

സെൻസർ ബോർഡ് നിബന്ധനകളെക്കുറിച്ച് മനസുതുറന്ന് നടൻ ജഗദീഷ്. കാട്ടാളൻ എന്ന സിനിമയ്ക്കായി സെൻസർ ബോർഡുമായി തങ്ങൾ ഒരു യുദ്ധത്തിന് ഇല്ലെന്ന് ജഗദീഷ് പറഞ്ഞു. വയലൻസ് കുറച്ച് കാട്ടാളനെ ഒരു ആക്ഷൻ ചിത്രമാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാട്ടാളൻ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു റിപ്പോർട്ടർ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു താരം.
'കാട്ടാളന്റെ കാര്യത്തിൽ ഞങ്ങൾ ഒരുകാലത്തും സെൻസർ ബോർഡുമായി ഒരു യുദ്ധത്തിനില്ല. അവർ ചെയ്യുന്നത് ന്യായം തന്നെയാണ്. അവരുടെ നിയമങ്ങൾ അനുസരിച്ചാണ് അവർ കാര്യങ്ങൾ ചെയ്യുന്നത്. ആ നിയമങ്ങൾ അനുസരിച്ച് മുന്നോട്ട് പോകാൻ വേണ്ടി ഞങ്ങൾ വയലൻസ് കുറച്ച് കാട്ടാളനെ ഒരു ആക്ഷൻ സിനിമയാക്കി മാറ്റിയിട്ടുണ്ട്. അതിന്റെ പരിഗണന അവർ തരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ', ജഗദീഷിന്റെ വാക്കുകൾ. 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാട്ടാളൻ. ഈദ് റിലീസായി മെയ് 28ന് ചിത്രമെത്തും.
'കെജിഎഫ്' ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ സിനിമകളിൽ തൻ്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ 'കാട്ടാളനി'ലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് കാടിൻ്റെ വന്യമായ ഈണവുമായുള്ള ട്രെയിലറിലെ മ്യൂസിക് നൽകുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
Content Highlights: We are not at war with the censor board, Kattalan was made according to their rules says Jagadish