

ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള ദക്ഷിണകൊറിയൻ പോപ്പ് ബാൻഡ് ആണ് ബി ടി എസ്. കേരളത്തിലും ബിടിഎസ്സിന്റെ ആരാധകർ ഏറെയാണ്. മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങിയവർ എല്ലാം തന്നെ വ്ലോഗ്ഗിങ്ങുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ലൂക്ക എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് ചുവടുവെച്ച ഹൻസിക നസ്ലിന്റെ നായികയായി അമൽ നീരദിന്റെ സിനിമ ബാച്ച്‌ലർ പാര്‍ട്ടി 2വിൽ അഭിനയിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇപ്പോഴിതാ ഹൻസികയ്ക്ക് ബിടിഎസ്സിനോടുള്ള ആരാധനയെക്കുറിച്ച് അഹാന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരിടയ്ക്ക് കൊറിയയിൽ നിന്നും ബോയ്ഫ്രണ്ട് വേണമെന്ന് വരെ ഹൻസിക പറയുമായിരുന്നുവെന്ന് അഹാന പറയുന്നു. ഒർജിനൽസിന് നൽകിയ അഭിമുഖത്തിലായിരുന്നു അഹാനയുടെ പ്രതികരണം.
'ബിടിഎസ്സിന്റെ ആരാധികയാണ് ഹൻസികയും ഇഷാനിയും അമ്മയും. ഇവർ കാരണമാണ് അമ്മയും അവരുടെ വീഡിയോകൾ കണ്ട് തുടങ്ങിയത്. എനിക്ക് അവരെ എല്ലാം ഒരുപോലെയാണ് തോന്നാറുള്ളത്. പക്ഷെ ഹൻസുവിനേയും ഇഷാനിയേയും പോലെ അമ്മയ്ക്കും ബിടിഎസ്സിലെ എല്ലാ മെമ്പേഴ്സിനേയും കൃത്യമായി അറിയാം. ഹൻസുവിന് മുമ്പ് കൊറിയയിൽ നിന്ന് ഒരു ലൈഫ് പാട്നറെ കണ്ടുപിടിക്കണമെന്നായിരുന്നു ആഗ്രഹം.
ഒരിടയ്ക്ക് അവൾ തീരുമാനിച്ചിരുന്നു തനിക്ക് ബിടിഎസിലെ ഒരു കൊറിയൻ ബോയ്ഫ്രണ്ട് മതിയെന്ന്. എന്തിന് എന്റെ അമ്മയ്ക്ക് പോലും ഒരു കൊറിയൻ മരുമകൻ വേണമെന്ന് ആഗ്രഹം വരെ വന്ന് തുടങ്ങി. ഹൻസുവിനോട് അമ്മ പറയുമായിരുന്നു കൊറിയയിലൊക്കെ പോകാൻ." അഹാന പറയുന്നു. ഇതൊക്കെ പണ്ടുള്ള തന്റെ ആഗ്രഹങ്ങളായിരുന്നു എന്നായിരുന്നു ഹൻസികയുടെ മറുപടി. ഇപ്പോൾ അങ്ങനൊന്നുമില്ല. പിന്നെ നമുക്ക് ചേർന്ന ജീവിത പങ്കാളി ആരാണെന്ന് നമുക്ക് ഇപ്പോൾ അറിയില്ലല്ലോ. തീരുമാനിക്കാനും പറ്റില്ലല്ലോ. എന്നെങ്കിലും ആരെങ്കിലും വരുമായിരിക്കും. നല്ല വ്യക്തിത്വവും ഹൃദയവും ഉള്ള നല്ലൊരാൾ പങ്കാളിയായി വരണമെന്ന് മാത്രമെ ആഗ്രഹമുള്ളു എന്നും ഹൻസിക പറഞ്ഞു.
Content Highlights: Ahana Krishna recently shared an amusing anecdote involving Hansika, saying that she once mentioned wanting a Korean boyfriend. The light-hearted revelation quickly caught the attention of fans online, with many reacting humorously to the comment.