ വര്‍ഷം തന്നെ സിഗപ്പ് റോജാക്കള്‍ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. പുതിയ വാര്‍പ്പുകള്‍, സിറം മാറാത്ത പൂക്കള്‍, റെഡ് റോസ്, നിഴല്‍ഗള്‍, അലൈകള്‍ ഒയ്വതല്ലൈ, സീതകോക്കചിലുക, ടിക് ടിക് ടിക്, കാതല്‍ ഓവിയം, വാലിബമേ വാ വാ, മന്‍ വാസനൈ, പുതുമൈ പെണ്ണ്, കിഴക്ക് ചീമയിലെ തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇരുപത്തിയൊന്നോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ തുടരും എന്ന ചിത്രത്തില്‍ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തില്‍ ഭാരതിരാജ എത്തിയിരുന്നു. ആറ് തവണ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചു. 2013ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights: Khushbu mourns the death of Bharathiraja

dot image
To advertise here,contact us
dot image